കപ്പലിലെ ഇന്ധന ചോർച്ച അടച്ചു, വോയേജ് ഡാറ്റ റെക്കോർഡർ കണ്ടെത്താനായിട്ടില്ല

ഹെവി ഫ്യൂവൽ ഓയിൽ ടാങ്ക് 22ന്റെ സൗണ്ടിങ് പൈപ്പിലുണ്ടായ ചോർച്ച അടയ്ക്കാൻ കഴിഞ്ഞതോടെ ഇന്ധന ചോർച്ച പൂർണമായി അടച്ചു എന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്.
msc elsa 3
MSC Elsa-3 - കൊച്ചി തീരത്ത് മുങ്ങിയ കപ്പല്‍ ഫയൽ
Updated on
1 min read

കൊച്ചി: അറബിക്കടലില്‍ കൊച്ചി തീരത്തിന് സമീപം മുങ്ങിയ എംഎസ് സി എല്‍സ -3 ( MSC Elsa-3 )യിലെ ഇന്ധന ചോർച്ച അടയ്ക്കുന്നത് പൂർത്തിയായി. എന്നാൽ കപ്പലിൽ നിന്ന് വോയേജ് ഡാറ്റ റെക്കോർഡർ (വിഡിആർ) വീണ്ടെടുക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. വോയേജ് ഡാറ്റ റെക്കോർഡർ കണ്ടെത്തിയാൽ മാത്രമേ ദുരന്തത്തിന് ഇടയായ കാരണം മനസിലാക്കാനാവൂ.

ഹെവി ഫ്യൂവൽ ഓയിൽ ടാങ്ക് 22ന്റെ സൗണ്ടിങ് പൈപ്പിലുണ്ടായ ചോർച്ച അടയ്ക്കാൻ കഴിഞ്ഞതോടെ ഇന്ധന ചോർച്ച പൂർണമായി അടച്ചു എന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. മേയ് 25ന് കപ്പൽ മുങ്ങിയതിനു ശേഷമുള്ള തുടർ പ്രവർത്തനങ്ങളിൽ കപ്പൽ കമ്പനിക്കും അവർ നിയോഗിച്ച ടി ആൻഡ് ടി സാൽവേജ് കമ്പനിക്കും ഗുരുതര വീഴ്ചകൾ സംഭവിച്ചുവെന്നും പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കിയില്ലെങ്കിൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും ഷിപ്പിങ് ഡയറക്ടർ ജനറൽ ശ്യാം ജഗന്നാഥൻ കഴിഞ്ഞ ദിവസം ഇരു കമ്പനികൾക്കും മുന്നറിയിപ്പു നൽകിയിരുന്നു.

15 ടാങ്കുകളിൽ നിന്നായി 26 ദിവസം കൊണ്ട് ഇന്ധനം നീക്കുന്നതിനുള്ള പദ്ധതിയാണ് ഇപ്പോൾ സാൽവേജ് കമ്പനി മുന്നോട്ടു വച്ചിരിക്കുന്നത്. ഹെവി ഫ്യൂവൽ ഓയിൽ ടാങ്ക് 22ന്റെ ചോർച്ചയ്ക്കു പുറമെ ടാങ്ക് 16ലും 17ലുമുള്ള ചോർച്ചയും അടച്ചു. ടാങ്ക് 24ന്റെ സൗണ്ടിങ് പൈപ്പ് നഷ്ടപ്പെട്ട പ്രശ്നവും പരിഹരിച്ചു. ടാങ്ക് 20, 22, 25, 26, 27 എന്നിവയുടേയും ഇൻസിനറേറ്ററിന്റെയും ക്യാപ്പിങ്ങും പൂർത്തിയായി. ഇന്ധന ചോർച്ച ഉണ്ടായിരുന്ന ഹെവി ഫ്യൂവൽ ഓയിൽ ടാങ്ക് 22, 23 എന്നിവയുടെയും തകരാർ പരിഹരിച്ചു. ഇന്ധന ചോർച്ച തടയുന്നതിന്റെ ഭാഗമായി കപ്പൽ മുങ്ങിയ ഭാഗത്ത് എത്തിയ ഡൈവിങ് സപ്പോർട്ട് യാനമായ സീമാക് 3 സാച്ചുറേഷൻ ഡൈവിങ് ഒരുക്കങ്ങൾക്കായി കൊച്ചിയിൽ തിരിച്ചെത്തി.

51 മീറ്റർ അടിയിൽ കിടക്കുന്ന കപ്പലിലെ ടാങ്കിൽ നിന്ന് ഇന്ധനം നീക്കുന്നത് ഉൾ‍പ്പെടെയുള്ള കാര്യങ്ങൾക്ക് സാച്ചുറേഷൻ ഡൈവിങ് ആവശ്യമാണ്. ഇതിനായുള്ള തയാറെടുപ്പുകൾക്ക് മൂന്ന് ദിവസം വേണ്ടിവരുമെന്നാണ് കരുതുന്നത്.

മെയ് 25നാണ് കേരളതീരത്തുനിന്ന് 14.6 നോട്ടിക്കൽ മൈൽ അകലെ അറബിക്കടലിൽ എംഎസ്‍സി എല്‍സ - 3 എന്ന ലൈബീരിയൻ ചരക്കുകപ്പൽ അപകടത്തിൽപ്പെട്ടത്. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് ചരക്കുകപ്പൽ അറബിക്കടലില്‍ മുങ്ങിയത്. കപ്പലിലുണ്ടായിരുന്ന 640 കണ്ടെയ്നറുകളില്‍ 13 എണ്ണത്തില്‍ അപകടകരമായ വസ്തുക്കളാണെന്ന് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. കപ്പല്‍ പൂര്‍ണമായി മുങ്ങിയതോടെ കണ്ടെയ്നറുകള്‍ സംസ്ഥാനത്തിന്‍റെ തെക്കന്‍ തീരങ്ങളില്‍ പലയിടത്തായി അടിഞ്ഞിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com