കാന്‍സര്‍ രോഗിയെ കെട്ടിയിട്ട് പണം കവര്‍ന്നു; അന്വേഷിക്കാന്‍ പ്രത്യേക സംഘം

വീട്ടില്‍ നിന്ന് കിട്ടിയ വിരലടയാളത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തുക.
Cancer patient tied up and robbed at her residence in Idukki, special team appointed
(robbery )
Updated on
1 min read

തൊടുപുഴ: ഇടുക്കി അടിമാലിയില്‍ കാന്‍സര്‍ രോഗിയെ കെട്ടിയിട്ട് പണം കവര്‍ന്ന(robbery) സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് പൊലീസ്. ഇടുക്കി ഡിവൈഎസ്പിയുടെ കീഴില്‍ പത്തംഗ സംഘം ഇന്ന് മുതല്‍ അന്വേഷണം തുടങ്ങും. വീട്ടില്‍ നിന്ന് കിട്ടിയ വിരലടയാളത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തുക. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം പുരോഗമിക്കുന്നു എന്ന് പൊലീസ് അറിയിച്ചു.വ്യാഴാഴ്ച പുലര്‍ച്ചെയിരുന്നു കേസിനാസ്പദമായ സംഭവം.

കാന്‍സര്‍ രോഗിയായ അടിമാലി വിവേകാനന്ദ നഗര്‍ സ്വദേശി കളരിക്കല്‍ ഉഷാ സന്തോഷിനെയാണ് കെട്ടിയിട്ട് ചികിത്സയ്ക്ക് കരുതിയിരുന്ന പണം അപഹരിച്ചത്. കാന്‍സര്‍ ബാധിതയായി ഏറെ നാളായി ചികിത്സയിലായിരുന്നു ഉഷ. കഴിഞ്ഞ ദിവസം കീമോ തെറാപ്പി കഴിഞ്ഞ് വീട്ടില്‍ വിശ്രമിക്കുകയായിരുന്നു. വീട്ടില്‍ മറ്റാരുമില്ലാതിരുന്ന സമയത്താണ് മോഷണം. കട്ടിലില്‍ കെട്ടിയിട്ട ശേഷം ഇവരുടെ വായില്‍ തുണി തിരുകിയാണ് പേഴ്‌സിലുണ്ടായിരുന്ന 16500 രൂപ കവര്‍ന്നത്. അയല്‍വാസികള്‍ ഇവരെ അന്വേഷിച്ച് വീട്ടിലെത്തിയപ്പോഴാണ് കട്ടിലില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

സാമ്പത്തികമായി ഏറെ പ്രയാസമനുഭവിക്കുന്ന കുടുംബമാണ്. അടിമാലിയിലെ സുമനസ്സുകള്‍ ചേര്‍ന്നാണ് ഇവരുടെ ചികിത്സയ്ക്കാവശ്യമായ പണം പിരിച്ചുനല്‍കിയത്. ഈ തുകയുള്‍പ്പെടെയാണ് മോഷ്ടാവ് കവര്‍ന്നത്. സമീപത്തെ സിസിടിവി ക്യാമറകള്‍ പരിശോധിച്ച് മോഷ്ടാവിനെ കണ്ടെത്താനുളള ശ്രമം പുരോഗമിക്കുന്നതായി അടിമാലി പൊലീസ് അറിയിച്ചു. ഉഷയുടെ ഭര്‍ത്താവും മകളും വീട്ടില്‍ നിന്ന് പോയതിന് ശേഷമായിരുന്നു മോഷണം. വീട്ടുകാരുമായി അടുത്ത ബന്ധമുള്ളവരാണ് മോഷണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ സംശയം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com