
മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ( Nilambur by election 2025) യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ പ്രചാരണത്തിനായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാഗാന്ധി ( Priyanka Gandhi ) എംപി എത്തും. വയനാട് എംപിയായ പ്രിയങ്കാഗാന്ധി ജൂണ്‍ 9,10,11 തീയതികളില്‍ മണ്ഡല പര്യടനത്തിനായി കേരളത്തിലെത്തുന്നുണ്ട്. ഈ ദിവസങ്ങളിലൊന്നില്‍ പ്രിയങ്ക നിലമ്പൂരെത്തി ഷൗക്കത്തിന്റെ പ്രചാരണത്തില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒരു ദിവസം പൂര്‍ണമായും പ്രിയങ്കാഗാന്ധി ആര്യാടന്‍ ഷൗക്കത്തിനു വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ സൂചിപ്പിക്കുന്നത്. വയനാട് ലോക്‌സഭ മണ്ഡലത്തിന്റെ ഭാഗമാണ് നിലമ്പൂര്‍ നിയമസഭാ മണ്ഡലം. പി വി അന്‍വര്‍ രാജിവെച്ചതിനെത്തുടര്‍ന്നാണ് നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
ജൂണ്‍ 19 നാണ് നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുക. 23 ന് വോട്ടെണ്ണല്‍ നടക്കും. യുഡിഎഫിന് വേണ്ടി ആര്യാടന്‍ ഷൗക്കത്തും, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി എം സ്വരാജും മത്സരിക്കുന്നു. ബിജെപി സ്ഥാനാര്‍ത്ഥിയായി അഡ്വ. മോഹന്‍ ജോര്‍ജും, സ്വതന്ത്രനായി പി വി അന്‍വറും മത്സരരംഗത്തുണ്ട്. എസ്ഡിപിഐ അടക്കം 14 സ്ഥാനാര്‍ത്ഥികളാണ് നിലമ്പൂരില്‍ മത്സരരംഗത്തുള്ളത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ