

തിരുവനന്തപുരം: നിലമ്പൂരിൽ എൽ ഡി എഫുമായി ഇടഞ്ഞ് എം എൽ എ സ്ഥാനം രാജിവെച്ച് ഉപതെരഞ്ഞെടുപ്പിന് (Nilambur By Election) വഴിയൊരുക്കിയ പിവി അൻവർ യു ഡി എഫുമായി തെറ്റിയതിന് പിന്നിൽ അടുത്ത നിയമസഭ തെരഞ്ഞെടുപ്പിലെ സീറ്റിനെച്ചൊല്ലിയുള്ള തർക്കമെന്ന് സൂചന.
യുഡിഎഫ് സ്ഥാനാർത്ഥിയായി ആര്യാടൻ ഷൗക്കത്തിനെ തീരുമാനിച്ചതും തൃണമൂൽ കോൺഗ്രസിനെ യു ഡി എഫിൽ ഉൾപ്പെടുത്തുന്നതില്‍ ഉറപ്പു നല്‍കാത്തതും നിലമ്പൂർ തെരഞ്ഞെടുപ്പിൽ അൻവറിനെ പ്രകോപിപ്പിച്ചിരുന്നു. എന്നാൽ, ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ മറ്റൊരു ഉള്ളറക്കഥ കൂടി വ്യക്തമാക്കുന്നതാണ്.
2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് ലഭിക്കേണ്ട സീറ്റിനെച്ചൊല്ലിയായിരുന്നു അൻവറിന്റെ വിയോജിപ്പ്. “മുസ്ലിം ലീഗ് സീറ്റായ കൊടുവള്ളിയാണ് അൻവർ ആഗ്രഹിച്ചത്,” കെ പി സി സി ഭാരവാഹിയായ നേതാവ് പറഞ്ഞു. “എന്നാൽ, കോൺഗ്രസുമായുള്ള കാര്യങ്ങൾ ഒത്തുതീർപ്പാക്കാൻ അൻവറിനോട് ലീഗ് ആവശ്യപ്പെട്ടു. ഇത് ഒരിടത്തും എത്തില്ലെന്ന് ഞങ്ങൾക്ക് തോന്നി. ഒരു പാർട്ടി മുന്നണിയുടെ ഭാഗമാകുന്നതിന് മുമ്പ് തന്നെ സീറ്റ് വിഭജനം ചർച്ച ചെയ്യാനോ രേഖാമൂലം ഉറപ്പ് നൽകാനോ യു ഡി എഫിന് എങ്ങനെ കഴിയും?” അദ്ദേഹം ചോദിച്ചു.
എന്നാൽ, യുഡിഎഫിലെ ഉന്നത നേതാക്കളുടെ അഭിപ്രായത്തിൽ, സ്ഥിതി കൂടുതൽ വഷളാക്കിയത് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺ കുമാറിന്റെ ഇടപെടലാണ്. പ്രതിസന്ധി പരിഹരിക്കാൻ, കോഴിക്കോട് ജില്ലയിൽ നിന്ന് ഒരു നിയമസഭാ സീറ്റ് നൽകാനുള്ള സാധ്യത കോൺഗ്രസ് പരിഗണിക്കാമെന്ന് പ്രവീൺ അൻവറിനോട് പറഞ്ഞതായി റിപ്പോർട്ടുണ്ട്. “കെപിസിസിയുടെ സമ്മതമില്ലാതെ എടുത്ത നീക്കമായിരുന്നു ഇത്,” ഒരു മുതിർന്ന യുഡിഎഫ് നേതാവ് പറഞ്ഞു. “ഇത് നിർണായകമായി. ഒരു സീറ്റിനായി രേഖാമൂലമുള്ള ഉറപ്പിനായി അൻവർ വിലപേശൽ ആരംഭിച്ചു,” അദ്ദേഹം പറഞ്ഞു.
അതേസമയം, അൻവറിന്റെ ആരോപണങ്ങൾ കോൺഗ്രസ് നേതൃത്വം തള്ളിക്കളയുന്നു. കോഴിക്കോട്ട് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലുമായി നടത്താൻ നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച അട്ടിമറിച്ചത് പ്രതിപക്ഷ നേതാവ് വിഡി സതീശനാണെന്ന് അൻവർ ആരോപിച്ചിരുന്നു. വേണുഗോപാല്‍ ബന്ധപ്പെടാൻ ആവർത്തിച്ച് ശ്രമിച്ചിട്ടും അൻവർ പ്രതികരിച്ചില്ലെന്ന് കോൺഗ്രസുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു. “പല മുതിർന്ന നേതാക്കളും അൻവറുമായി ചർച്ചകൾ നടത്തി. എന്നാൽ, അദ്ദേഹം സ്വീകരിച്ച നിലപാടുകളിലെ പൊരുത്തക്കേട് ആ ചർച്ചകൾ മുന്നോട്ട് പോകുന്നതിനു തടസ്സമായി. അദ്ദേഹം യുഡിഎഫ് സ്ഥാനാർത്ഥിയെ കളങ്കപ്പെടുത്തുകയായിരുന്നു. നിലമ്പൂരിൽ മത്സരിക്കുകയോ വിജയിക്കാവുന്ന ഒരു സീറ്റ് നേടുകയോ ചെയ്യുക എന്നതാണ് അദ്ദേഹത്തിന്റെ യഥാർത്ഥ ഉദ്ദേശ്യമെന്ന് ഇത് വ്യക്തമാക്കി. അതിനാൽ, തൽക്കാലം ആ വാതിൽ അടയ്ക്കാൻ ഞങ്ങൾ തീരുമാനിച്ചു. യുഡിഎഫ് ചെയർമാനെ അൻവർ മോശമായി കൈകാര്യം ചെയ്യുമ്പോൾ അദ്ദേഹവുമായി ഒരു ഒത്തുതീർപ്പിനും സാധ്യതയില്ല, ”ഒരു കോൺഗ്രസ് നേതാവ് പറഞ്ഞു.
അതേസമയം, ഈ തർക്കങ്ങൾ മൂലം മത്സര രംഗത്ത് എൽഡിഎഫിനെതിരെ തുടക്കത്തിലുണ്ടായിരുന്ന മുൻതൂക്കം നഷ്ടപ്പെട്ടതായാണ് പല യുഡിഎഫ്, കോൺഗ്രസ് നേതാക്കളുടെയും അഭിപ്രായം. അൻവർ സംഭവം കോൺഗ്രസിന്റെ പ്രതിച്ഛായയെ മോശമായി ബാധിച്ചുവെന്നും അവർ ആശങ്കപ്പെടുന്നു. "സതീശനും നിലമ്പൂരിലെ പാർട്ടി ചുമതലയുള്ള എപി അനിൽ കുമാറും സ്വീകരിച്ച നിലപാട് ശരിയായിരുന്നു. അൻവറിന്റെ സമ്മർദ്ദത്തിന് അവർ വഴങ്ങിയില്ല," ഒരു കെപിസിസി ഭാരവാഹി പറഞ്ഞു.
അൻവറിനെ സംബന്ധിച്ച് വരാനിരിക്കുന്ന ദിവസങ്ങൾ രാഷ്ട്രീയ അതിജീവനത്തിന് നിർണായകമായിരിക്കും, ജീവിതത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധിയാണ് അദ്ദേഹം നേരിടുന്നത്. നേരത്തെ കോൺഗ്രസ് വിട്ടപ്പോൾ അൻവറിന് ഡി ഐ സി എന്ന പാർട്ടി, അതിന് ശേഷം, സി പി എം പിന്നീട് കെ പി സി സി പ്രസിഡന്റായിരുന്ന കെ. സുധാകരൻ എന്നിവരുടെ പിന്തുണ ഉണ്ടായിരുന്നു. ഇപ്പോൾ ആ സാഹചര്യമല്ല നിലവിലുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
