കേരളത്തിൽ ക്ഷേമപെൻഷൻ തുടങ്ങിയത് ആര്? ഉമ്മൻചാണ്ടി ബാക്കിവച്ചത് എത്ര?| Fact Check

കേരളത്തിൽ എക്കാലത്തും ചർച്ചയാകുന്ന വിഷയമാണ് ക്ഷേമപദ്ധതികൾ സംബന്ധിച്ച അവകാശവാദങ്ങൾ. രണ്ട് വർഷത്തോളമായി കേരളത്തിൽ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് ക്ഷേമപെൻഷനിൽ ഉമ്മൻചാണ്ടി സർക്കാരും പിണറായി വിജയൻ സർക്കാരും നടത്തിയ വർദ്ധനയും കുടിശ്ശികയും. ഇതിലെ വസ്തുതകളെ കുറിച്ച് അന്വേഷണം
welfare pension, social security pension kerala
welfare pension: സാമൂഹിക സുരക്ഷാ പെൻഷൻ വിവാദങ്ങൾക്കപ്പുറം ,പ്രതീകാത്മക ചിത്രംപ്രതീകാത്മക ചിത്രം
Updated on
8 min read

കേരളത്തിൽ കഴിഞ്ഞ കുറച്ചു കാലമായി തെരഞ്ഞെടുപ്പ് കാലമെത്തുമ്പോൾ വിവാദമാകുന്ന ഒന്നാണ് ക്ഷേമപെൻഷൻ. (welfare pension)ലോകത്ത് തന്നെ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ കേരളത്തി​ന്റെ സാമൂഹിക ഇടപെടലുകളിൽ പ്രധാനപ്പെട്ട ഒന്നാണ് സ‍ർക്കാർ സംവിധാനത്തിന് കീഴിൽ നടപ്പാക്കുന്ന സാമൂഹിക സുരക്ഷാ പദ്ധതികൾ. നിരവധി പേർക്ക് പ്രയോജനം ലഭിക്കുന്ന ഇത്തരം പദ്ധതികൾ കേരളത്തിലെ സാമൂഹിക സുരക്ഷയും ​പ്രാദേശിക വിപണയിൽ, പ്രത്യേകിച്ച് ​ഗ്രാമീണ വിപണിയിൽ ( കേരളത്തിലെ ന​ഗര-​ഗ്രാമവ്യത്യാസം വളരെ നേരിയതാണ് ) ചെറുതെങ്കിലും വ്യാപകമായ ഇടപെടലിലനും വഴിയൊരുക്കുന്നുണ്ടെന്ന് സാമൂഹിക, സാമ്പത്തിക നിരീക്ഷക‍ർ ഇത്തരം പദ്ധതികളുടെ സൂക്ഷ്മാ‍ർത്ഥത്തിൽ വിലയിരുത്തിയിട്ടുണ്ട്. മാത്രമല്ല, സാമൂഹിക സുരക്ഷാ പെൻഷൻ തങ്ങളുടെ അവകാശമാണെന്നുള്ള ജനങ്ങളുടെ ബോധ്യവും ഇതിലെ കുടിശ്ശിക വിവാദത്തിന് കൂടുതൽ വഴിയൊരുക്കാറുണ്ട്.

മറിയക്കുട്ടിയുടെ പെൻഷൻ സമരം മുതൽ കെ സി വേണുഗോപാലി​ന്റെ കൈക്കൂലി പ്രസംഗവരെ

കേരളത്തിൽ ക്ഷേമ പെൻഷൻ ഇപ്പോഴും അവസാനിക്കാത്ത വിവാദമായി മാറിയതിന് തുടക്കമായത് രണ്ട് വർഷം മുമ്പാണ്. ഇത്രയും ദീർഘകാലം ക്ഷേമപെൻഷൻ വിവാദങ്ങൾ ഒരിക്കലും നീണ്ടുനിന്നിരുന്നില്ല. 2023 അവസാനത്തോടെയായിരുന്നു അഞ്ച് മാസമായി വിധവാ പെൻഷൻ മുടങ്ങിയതിനെതിരെ മൺചട്ടിയുമായി ഭിക്ഷയെടുത്ത് പ്രതികരണവുമായി എത്തിയ അടിമാലി സ്വദേശി 86 കാരിയായ മറിയക്കുട്ടിയുടെ പ്രതിഷേധത്തോടെയാണ് ഏറെക്കാലത്തിന് ശേഷം ക്ഷേമപെൻഷൻ കുടിശ്ശിക സംബന്ധിച്ച വിവാദം ചൂടുപിടിക്കുന്നത്. ലോകസഭാ തെരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങി വരുന്ന സമയമായിതനാൽ പ്രതിപക്ഷ പാ‍ർട്ടികൾ ഈ സമരം ഏറ്റെടുത്തു. ഭരണപക്ഷം അതിനെതിരെ രം​ഗത്തുവന്നു. മറിയക്കുട്ടിയെ കാണാനും പിന്തുണ നൽകാനും സഹായിക്കാനും കോൺ​ഗ്രസ്, ബി ജെ പി നേതാക്കൾ പറന്നെത്തി. ആരോപണങ്ങളും പഴിയുമായി സി പി എം ഉൾപ്പടെയുള്ള ഭരണകക്ഷികളും രം​ഗം കൊഴുപ്പിച്ചു. കേസ് കോടതിയിലെത്തി. ഹൈക്കോടതിയും സർക്കാർ സത്യവാങ്മൂലവുമൊക്കെയായി തെരഞ്ഞെടുപ്പ് വിഷയമായി മറിയക്കുട്ടിയും ക്ഷേമപെൻഷനും. കോൺ​ഗ്രസ് മറിയക്കുട്ടിക്ക് വീടു വെച്ചുകൊടുക്കുമെന്ന് പ്രഖ്യാപിച്ചു. കോൺ​ഗ്രസ് സമര വേദികളിലും, തെരഞ്ഞെടുപ്പിൽ എൽ ഡി എഫിനെതിരെയുള്ള പ്രചാരണത്തിലും മറിയക്കുട്ടി സജീവമായിരുന്നു. പ്രധാനമന്ത്രി മോദി പങ്കെടുത്ത പരിപാടിയിലും മറിയക്കുട്ടി പങ്കെടുത്തു. പിന്നീട് കെപിസിസി അവർക്ക് വീടും നിർമിച്ചു നൽകി. കഴിഞ്ഞ ജൂലൈ മാസത്തിൽ അന്നത്തെ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ നേരിട്ടെത്തിയാണ് മറിയക്കുട്ടിക്ക് വീടിന്റെ താക്കോൽ കൈമാറിയത്. അതിന് ശേഷം കഴിഞ്ഞ മാസം അവർ ബി ജെ പിയിൽ ചേർന്നു.

മറിയക്കുട്ടി ബി ജെ പി യിൽ ചേരുന്നതിന് തൊട്ടുമുമ്പാണ് ക്ഷേമപെൻഷൻ വീണ്ടും വിവാദമാകുന്നത്. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് സമയത്ത് കെ സി വേണു​ഗോപാൽ നടത്തിയ പ്രസ്താവനയാണ് വിവാദമായത്. ക്ഷേമ പെൻഷൻ കൈക്കൂലിയാക്കി എന്ന പരാമർശമാണ് വിവാദമായത്. ഈ വിവാദത്തിൽ മാപ്പ് പറയില്ലെന്നും താൻ പറഞ്ഞതിനെ വളച്ചൊടിക്കുകയാണ് ചെയ്തതെന്നും കെ സി വേണു​ഗോപാൽ പിന്നീട് വിശദീകരിച്ചു. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിലെന്ന പോലെ നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലും ക്ഷേമപെൻഷൻ ചർച്ചാവിഷയമായി മാറിയിരിക്കുന്നു.

social security pension kerala, welfare pension
മറിയക്കുട്ടി/ ടിവി ദൃശ്യം

സർക്കാർ സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾ തുടങ്ങിയത് എങ്ങനെ?

സ്വതന്ത്ര ഇന്ത്യയിൽ സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളുടെ ചരിത്രം ജവഹർലാൽ നെഹ്രുവി​ന്റെ സാമൂഹിക കാഴ്ചപ്പാടിൽ നിന്നാണ് തുടങ്ങുന്നത്.

സാമൂഹിക ക്ഷേമത്തിന് ഭരണഘടനാപരമായി വ്യവസ്ഥകൾ ഇല്ലാതിരുന്നിട്ടും, 1950 കളുടെ തുടക്കത്തിൽ ഇന്ത്യയിൽ സോഷ്യലിസ്റ്റ് മാതൃക വികസനത്തിന്റെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനുള്ള താക്കോലായി അവതരിപ്പിച്ച പഞ്ചവത്സര പദ്ധതിയിലൂടെ നെഹ്‌റു സർക്കാർ ക്ഷേമപ്രവർത്തനങ്ങളെ പ്രേരിപ്പിച്ചു. ഇതിനായി 1953 ൽ കേന്ദ്ര സാമൂഹിക ക്ഷേമ ബോർഡ് സ്ഥാപിച്ചു. സാമ്പത്തിക വളർച്ച ദാരിദ്ര്യം കുറയ്ക്കുന്നതിൽ നേരിട്ട് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിൽ, ഭൗതിക വസ്തുക്കളുടെ വിതരണത്തിന്റെ കാര്യത്തിൽ ക്ഷേമ പദ്ധതികൾക്ക് വളരെ കുറച്ച് ശ്രദ്ധ മാത്രമേ ലഭിച്ചുള്ളൂ. സാമൂഹിക ക്ഷേമ പദ്ധതികളെ ആശ്രയിക്കുന്നതിനുപകരം, നെഹ്‌റു സർക്കാർ വ്യവസായവൽക്കരണത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഗ്രാമീണ മേഖലകളെ പരിവർത്തനം ചെയ്യുന്നതിനായി വർദ്ധിച്ച കാർഷിക ഉൽ‌പ്പാദനത്തെയും കമ്മ്യൂണിറ്റി വികസന പരിപാടികളെയും സഹകരണ സ്ഥാപനങ്ങളെയും ആശ്രയിച്ചു. നെഹ്രുവി​ന്റെ കാഴ്ചപ്പാട് മാതൃകാപരമായിരുന്നുവെങ്കിലും ഉച്ചനീചത്വം നിറഞ്ഞു നിന്ന ഇന്ത്യൻ സാമൂഹിക സാഹചര്യങ്ങളിൽ വളർച്ചയുടെ ഗുണങ്ങൾ സമൂഹത്തിലെ ഏറ്റവും ദരിദ്ര വിഭാഗങ്ങളിലേക്ക് ഒഴുകിയെത്തിയില്ല എന്നതിനാൽ നെഹ്‌റുവിന്റെ പ്രതീക്ഷ അസ്ഥാനത്തായി പല സാമൂഹിക, സാമ്പത്തിക ​ഗവേഷകരും നിരീക്ഷിച്ചിട്ടുണ്ട്.

കേന്ദ്ര സമീപനം വ്യവസായ വൽക്കരണത്തിലും കാർഷികോൽപ്പാദന വളർച്ചയിലും ഊന്നി മുന്നോട്ട് പോയപ്പോൾ അന്നത്തെ സംസ്ഥാനങ്ങൾ തങ്ങളുടെ നിലയിൽ ക്ഷേമ പദ്ധതികൾ ആലോചിക്കാൻ തുടങ്ങി. ഇതിന് തുടക്കമിട്ടത് ​ദക്ഷിണേന്ത്യൻ സംസ്ഥാനമായ മദ്രാസ് ആയിരുന്നു. പഴയ മദ്രാസ് സംസ്ഥാനമാണ് സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി ഒരു സാമൂഹിക ക്ഷേമ പദ്ധതി ആവിഷ്ക്കരിച്ചത് എന്നാണ് സമകാലിക മലയാളം നടത്തിയ അന്വേഷണത്തിൽ ലഭിച്ച രേഖകൾ വ്യക്തമാക്കുന്നത്. 1954 മുതൽ 1963 വരെ മദ്രാസ് മുഖ്യമന്ത്രിയായിരിക്കെയാണ് കെ കാമരാജ് വിവിധ പദ്ധതികൾ ആവിഷ്ക്കരിച്ചത്. പഴയ മദ്രാസ് സംസ്ഥാനത്തിന് കീഴിലായിരിക്കുകയും പിന്നീട് കേരളത്തി​ന്റെ ഭാ​ഗമായി മാറുകയും ചെയ്ത മലബാറിലും ഈ ക്ഷേമപദ്ധതികൾ പ്രതിഫലിച്ചു. 1954ൽ സ്കൂൾ വിദ്യാർത്ഥികൾക്കായി മദ്രാസ് സർക്കാർ നടപ്പാക്കിയ ഉച്ചഭക്ഷണ പദ്ധതിയാണ് സാമൂഹിക ക്ഷേമമേഖലയിലെ ആദ്യ ചുവട് വെയ്പ്പ്. പിന്നീട് പല ഇന്ത്യൻ സംസ്ഥാനങ്ങളും ഈ മാതൃക പിന്തുടർന്നു.

Kamaraj , midday meal, social welfare
കാമരാജ്, മദ്രാസ് മുഖ്യമന്ത്രിയും കോൺഗ്രസ് പ്രസിഡന്റുമായിരുന്ന ജനകീയ നേതാവ്. ആദ്യമായി സ്കൂൾകുട്ടികൾക്ക് ഉച്ത ഭക്ഷണം നടപ്പിലാക്കിNew Indian Express.

കേരളത്തിൽ ക്ഷേമ പദ്ധതികളുടെ തുടക്കം.

കേരളത്തിൽ ക്ഷേമപദ്ധതികളുടെ തുടക്കം എന്ന നിലയിൽ പെൻഷൻ പരി​ഗണിച്ചാൽ ആദ്യം നടപ്പാക്കുന്നത് 1962 -1964 ലെ ആർ ശങ്കർ മന്ത്രിസഭയാണ്. 1962 ൽ മുഖ്യമന്ത്രി കൂടിയായിരുന്ന ധനകാര്യ വകുപ്പ് മന്ത്രി എന്ന നിലയിൽ വിധവാ പെൻഷനും വാർദ്ധക്യകാല പെൻഷനും നടപ്പാക്കിയത്. ഇന്ത്യയിലാദ്യമായി വിധവാപെൻഷനും വാർദ്ധക്യപെൻഷനും ഏർപ്പെടുത്തിയത് ഈ സർക്കാരാണ് എന്നാണ് ലഭ്യമായ രേഖകൾ പറയുന്നത്. 1964ൽ സർക്കാർ വീണു.

പിന്നീട് ഏകദേശം 18 വർഷം കഴിഞ്ഞു കേരളത്തിൽ പൊതുവായി ക്ഷേമപെൻഷൻ എന്ന സങ്കൽപ്പത്തിൽ അധിഷ്ഠിതമായ പെൻഷൻ നടപ്പാക്കാൻ. കർഷകത്തൊഴിലാളികൾക്ക് പെൻഷൻ നടപ്പാക്കിക്കൊണ്ട് 1980 ലെ ആദ്യത്തെ ഇ. കെ നായനാർ സർക്കാരാണ് ഇത് വ്യാപകമാക്കിയത്. കർഷകത്തൊഴിലാളി പെൻഷൻ പ്രഖ്യാപനത്തോടെയാണ്. അന്ന് 45രൂപയായിരുന്നു ക്ഷേമപെൻഷൻ എന്ന നിലയിൽ നൽകിയത്. ആ സർക്കാർ അധികകാലം നിലനിന്നില്ല. പിന്നീട് 1982 ഓടെ കെ. കരുണാകരൻ മുഖ്യമന്ത്രിയായുള്ള മന്ത്രിസഭ അധികാരത്തിൽ വന്നു. 1987 വരെ പെൻഷൻ ഈ നിലയിൽ തുടർന്നു.1987 ൽ വീണ്ടും ഇ കെ നായനാ‍ർ മന്ത്രിസഭ വന്നു. 1991 വരെ തുടർന്ന ഈ മന്ത്രിസഭ ക്ഷേമ പെൻഷൻ 45രൂപയിൽ നിന്നും 15 രൂപ കൂട്ടി 60 രൂപയാക്കി. 1991 മുതൽ 1996 വരെ ആദ്യം കെ കരുണാകരനും പിന്നീട് എ കെ ആ​ന്റണിയും മുഖ്യമന്ത്രിമാരായി വന്നു. അന്ന് പെൻഷൻ തുകയിൽ വർദ്ധനവ് ഉണ്ടായില്ല. 1996 -2001 കാലത്തെ ഇ കെ നായനാർ മന്ത്രിസഭ മൂന്നാമതും അധികാരത്തിൽ വന്നപ്പോൾ അഞ്ച് വർഷം കൊണ്ട് പെൻഷൻതുക ഇരട്ടിയായി വർദ്ധിപ്പിച്ചു. അതായത് 60 രൂപ എന്ന പെൻഷൻ തുക 120 രൂപയാക്കി. 2001 മുതൽ 2006 വരെ ആദ്യം എ കെ ആ​ന്റണിയും പിന്നീട് ഉമ്മൻചാണ്ടിയും മുഖ്യമന്ത്രിമാരായി ഇവരുടെ മന്ത്രിസഭയുടെ കാലത്തും പെൻഷൻ തുക വർദ്ധിപ്പിച്ചില്ല. 2006 മുതൽ 2011 വരെയുള്ള വി എസ് അച്യുതാന്ദൻ മന്ത്രിസഭയുടെ കാലത്ത് പെൻഷതുക 120 ൽ നിന്നും 500 രൂപയായിക്കി വർദ്ധിപ്പിച്ചു. 2011 മുതൽ 2016 വരെയുള്ള ഉമ്മൻചാണ്ടി മന്ത്രിസഭ പൊതുവിൽ ക്ഷേമപെൻഷൻ തുകയിൽ നൂറ് രൂപ വർദ്ധിപ്പിച്ച് 600 ആക്കി. ചില പെൻഷൻതുകകൾ അതിലും വർദ്ധിപ്പിച്ചു 800 ഉം 1,500ഉ ആക്കി. അതിന് ശേഷം 2011-16 വരെയും 2016 മുതൽ ഇന്ന് വരെയും ഭരിക്കുന്ന പിണറായി വജിയൻ സർക്കാർ ഈ കാലയളവിൽ ഈ പെൻഷൻ തുക പലവിധത്തിൽ വർദ്ധിപ്പിച്ച് 1100 മുതൽ 1600 രൂപവരെയാക്കി.

കേരളത്തിൽ നിലവിൽ നൽകുന്ന സാമൂഹിക സുരക്ഷാ പെൻഷനുകൾ ഏതൊക്കെ

കേരളത്തിൽ അഞ്ചു വിഭാഗങ്ങൾക്കാണ്‌ സാമൂഹിക സുരക്ഷാ പെൻഷൻ നൽകുന്നത്‌. കർഷകത്തൊഴിലാളി പെൻഷൻ, അമ്പത്‌ വയസ്‌ കഴിഞ്ഞ അവിവാഹിതരായ വനിതകൾക്കുള്ള പെൻഷൻ, ഇന്ദിരാ​ഗാന്ധി വാർദ്ധക്യകാല പെൻഷൻ, ഇന്ദിരാ​ഗാന്ധി വികാലം​ഗ (മാനസികവും ശാരീരികവുമായി വെല്ലുവിളി നേരിടുന്നവർക്കുള്ള) പെൻഷൻ, ഇന്ദിരാ​ഗാന്ധി വിധവ പെൻഷൻ എന്നിവ സാമൂഹിക സുരക്ഷാ പെൻഷ​ന്റെ ഭാഗമാണ്‌. ഇതിൽ ആദ്യത്തെ രണ്ട്‌ വിഭാഗവും കേരളം സ്വന്തം നിലയിൽ പ്രഖ്യാപിച്ച്‌ നടപ്പാക്കിയിട്ടുള്ള പെൻഷനാണ്‌. അവസാനത്തെ മൂന്ന് വിഭാ​ഗങ്ങൾക്ക് മൊത്തം തുകയുടെ ഒരു നിശ്ചിത ശതമാനം കേന്ദ്രസർക്കാർ വിഹിതമാണ്. ആ തുക സംസ്ഥാനം 700 രൂപ മുതൽ 1,300 രൂപ വരെ ചെലഴിക്കുമ്പോൾ കേന്ദ്രം 200 മുതൽ 500 രൂപ വരെയാണ് നൽകുന്നത്. ചിലഘടകങ്ങൾക്ക് കേന്ദ്രവിഹിതം ഇതിലും നൽകുന്നില്ലെന്ന് ചില രേഖകൾ കാണിക്കുന്നുണ്ട്. പ്രായപരിധി, ഭിന്നശേഷി പരിധി എന്നിവയൊക്കെ മാനദണ്ഡമാക്കിയാണ് കേന്ദ്രവിഹിതം നിശ്ചിക്കുന്നത്.

ഉമ്മൻചാണ്ടി സർക്കാരും പിണറായി വിജയൻ സർക്കാരും തുക വർദ്ധിപ്പിച്ചത് എങ്ങനെ

ഇപ്പോൾ വിവാദമായിരിക്കുന്ന പെൻഷൻ തുകകളെ കുറിച്ചും വർദ്ധനവിനെ കുറിച്ചുമുള്ളവാദ​ഗതികളുടെ സത്യമെന്താണ്. നിയമസഭയിൽ നൽകിയ ഉത്തരങ്ങൾ അതിന് മറുപടി നൽകുന്നുണ്ട്. മുസ്ലീം ലീ​ഗ് മുതിർന്ന നേതാവായ പി കെ ബഷീറിന് പതിനാലാം നിയമസഭയുടെ പതിമൂന്നാം സമ്മേളനത്തിൽ 06-12-2018 ൽ അന്നത്തെ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക് നൽകിയ ഉത്തരം ഇങ്ങനെയാണ്.

ക്ഷേമ പെൻഷൻ പേര് - ഉമ്മൻചാണ്ടി സർക്കാരി​ന്റെ (2011-2016) കാലത്ത് നൽകിയ തുക ഒന്നാം പിണറായി സർക്കാർ (2016--2018) നൽകിയ തുക

വാർദ്ധക്യ കാല പെൻഷൻ( 75 വയസ്സ് വരെ) - 600 രൂപ - 1100

വാർദ്ധക്യകാല പെൻഷൻ (75 വയസ്സിന് മുകളിൽ)- 1,500 -1500

വികലാം​ഗപെൻഷൻ(80%വും അതിലും താഴെ വൈകല്യം) 800 -1100

വികലാം​ഗപെൻഷൻ(80%ത്തിന് മുകളിൽ വൈകല്യം) 1,100 -1300

വിധവാ പെൻഷൻ -800 -1,100

50 വയസ്സ് കഴിഞ്ഞ അവിവാഹിതകൾക്കുള്ള പെൻഷൻ -800 -1100

കർഷകതൊഴിലാളി പെൻഷൻ -----600 -1,100 എന്നിങ്ങനെയാണ് വർദ്ധനവ് എന്ന് 2018 ലെ കണക്കിൽ കാണാം. ഇത് വർദ്ധിച്ചാണ് ഇപ്പോൾ 1,600 രൂപവരെയായി മാറിയിരിക്കുന്നത്.

കേരളത്തിൽ നൽകുന്ന ക്ഷേമപെൻഷൻ 75 വയസ്സിൽ താഴെയുള്ളവർക്കുള്ളവരാണ് ഏറ്റവും കൂടുതലെന്നാണ് ലഭ്യമായ കണക്ക് കാണിക്കുന്നത്. അതിലാണ് ഉമ്മൻ ചാണ്ടി സർക്കാർ നൂറ് രൂപയുടെ വർദ്ധനവും അതിന് ശേഷം രണ്ട് വർഷത്തിനുള്ളിൽ 500 രൂപയുടെ വർദ്ധനവും ഉണ്ടായത്.ഇപ്പോഴത്തെ കാര്യത്തേക്കാൾ വിവാദ വിഷയം ഇതായതിനാൽ 2018 വരെയുള്ള കണക്കുകൾ മാത്രമാണ് ഇവിടെ നൽകുന്നത്.

social security pension kerala, Welfare pension
ഉമ്മൻചാണ്ടി സർക്കാർ നൽകിയ ക്ഷേമ പെൻഷൻ വർദ്ധനയയും പിണറായി വിജയൻ സർക്കാർ 2018 വരെ നൽകിയ പെൻഷൻ വർദ്ധനയും. മുസ്ലിം ലീഗ് നേതാവ് പി കെ ബഷീറിന് 2018 ഡിസംബർ ആറിന് നൽകിയ മറുപടിനിയമസഭാ ചോദ്യോത്തരം
social security pension, kerala CM, Welfare pension
pinarayi vIjayanCenter-Center-Kochi

കേരളത്തിലെ പെൻഷൻ കുടിശ്ശിക വിവാദങ്ങൾ

കേരളത്തിൽ ദീർഘകാലമായി ക്ഷേമപെൻഷനുകൾ വിതരണം ചെയ്യുന്നുണ്ടെങ്കിലും മുൻകാലങ്ങളിൽ അവ നൽകിയിരുന്നത് രണ്ടോ മൂന്നോ ​ഗഡുക്കളായിട്ടായിരുന്നു. അതായത്, ഓണം, വിഷു, ക്രിസ്മസ് എന്നീ സമയങ്ങളിൽ അതുവരെയുള്ള മാസ കുടിശ്ശിക കണക്കാക്കി ഒരു തുക ഒന്നിച്ച് അർഹരായവർക്ക് നൽകുന്ന സംവിധാനമായിരുന്നു. പിന്നീട് ഇത് മാറി വന്നു. ഇതിന് ദേശീയ തലത്തിൽ തന്നെ വന്ന ചില നയസമീപനങ്ങളും കാരണമായിരുന്നു. 1991 ലെ നരസിംഹറാവു സർക്കാർ ആരംഭിച്ച ആ​ഗോളവൽക്കരണകാലം മുതൽ മാറി മാറി വന്ന സർക്കാരുകൾ പൊതുചെലവുകൾ, സബ്സിഡികൾ, ക്ഷേമപദ്ധതികൾ എന്നിവയിൽ വൻവെട്ടിക്കുറവ് നടത്തിവരുകയായിരുന്നു. എന്നാൽ, ആ​ഗോളവൽക്കരണത്തി​ന്റെ ആദ്യ പതിറ്റാണ്ട് കഴിഞ്ഞപ്പോൾ തന്നെ കാര്യങ്ങൾ കൈവിട്ടുപോകുന്ന ലക്ഷണങ്ങൾ രാജ്യത്തെ വിവിധഭാ​ഗങ്ങളിൽ നിന്നുണ്ടായി. കർഷക , വിദ്യാർത്ഥി,തൊഴിൽരഹിതർ എന്നിവരുടെ ആത്മഹത്യകൾ, രാജ്യത്തെ സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരത്തിലെ വർദ്ധനവ് തുടങ്ങി സമൂഹത്തിൽ അസ്വസ്ഥപടരാൻ തുടങ്ങി. അതി​ന്റെ പ്രതിഫലനം രാജ്യത്ത് പലവിധങ്ങളിൽ കണ്ടു തുടങ്ങി. ഈ സമയത്താണ് ഒന്നാം യു പി എ സർക്കാർ അധികാരത്തിൽ വരുന്നത്. ആ​ഗോളവൽക്കരണം തുടങ്ങിവച്ചപ്പോൾ ധനമന്ത്രിയായിരുന്ന മൻമോഹൻസിങ് പ്രധാനമന്ത്രിയായി. രാജ്യത്തെ അന്തരീക്ഷം സംബന്ധിച്ച് ഉയർന്നു വന്ന വിഷയങ്ങളെ അഭിസംബോധന ചെയ്യാൻ സി പി എം, സി പി ഐ, തുടങ്ങിയ ഇടതുപക്ഷകക്ഷികളും മറ്റ് പ്രാദേശിക കക്ഷികളും ഉൾപ്പെടുന്ന കോൺ​ഗ്രസ് നയിക്കുന്ന യു പി എ സർക്കാർ നിർബന്ധിതരായി. സാമ്പത്തിക സാമൂഹിക മേഖലകളിലെ പ്രശസ്ത വ്യക്തികളായ ഴാങ് ദ്രെസ്സേ, അരുണാറോയി തുടങ്ങിയവർ സർക്കാരുമായി ഇടപെട്ട് സംസാരിച്ചു. ഇതേ തുടർന്ന് ​ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിലവിൽ വന്നു. ഇതേ സമയത്ത് തന്നെ,സാമൂഹിക സുരക്ഷാ പെൻഷൻ ഉൾപ്പടെയുള്ള കാര്യത്തിൽ ക്രിയാത്മകമായി ഇടപെടണമെന്ന തീരുമാനവും ഉണ്ടായി. ഇത് സാമൂഹിക സുരക്ഷാപെൻഷൻ സംവിധാനങ്ങൾ ശക്തിപ്പെടുന്നതിന് ഒരു പ്രധാനകാരണമായി.

സാധാരണ​ഗതിയിൽ നേരത്തെ പറഞ്ഞ ഓണം, വിഷു, ക്രിസ്മസ് സമയങ്ങളിൽ ക്ഷേമപെൻഷൻ വർദ്ധിപ്പിക്കണമെന്ന് പറഞ്ഞും കുടിശ്ശിക തീർക്കണമെന്നും പറഞ്ഞ് ചില സമരങ്ങൾ ഉണ്ടാകുമെന്നല്ലാതെ മറ്റ് വിധത്തിലുള്ള വിഷയങ്ങളൊന്നും ഉണ്ടാകാറില്ല. ക്ഷേമപെൻഷൻ മുടങ്ങിയത് കൊണ്ടു മാത്രം ഇത്തരം സമരങ്ങളല്ലാതെ കേരളത്തിൽ മാധ്യമശ്രദ്ധയാകർഷിച്ച സംഭവങ്ങളൊന്നും 2023 വരെ രേഖപ്പെടുത്തി കണ്ടിട്ടുമില്ല. പക്ഷേ, മറിയക്കുട്ടിയുടെ സമരം ദേശീയതലത്തിൽ തന്നെ വലിയ വാർത്തയാവുകയും കോൺ​ഗ്രസ് ഉൾപ്പടെ പ്രതിപക്ഷ കക്ഷികൾഏറ്റെടുക്കുയും ചെയ്തു. ഇതോടെ ഇന്നും അവസാനിക്കാതെ തുടരുന്ന ക്ഷേമപെൻഷൻ കുടിശ്ശിക വിവാദങ്ങൾക്ക് വഴിയൊരുങ്ങി.

കേരളത്തിൽ ലഭിച്ച കണക്കുകൾ പരിശോധിക്കുമ്പോൾ ദീർഘകാല ക്ഷേമപെൻഷൻ കുടിശ്ശിക വന്നത് 2001-2006 കാലത്തെ എ കെ ആ​ന്റണി ഉമ്മൻചാണ്ടി സർക്കാരി​ന്റെ കാലത്താണ് എന്ന കാണാം. അന്ന് ദേശീയ തലത്തിൽ ബി ജെ പിയുടെ എൻ ഡി എ സർക്കാരും പിന്നാലെ കോൺ​ഗ്രസി​ന്റെ യു പി എ സർക്കാരും (2004 മുതൽ) അധികാരത്തിലുള്ള കാലമാണ്. എന്നാൽ നയപരമായ മാറ്റം ദേശീയതലത്തിൽ നടപ്പിലായി തുടങ്ങിയിട്ടില്ല. അതിനാൽ തന്നെ കേരളത്തിലെ കോൺ​ഗ്രസ് ഭരണവും ക്ഷേമപദ്ധതികളിൽ വലിയ ശ്രദ്ധ ചെലുത്തിയതായി തോന്നുന്നില്ല. ജനസമ്പർക്കപരിപാടി പോലെയുള്ള പരിപാടികൾ നടത്തുകയെന്നതിലായിരുന്നു പൊതുവിലുള്ള ലക്ഷ്യം. അന്നത്തെ യു ഡി എഫ് സർക്കാർ അധികാരത്തിൽ നിന്ന് ഇറങ്ങുമ്പോൾ ഏകദേശം രണ്ടേകാൽ വർഷം ( 28 മാസം) കുടിശ്ശിക ഉണ്ടായിരുന്നു. അന്ന് പെൻഷൻ തുക 120 രൂപ മാത്രമായിരുന്നു. അതിന് ശേഷം വന്ന വി എസ് അച്യുതാനന്ദൻ സർക്കാർ 120 എന്നത് 500 രൂപയാക്കി വർദ്ധിപ്പിച്ചു. ഈ വർദ്ധനവി​ന്റെ കാലത്തും ഇടയ്ക്കിടെ മാസങ്ങളിൽ കുടിശ്ശിക വരുക എന്നത് സംഭവിക്കുമായിരുന്നുവെങ്കിലും ഏതാണ്ട് കൃത്യമായി മുന്നോട്ട് പോയി. അതിന് ശേഷം വന്ന ഉമ്മൻ ചാണ്ടി സർക്കാർ പെൻഷൻതുകയിൽ നൂറ് രൂപയുടെ വർധനവ് വരുത്തി. ചില പെൻഷൻ തുകകൾ (പ്രധാനമായും കേന്ദ്ര വിഹിതം കിട്ടുന്നത് 800 , 1,100, 1500 ആക്കിയിരുന്നു. ) ഇതേസമയം യു പി എ സർക്കാരും കോൺ​ഗ്രസും ദേശീയ തലത്തിൽ തന്നെ ക്ഷേമ പദ്ധതികളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്ന സമയവുമായിരുന്നു.

social security pension kerala
ഉമ്മന്‍ ചാണ്ടി/ഫയല്‍ ചിത്രം

ഉമ്മൻചാണ്ടി സർക്കാരി​ന്റെ കുടിശ്ശിക വിവാദത്തിൽ പല കണക്കുകൾ ഓരോരുത്തരും സൗകര്യപ്രദമായി എടുത്തുകാണിക്കുന്നുണ്ട്. ധനമന്ത്രിയായിരുന്ന ഡോ. തോമസ് ഐസക്ക്, തൃപ്പൂണിത്തുറ എം എൽ എ ആയിരുന്ന എം സ്വരാജിന് നൽകിയ മറുപടിയാണ് 18 മാസത്തെ കുടിശ്ശിക ഉണ്ടായിരുന്നില്ല എന്ന് പറയുന്നതിന് കാരണമായി പറയുന്നത്. കർഷക തൊഴിലാളി പെൻഷൻ 2014 ഡിസംബർമാസത്തെ കുടിശ്ശിക ഉണ്ടായിരുന്നുവെന്നും. മറ്റ് നാല് പെൻഷനുകളും 2014 ജനുവരി മുതൽ 2015 ജനുവരി വരെ കുടിശ്ശികയായിട്ടുണ്ടയായിരുന്നുവെന്നും പറയുന്നു.

കുടിശ്ശികയായി 1389.58 കോടി രൂപ കൊടുത്തിട്ടുണ്ടെന്നും 26-04 -2017 ൽ കൊടുത്ത ഉത്തരത്തിൽ പറയുന്നുണ്ട്. എന്നാൽ, 06-12-2018ൽ മുസ്ലിം ലീ​ഗ് നേതാവ് പി കെ ബഷീ‍ർ ഉമ്മൻ ചാണ്ടി സർക്കാർ കുടിശ്ശികയാക്കിയ ക്ഷേമ പെൻഷൻ തുകയിൽ എത്ര എൽ ഡി എഫ് സർക്കാർ കൊടുത്തിരുന്നുവെന്ന ചോദ്യത്തിന് 1473.67 കോടി രൂപ കുടിശ്ശിക തീർത്ത് നൽകിയിട്ടുണ്ട് എന്ന് വ്യക്തമാക്കുന്നുണ്ട്. ധനവകുപ്പുമായി ബന്ധപ്പെട്ടവർ ഇതേകുറിച്ച് പറയുന്ന രണ്ട് കാര്യങ്ങൾ ശ്രദ്ധേയമാണ്. പൊതുവിൽ കുടിശ്ശിക എന്ന് പറയുമ്പോൾ അപ്പോൾ ഉള്ള സമയങ്ങളിലെ കുടിശ്ശിക മാത്രമായിരിക്കും മറുപടിക്കായി പരി​ഗണിക്കുക. മുൻപുണ്ടായിരുന്ന കുടിശ്ശിക തീർക്കാതെ കിടന്നാൽ അതി​ന്റെ കണക്ക് പിന്നീടുള്ള പരിശോധനയിലാകും പലപ്പോഴും ലഭ്യമാകുക എന്നതാണ്.

കേരളത്തിൽ ഉമ്മൻ ചാണ്ടി സർക്കാർ ഭരിക്കുമ്പോൾ 2016 ഫെബ്രുവരിയിൽ എം കെ മുനീർ നൽകിയ സാമൂഹിക സുരക്ഷാ പെൻഷൻ സംബന്ധിച്ച് കെ കെ നാരായണന് നൽകിയ ഉത്തരത്തിൽ 1397.70കോടി രൂപയുടെ കുടിശ്ശികയുണ്ടെന്ന് പറയുന്നുണ്ട്. അതേ സെഷനിൽ തന്നെ കെ കെ ജയച്ചന്ദ്രന് നൽകിയ ഉത്തരത്തിൽ സെപ്തംബർ 2015 മുതൽ തുക യഥാസമയം നൽകുന്നതിൽ കാലതാമസമുണ്ടായിട്ടുണ്ട് എന്നും പറയുന്നുണ്ട്.ആ ഉത്തരത്തിലും ഈ തുകയാണ് കുടിശ്ശികയായി നൽകിയിട്ടുള്ളത്. ഇതേ സമയം 2015 ഡിസംബർ അവസാനം ക്ഷേമപെൻഷനുകൾ ആറ് മുതൽ 11 മാസം വരെ കുടിശ്ശികയായിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ഉദ്ധരിച്ച് വാ‍ർത്തകൾ വന്നിട്ടുണ്ട്. പോസ്റ്റ് ഓഫീസ് വഴിയും ബാങ്ക് വഴി പെൻഷൻ നൽകുന്ന സംവിധാനങ്ങൾ ഏർപ്പെടുത്തിയതാണ് ഈ കുടിശ്ശിക വന്നതിന് കാരണമെന്ന് ഉമ്മൻചാണ്ടിയും എം കെ മുനീറും ഡോ. തോമസ് ഐസക്കും പറയുന്നുണ്ട്.

ബാങ്ക് വഴിയുള്ളതിൽ മൂന്ന് മാസത്തെ കാര്യം മാത്രമാണ് എന്ന് ഡോ തോമസ് ഐസക്കി​ന്റെ ഉത്തരത്തിൽ വ്യക്തമാകുന്നുമുണ്ട്. അതേ സമയത്ത് നിയമസഭയിൽ നൽകിയ ഉത്തരത്തിൽ കർഷകത്തൊഴിലാളി പെൻഷൻ പത്ത് മാസവും മറ്റ് നാല് പെൻഷനും എട്ട് മാസവും കുടിശ്ശിക വന്നതായി മറുപടി നൽകിയിട്ടുണ്ട്. ഇങ്ങനെ വന്നതെല്ലാം കൂടി കണക്കിലെടുക്കുമ്പോൾ കുടിശ്ശിക പല പെൻഷനുകൾക്ക് പല കാലയളവാകുമെങ്കിലും ഏറ്റവും കൂടിയ കുടിശ്ശക പത്ത് മാസത്തിന് മുകളിലാകനായിരിക്കും സാധ്യത. ചില പെൻഷനുകൾ 18 മാസം വരെയായാലും അത്ഭുതപ്പെടാനില്ല എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇത് ബോധപൂർവ്വം സംഭവിക്കണമെന്നതാകാണമെന്നില്ല. ഉമ്മൻചാണ്ടി ഭരിക്കുന്ന സമയത്ത് 2015 ലെ തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണമായി കോൺഗ്രസും യു ഡി എഫും വിലയിരുത്തിയ പ്രധാന കാരണങ്ങളിലൊന്ന് ക്ഷേമപെൻഷൻ കുടിശ്ശികയായത് തിരിച്ചടിയായി എന്നതാണ്.

സാമ്പത്തിക പ്രതിസന്ധിയും കുടിശ്ശികയും

ഈ വിവാദങ്ങൾക്കിടയിൽ അധികമാരും ശ്രദ്ധിക്കാതെ പോകുന്ന ഒരു വസ്തുത സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതിയാണ്. കേരളത്തിൽ യു ഡി എഫ് ഭരണകാലത്തത് പൊതുവിൽ സാമ്പത്തിക പ്രതിസന്ധിയുടെ കാലം കുറവായിരുന്നുവെന്നതാണ് പൊതുവിലുള്ള ധാരണ. മാത്രമല്ല, കുടിശ്ശിക വന്ന കാലങ്ങളിൽ കുറച്ചുകാലം മാറ്റി നിർത്തിയാൽ ബാക്കി കാലമെല്ലാം കേന്ദ്രത്തിലും കോൺ​ഗ്രസ് ആണ് ഭരിച്ചിരുന്നത്. അതുകൊണ്ട് കേന്ദ്ര സർക്കാർ പണം കൊടുക്കാതിരിക്കുന്ന സാഹചര്യവും ഉണ്ടാകാനുള്ള സാധ്യതയില്ല. എ കെ ആ​ന്റണി ഭരിച്ച മൂന്നരവർഷവും ഉമ്മൻചാണ്ടിയുടെ ഭരണകാലത്തെ അവസാന രണ്ട് വർഷത്തോളവുമാണ് ബി ജെ പി നേതൃത്വം നൽകുന്ന സർക്കാർ കേന്ദ്രം ഭരിച്ചിരുന്നത്.

അക്കാലത്തൊന്നും കേരളത്തിനുള്ള പണം നൽകിയില്ലെന്നോ വായ്പ എടുക്കാൻ അനുവദിക്കാത്തോ തുടങ്ങിയ സാമ്പത്തിക വിവാദങ്ങളൊന്നും ഉണ്ടായിരുന്നില്ല. മാത്രമല്ല, പ്രകൃതി ദുരന്തങ്ങൾ, മഹാമാരി എന്നിങ്ങനെയുള്ള വിഷയങ്ങളും ഉണ്ടായിട്ടില്ല. അതുകൊണ്ടു തന്നെ അന്നത്തെ കാലത്ത് സാമ്പത്തിക ഞെരുക്കമായിരുന്നില്ല ഭരണപരമായ മറ്റോ വന്ന കാരണങ്ങളാലാകാം കുടിശ്ശിക വന്നതെന്ന് കണക്കാക്കേണ്ടി വരും. എൽ ഡി എഫ് സർക്കാർ പ്രധാനമായും പറയുന്നത് സാമ്പത്തിക പ്രതിസന്ധിയുടെ കാര്യമാണ്. പ്രത്യേകിച്ച് കേന്ദ്രസർക്കാർ നൽകേണ്ടുന്ന പണം ലഭ്യമാകുന്നില്ലെന്ന പരാതിയും നിലനിൽക്കുന്നുണ്ട്.

എന്നാൽ സംസ്ഥാന സർക്കാർ മറ്റെല്ലാം ചെലവും വെട്ടിക്കുറച്ചിട്ടാണെങ്കിലും ക്ഷേമപെൻഷൻ നൽകുന്നതിൽ മുൻഗണന കൊടുക്കേണ്ടതാണെന്ന അഭിപ്രായം മുന്നോട്ടുവെക്കുന്നവരുമുണ്ട്. പണ്ട് 32 ലക്ഷത്തോളമായിരുന്നു ക്ഷേമപെൻഷൻ എന്നതും ഇപ്പോഴത് 62 ലക്ഷത്തോളം പേർക്ക് കൊടുക്കുന്നുണ്ടെന്നും കണക്കുകൾ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com