'ഇവിടെ ആളുണ്ട് കേട്ടോ'; ഭാരതാംബ ചിത്ര വിവാദത്തിന് പിന്നാലെ വി ഡി സതീശന്റെ പഴയ ചിത്രം കുത്തിപ്പൊക്കി സോഷ്യല്‍മീഡിയ

പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ രാജ്ഭവനില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ആര്‍എസ്എസിന്റെ കാവിക്കൊടി പിടിച്ച ഭാരതാംബയുടെ ചിത്രത്തിന് മുന്നില്‍ വിളക്ക് കൊളുത്താന്‍ കഴിയില്ലെന്ന നിലപാട് കൃഷി മന്ത്രി പി പ്രസാദ് സ്വീകരിക്കുകയും സര്‍ക്കാര്‍ പരിപാടിയുടെ വേദി മാറ്റുകയും ചെയ്തത് ഇന്ന് രാഷ്ട്രീയ കേരളത്തില്‍ ചര്‍ച്ചയായിരിക്കുകയാണ്
governor Rajendra Arlekar- V D Satheesan
ഭാരതാംബയുടെ ചിത്രത്തിനു മുന്നിൽ നിലവിളക്കു കൊളുത്തുന്ന ​ഗവർണറും വി ഡി സതീശനും ( V D Satheesan)ഫെയ്സ്ബുക്ക്
Updated on

തിരുവനന്തപുരം: പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ രാജ്ഭവനില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ആര്‍എസ്എസിന്റെ കാവിക്കൊടി പിടിച്ച ഭാരതാംബയുടെ ചിത്രത്തിന് മുന്നില്‍ വിളക്ക് കൊളുത്താന്‍ കഴിയില്ലെന്ന നിലപാട് കൃഷി മന്ത്രി പി പ്രസാദ് സ്വീകരിക്കുകയും സര്‍ക്കാര്‍ പരിപാടിയുടെ വേദി മാറ്റുകയും ചെയ്തത് ഇന്ന് രാഷ്ട്രീയ കേരളത്തില്‍ ചര്‍ച്ചയായിരിക്കുകയാണ്. ഇതിന് പിന്നാലെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ (V D Satheesan) ആര്‍എസ്എസ് പരിപാടിയില്‍ ഭാരതാംബയുടെ ചിത്രത്തിന് മുന്നില്‍ തിരി തെളിയിക്കുന്ന പഴയ ചിത്രം കുത്തിപ്പൊക്കിയിരിക്കുകയാണ് സാമൂഹിക മാധ്യമങ്ങള്‍. ആര്‍എസ്എസിന്റെ രണ്ടാമത്തെ സര്‍സംഘചാലക് ഗുരുജി ഗോള്‍വള്‍ക്കറുടെ ജന്മ ശതാബ്ധി ആഘോഷത്തിനോട് അനുബന്ധിച്ച് പറവൂർ മനക്കപ്പടി സ്‌കൂളില്‍ വെച്ച് മത ഭീകരവാദത്തെ കുറിച്ച് നടന്ന സെമിനാര്‍ സതീശന്‍ ഉദ്ഘാടനം ചെയ്യുന്നതാണ് ചിത്രം.

ഗോള്‍വര്‍ക്കറിന്റെ ഫോട്ടോയും ഭാരതാംബയുടെ ചിത്രത്തിനൊപ്പം വെച്ചിരുന്നു സംഘാടകര്‍. ഭരണഘടനാ വിരുദ്ധ പ്രസംഗത്തെ തുടര്‍ന്ന് മന്ത്രി സജി ചെറിയാന്‍ 2022 ല്‍ രാജിവെച്ചതുമായി ബന്ധപ്പെട്ട് സതീശന്റെ ആര്‍എസ്എസ് വിരുദ്ധ പരാമര്‍ശത്തെ തുടര്‍ന്നാണ് ആര്‍എസ്എസ് തന്നെ ചിത്രം പുറത്ത് വിട്ടത്. ആര്‍എസ്എസ് പരിപാടി ഉദ്ഘാടനം ചെയ്ത സതീശന് ഗോര്‍വള്‍ക്കറിനെ വിമര്‍ശിക്കാന്‍ എന്തവകാശമെന്നും ആര്‍എസ്എസ് ചോദിച്ചു.

പ്രസാദിന്റെയും സര്‍ക്കാറിന്റെയും നിലപാടുകളെ ശ്ലാഘിച്ച് കൊണ്ടുള്ള പോസ്റ്റുകളില്‍ ഭാരതാംബയുടെ ചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന നടത്താനും വിളക്ക് കൊളുത്താനും 'ഇവിടെ ആളുണ്ട് കേട്ടോ' എന്ന് പറഞ്ഞു കൊണ്ടാണ് ട്രോളുന്നത്. നിയമസഭയില്‍ അടക്കം ഭരണപക്ഷം ഈ വിഷയം മുമ്പ് ഉയര്‍ത്തിയത് സതീശനെ വെട്ടിലാക്കിയിരുന്നു. ഇതിന് പുറമേയാണ് പുതിയ വിവാദത്തിന് പിന്നാലെ സാമൂഹിക മാധ്യമങ്ങള്‍ സതീശന്‍ ആര്‍എസ്എസ് പരിപാടിയില്‍ കാവിക്കൊടി പിടിച്ച ഭാരതാംബയുടെ ചിത്രത്തിന് മുന്നില്‍ വിളക്ക് തെളിയിക്കുന്ന ചിത്രം കൂടി പ്രചരിപ്പിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com