

കൊച്ചി: ബേപ്പൂരിന് 88 നോട്ടിക്കല്‍ മൈല്‍ അകലെ അപകടത്തില്‍പ്പെട്ട വാന്‍ ഹായ് 503(Wan Hai 503 Ship )ലെ ജീവനക്കാരെ ഇനിയും കണ്ടെത്താനായിട്ടില്ല.കപ്പലിനെ കേരള തീരത്തു നിന്ന് പുറം കടലിലേക്ക് വലിച്ചു നീക്കാനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും അപകടത്തില്‍ കാണാതായ നാലു ജീവനക്കാരെക്കുറിച്ച് ഒരു വിവരവും ഇല്ല.
നാവിക-തീരരക്ഷാ സേനകള്‍ ഇവരെ കണ്ടെത്താന്‍ കപ്പലുകളും ഡോണിയര്‍ വിമാനങ്ങളും പ്രത്യേകമായി നിയോഗിച്ചിട്ടും ഫലമുണ്ടായിട്ടില്ല. കാണാതായവരില്‍ രണ്ടുപേര്‍ തയ്വാന്‍ സ്വദേശികളും ഒരാള്‍ ഇന്‍ഡൊനീഷ്യക്കാരനും മറ്റൊരാള്‍ മ്യാന്‍മാര്‍ സ്വദേശിയുമാണ്. ഇവര്‍ കപ്പലില്‍ത്തന്നെ കുടുങ്ങിപ്പോയിട്ടുണ്ടാകാമെന്ന സംശയത്തിലാണ് സേനകള്‍.
നീന്താനറിയുന്നവരാണ് എല്ലാവരും. ഇവര്‍ കടലിലേക്ക് ചാടിയിട്ടുണ്ടെങ്കില്‍ മണിക്കൂറുകള്‍ക്കകം നാവിക-തീരരക്ഷാ സേനകളുടെ കപ്പലുകള്‍ക്കോ ഡോണിയര്‍ വിമാനങ്ങള്‍ക്കോ ഇവരെ കണ്ടെത്താന്‍ സാധിക്കുമായിരുന്നു. അതുകൊണ്ട് തന്നെ ഇവര്‍ കപ്പലികത്ത് കുടുങ്ങി കിടക്കുന്നുണ്ടാകാം എന്ന സൂചനയാണുള്ളത്. കപ്പലിന്റെ മധ്യഭാഗത്തെ കണ്ടെയ്നറുകളിലൊന്നില്‍ സ്‌ഫോടനുമുണ്ടായതിനു പിന്നാലെയാണ് തീപ്പിടിത്തമുണ്ടായത്. കാണാതായ നാലുപേര്‍ ആ സമയത്ത് ആ ഭാഗത്തുണ്ടായിരുന്നിരിക്കാമെന്നാണ് സംശയിക്കുന്നത്.
കപ്പലില്‍ ആകെയുണ്ടായിരുന്നത് 22 ജീവനക്കാരായിരുന്നു. 18 പേരെ രക്ഷപ്പെടുത്തുമ്പോള്‍ ഡോണിയര്‍ വിമാനം കപ്പലിനുമുകളില്‍ നിരീക്ഷണം നടത്തുന്നുണ്ടായിരുന്നു. ഈ സമയം കാണാതായ നാലുപേരെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
