
തിരുവനന്തപുരം: പതിവായി വേനലവധി കഴിഞ്ഞ് പുതിയ ഉടുപ്പും പുതിയ ബാഗുമായി വീണ്ടും സ്‌കൂളിലേക്ക് പോകുന്ന കുട്ടികളെ വരവേല്‍ക്കാറ് മഴയാണ് (kerala rain) . നനഞ്ഞുകുളിച്ച് കുട്ടികള്‍ സ്‌കൂളിലെത്തുന്ന കാഴ്ച ഇന്നും എല്ലാവരുടെയും ഓര്‍മ്മകളിലുണ്ട്. എന്നാല്‍ ആ രീതിക്ക് വ്യക്തമായ മാറ്റം വന്നിരിക്കുന്നു എന്നതാണ് മഴക്കണക്കുകള്‍ സൂചിപ്പിക്കുന്നത്. സ്‌കൂള്‍ തുറന്ന ജൂണ്‍ ആദ്യ ആഴ്ചയില്‍ സംസ്ഥാനത്ത് 47 മില്ലിമീറ്റര്‍ മഴ മാത്രമാണ് ലഭിച്ചത്. ചരിത്രത്തിലെ ശരാശരിയായ 120 മില്ലിമീറ്ററിനേക്കാള്‍ വളരെ താഴെയാണിത്.
സ്‌കൂള്‍ വീണ്ടും തുറക്കുന്ന ആഴ്ചയില്‍ സംസ്ഥാനത്ത് ശരാശരിയില്‍ താഴെ മഴ രേഖപ്പെടുത്തുന്നത് തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ്. ജൂണ്‍ ഒന്നിനും ഏഴിനും ഇടയില്‍ സംസ്ഥാനത്ത് മഴയില്‍ 62 ശതമാനം കുറവാണ് രേഖപ്പെടുത്തിയത് എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ആലപ്പുഴ ഒഴികെയുള്ള എല്ലാ ജില്ലകളിലും മഴയുടെ കുറവ് ഒന്നെങ്കില്‍ സാധാരണയേക്കാള്‍ 20-59 ശതമാനം വരെയും അല്ലെങ്കില്‍ സാധാരണയേക്കാള്‍ 60 ശതമാനത്തില്‍ കൂടുതലും രേഖപ്പെടുത്തി. ഇടുക്കിയിലാണ് ഏറ്റവും കുറവ് മഴ. തൊട്ടുപിന്നില്‍ വയനാടും തിരുവനന്തപുരവുമാണ്.
കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 63.4 മില്ലിമീറ്റര്‍ മഴ ലഭിച്ച സ്ഥാനത്താണ് 47 മില്ലിമീറ്റര്‍ ആയി കുറഞ്ഞത്. ജൂണ്‍ ആദ്യ ആഴ്ചയില്‍ കേരളത്തില്‍ അവസാനമായി അധിക മഴ ലഭിച്ചത് 2020 ലാണ്. അന്ന് 169.6 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തി. ആ വര്‍ഷം, കോഴിക്കോട് 414.8 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. ഏറ്റവും കൂടുതല്‍ മഴ ലഭിച്ചതും കോഴിക്കോട് ജില്ലയിലാണ്. ആ വര്‍ഷം പാലക്കാട് ആണ് ഏറ്റവും കുറവ് മഴ രേഖപ്പെടുത്തിയത്. എന്നാല്‍ ഇത്തവണ മൊത്തത്തില്‍ ലഭിച്ച മഴയേക്കാള്‍ കൂടുതലാണ് അന്ന് പാലക്കാട് രേഖപ്പെടുത്തിയത്. പാലക്കാട് 82 മില്ലിമീറ്റര്‍ മഴയാണ് അന്ന് ലഭിച്ചത്. 'ജൂണ്‍ ആദ്യ ആഴ്ചയിലെ മഴ പ്രധാനമായും മണ്‍സൂണ്‍ ആരംഭ തീയതിയെയാണ് ആശ്രയിച്ചിരിക്കുന്നത്' -കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയിലെ കാലാവസ്ഥാ നിരീക്ഷകന്‍ രാജീവന്‍ എരിക്കുളം ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
'കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, കാലവര്‍ഷാരംഭം വൈകിയോ ദുര്‍ബലമായോ ആയിരുന്നു. ഈ വര്‍ഷം, മെയ് 24 ന് മണ്‍സൂണ്‍ മഴ കേരളത്തില്‍ എത്തിയെങ്കിലും ജൂണിന് മുമ്പ് തുടര്‍ച്ചയായി മഴ പെയ്തു. ഇത് സ്‌കൂളുകള്‍ വീണ്ടും തുറന്നതുപോലെ ഒരു ഇടവേളയിലേക്ക് നയിച്ചു. മണ്‍സൂണ്‍ സാധാരണയായി ശക്തവും ദുര്‍ബലവുമായി മാറിമാറി വരും'- അദ്ദേഹം പറഞ്ഞു.
ശക്തിപ്പെടുന്ന പടിഞ്ഞാറന്‍ കാറ്റും ബംഗാള്‍ ഉള്‍ക്കടലില്‍ വികസിക്കുന്ന കാലാവസ്ഥാ മാറ്റങ്ങളും കാരണം ജൂണ്‍ 10 മുതല്‍ വീണ്ടും മണ്‍സൂണ്‍ സജീവമാകാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ജൂണ്‍ 10 ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
സ്‌കൂള്‍ തുറക്കുന്ന ആഴ്ചയിലെ (ജൂണ്‍ 1-7) കേരളത്തിലെ മണ്‍സൂണ്‍ മഴ
ശരാശരി മഴ: 120.6 മി.മീ
വര്‍ഷം / മണ്‍സൂണ്‍ ആരംഭ തീയതി / മഴ (മി.മീ)
2020: ജൂണ്‍ 1 / 169.6
2021: ജൂണ്‍ 3 / 91.2
2022: മെയ് 29 / 62.8
2023: ജൂണ്‍ 8 / 33.8
2024: മെയ് 30 / 63.4
2025: മെയ് 24 / 46.1
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ