സേവനത്തിൽ വീഴ്ച വരുത്തി, ജില്ലാ ഉപഭോക്തൃ ഫോറം പ്രസിഡന്റിനെതിരെ അന്വേഷണത്തിന് സംസ്ഥാന ഉപഭോക്തൃ കമ്മീഷൻ ഉത്തരവ്

സംസ്ഥാനത്ത് ആദ്യമായാണ് ജില്ലാ ഉപോഭക്തൃ ഫോറം പ്രസിഡന്റിനെതിരെ സംസ്ഥാന ഉപഭോക് കമ്മീഷൻ അന്വേഷണം നടത്തുന്നത്.
consumer commission, Law,
consumer commission:സംസ്ഥാനത്ത് ആദ്യമായാണ് ജില്ലാ ഉപോഭക്തൃ ഫോറം പ്രസിഡന്റിനെതിരെ സംസ്ഥാന ഉപഭോക് കമ്മീഷൻ അന്വേഷണം നടത്തുന്നത്.പ്രതീകാത്മക ചിത്രം
Updated on
1 min read

തിരുവനന്തപുരം: ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സ്ഥാപിക്കപ്പെട്ട ഉപഭോക്തൃ കോടതി തന്നെ സേവനത്തില്‍ വീഴ്ച വരുത്തിയാല്‍ എന്തു ചെയ്യും? വേലി തന്നെ വിളവു തിന്നുന്ന ഇത്തരമൊരു സാഹചര്യമാണ് തിരുവനന്തപുരം ഉപഭോക്തൃ കോടതിയിലുണ്ടായത്. ഒടുവിൽ ആത്മഹത്യാ ഭീഷണി മുഴക്കിയപ്പോഴാണ് ഉപഭോക്താവിന് നീതി ലഭിച്ചത്. നാടകീയ രംഗങ്ങളാണ് കഴിഞ്ഞ ദിവസം സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ ( consumer commission)അരങ്ങേറിയത്.

തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ കമ്മീഷനിൽ നിന്ന് 2023ൽ അനുകൂലമായൊരു വിധി സമ്പാദിച്ച മനുഷ്യനാണ് കഥാനായകൻ. എതിർ കക്ഷിയായ എച്ച് ഡി എഫ് സി ബാങ്ക് അദ്ദേഹത്തിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നായിരുന്നു വിധി. വാക്കാൽ വിധി പ്രഖ്യാപിച്ചുവെങ്കിലും വിധി പകർപ്പ് കൊടുത്തില്ല. ജില്ലാ ഫോറത്തിൽ കയറിയിറങ്ങിയിട്ടും കിട്ടാതായപ്പോൾ കക്ഷി പരാതിയുമായി സംസ്ഥാന കമ്മീഷനിൽ എത്തി.

സംസ്ഥാന കമ്മീഷൻ പ്രസിഡന്റ് ജസ്റ്റിസ് ബി സുധീന്ദ്രകുമാറിന്റെ മുമ്പിൽ അദ്ദേഹം ആത്മഹത്യാ ഭീഷണിയും മുഴക്കി. സുധീന്ദ്രകുമാറിന്റെ കർശന നിർദേശത്തെ തുടർന്ന് തിങ്കളാഴ്ച ജില്ലാ കമ്മീഷൻ വിധി പകർപ്പ് പരാതിക്കാരന് നൽകി.

വാക്കാൽ വിധി പറഞ്ഞിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും വിധി പകർപ്പ് കിട്ടാത്ത കുറേപ്പേർ ജില്ലാ കമ്മീഷനെതിരെ സംസ്ഥാന കമ്മീഷനിൽ പരാതി നൽകിയിട്ടുണ്ട്. അവയുടെ അടിസ്ഥാനത്തിൽ ജില്ലാ കമ്മീഷൻ പ്രസിഡന്റിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് സുധീന്ദ്രകുമാർ. സംസ്ഥാന കമ്മീഷൻ അംഗം കെ.ആർ. രാധാകൃഷ്‌ണനോട് ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഇങ്ങനെ ഒരന്വേഷണം നടക്കുന്നത്.

ജില്ലാ ഫോറം പ്രസിഡന്റ് പി വി ജയരാജൻ അധ്യക്ഷനായ ബെഞ്ച് 2022 മുതൽ പുറപ്പെടുവിച്ച ഉത്തരവുകൾ പരിശോധിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ആരോപണങ്ങൾ ശരിയാണെന്ന് കണ്ടെത്തിയാൽ, പ്രസിഡന്റിനെതിരെ ഭരണപരമായ നടപടിയെടുക്കാൻ സംസ്ഥാന കമ്മീഷൻ പ്രസിഡന്റ് സംസ്ഥാന സർക്കാരിനോടും ദേശീയ കമ്മീഷനോടും ശുപാർശ ചെയ്യുമെന്ന് അറിയുന്നു.

പകർപ്പുകൾ നൽകുന്നതിൽ പ്രസിഡന്റിന്റെ ഭാഗത്തുനിന്ന് അമിതമായ കാലതാമസം ഉണ്ടാകുന്നതായി പരാതിക്കാർ ആരോപിച്ചു. വർഷങ്ങൾക്ക് മുമ്പ് ഉത്തരവ് പ്രഖ്യാപിച്ചെങ്കിലും പലർക്കും ഇതുവരെ പകർപ്പ് ലഭിച്ചിട്ടില്ലാത്തതാണ് ആരോപണത്തിന് കാരണം.

ജില്ലാ കമ്മീഷൻ പ്രസിഡന്റിനോ അംഗങ്ങൾക്കോ ​​എതിരെ അന്വേഷണം നടത്താനും ആവശ്യമെങ്കിൽ ഉചിതമായ ഭരണപരമായ നടപടി സ്വീകരിക്കാനും സംസ്ഥാന സർക്കാരിനോടും ദേശീയ കമ്മീഷനോടും ശുപാർശ ചെയ്യാനും ഉപഭോക്തൃ സംരക്ഷണ നിയമ പ്രകാരം സംസ്ഥാന കമ്മീഷൻ പ്രസിഡന്റിന് അധികാരമുണ്ട്.

സംസ്ഥാനത്ത് ആദ്യമായാണ് ജില്ലാ കമ്മീഷൻ പ്രസിഡന്റിനെതിരെ സംസ്ഥാന കമ്മീഷൻ അന്വേഷണം നടത്തുന്നത്. ഉത്തരവ് നൽകാത്തത് വാസ്തവത്തിൽ ഉപഭോക്താവിന് ആശ്വാസം നിഷേധിക്കലാണെന്ന് സംസ്ഥാന കമ്മീഷൻ വിലയിരുത്തുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com