
തിരുവനന്തപുരം: സമസ്ത (Samastha)കേരള ജംഇയത്തുല്‍ ഉലമയുടെ ചരിത്രം, കേരളത്തിന്റെ സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലകളുമായി ഇഴചേര്‍ന്നിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സ് പുറത്തിറക്കിയ സമസ്തയെക്കുറിച്ചുള്ള കോഫി ടേബിള്‍ പുസ്തകമായ കോണ്‍ഫ്‌ളൂവന്‍സ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആദ്യ കോപ്പി ഏറ്റുവാങ്ങി.
സമൂഹങ്ങളെ പരിഷ്‌കരിക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തില്‍ നിരവധി സംഘടനകള്‍ രൂപീകരിച്ചു. കാലവുമായി പൊരുത്തപ്പെടാത്തതോ ഇടുങ്ങിയ ചിന്താഗതി മൂലമോ അവയില്‍ പലതും നിലവില്ലാതായി. എന്നാല്‍ സമസ്തയ്ക്ക് ഒരു നൂറ്റാണ്ടോളം ശക്തമായി തുടരാന്‍ കഴിഞ്ഞു. അതിന്റെ ആശയങ്ങള്‍ ലോകത്തെ പ്രകാശിപ്പിച്ചു. മുസ്ലീം സമൂഹം അവഗണന നേരിട്ട ഒരു സമയത്താണ് സമസ്ത ഉത്ഭവിച്ചത്. ഇസ്ലാമിന്റെ പുരോഗമന ആശയങ്ങള്‍ ലോകത്തിന് പരിചയപ്പെടുത്തിയത് സമസ്തയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്ത് ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയാണ്. അതേസമയം, ഭൂരിപക്ഷ വര്‍ഗീയതയെ ന്യൂനപക്ഷ വര്‍ഗീയത കൊണ്ട് പരിഹരിക്കാനും കഴിയില്ല. ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ ജനാധിപത്യത്തിനും മതേതരത്വത്തിനും നേരെയുള്ള ആക്രമണങ്ങള്‍ക്ക് തുല്യമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
സമസ്ത വിദ്യാഭ്യാസ മേഖലയ്ക്ക് വളരെയധികം സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. മലപ്പുറത്തു നിന്നും മലബാറില്‍ നിന്നുമുള്ള ധാരാളം വിദ്യാര്‍ഥികള്‍ രാജ്യത്തെ ഉന്നത സ്ഥാപനങ്ങളില്‍ പഠിക്കുന്നുണ്ട്. അതിന്റെ ക്രെഡിറ്റ് സമസ്തയ്ക്കാണെന്നും അദ്ദേഹം പറഞ്ഞു.
സമസ്ത അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സമസ്തയോ അതിന്റെ പോഷക സംഘടനകളോ ഒരിക്കലും സമൂഹത്തില്‍ ഭിന്നത സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ചില ആദര്‍ശങ്ങളുടെ അടിസ്ഥാനത്തിലാണ് സമസ്ത പ്രവര്‍ത്തിക്കുന്നത്. കൂടാതെ രാജ്യത്തിന്റെ നന്മയ്ക്കുവേണ്ടി എപ്പോഴും നിലകൊള്ളുകയും ചെയ്തിട്ടുണ്ട്. സാംസ്‌കാരിക, വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലെ നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്നു. സാമൂഹിക ഐക്യത്തെ ബാധിക്കുന്ന ഒരു പ്രവര്‍ത്തനത്തിലും ഞങ്ങള്‍ ഒരിക്കലും ഏര്‍പ്പെട്ടിട്ടില്ല. അതുകൊണ്ടാണ് സംഘടനയ്‌ക്കെതിരെ ഒരു കേസോ ആരോപണമോ പോലും ഉണ്ടാകാത്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സമസ്ത ട്രഷറര്‍ പി പി ഉമര്‍ മുസ്ലിയാര്‍ കൊയ്യോട് സ്വാഗതം പറഞ്ഞു. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി. പാണക്കാട് സയ്യിദ് സാബിഖ് അലി ശിഹാബ് തങ്ങള്‍ അനുഗ്രഹപ്രഭാഷണം നടത്തി. പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി ചടങ്ങില്‍ വെര്‍ച്വല്‍ സന്ദേശം നല്‍കി. കായിക മന്ത്രി വി അബ്ദുറഹ്മാന്‍ പുസ്തകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സ് റസിഡന്റ് എഡിറ്റര്‍(കേരള) കിരണ്‍ പ്രകാശ് ആമുഖ പ്രഭാഷണം നടത്തി. സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍ എം പി പ്രശാന്ത് പുസ്തകം പരിചയപ്പെടുത്തി. സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, മുശാവറ അംഗങ്ങളായ വക്കോട് മൊയ്തീന്‍കുട്ടി ഫൈസി, പി എം അബ്ദുസലാം ബാഖവി, അസ്ഗറലി ഫൈസി പട്ടിക്കാട്, ടിഎന്‍ഐഇ ജനറല്‍ മാനേജര്‍ പി വിഷ്ണുകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates