കേരളത്തില്‍ പുതിയ എയര്‍ സ്ട്രിപ്പുകള്‍ വരുന്നു, വ്യോമ ഗതാഗത സൗകര്യം മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍

ഇടുക്കി, കാസര്‍കോട്, വയനാട് ജില്ലകളില്‍ എയര്‍സ്ട്രിപ്പുകള്‍ക്ക് അനുയോജ്യമായ ഭൂമി കണ്ടെത്താനുള്ള നടപടികള്‍ തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍
Kerala Govt plans fast-tracks airstrip project
സത്രം എയർ സ്ട്രിപ്പ് (Kerala Govt plans fast-tracks airstrip project )ഫയൽ
Updated on
2 min read

കൊച്ചി: കേരളത്തിലെ വ്യോമ ഗതാഗതം മെച്ചപ്പെടുത്താന്‍ കൂടുതല്‍ എയര്‍ സ്ട്രിപ്പുകള്‍ സ്ഥാപിക്കാനുള്ള നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. ചെറുപട്ടങ്ങളിലേക്ക് വ്യോമ ഗതാഗതം സാധ്യമാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. (Kerala Govt plans fast-tracks airstrip project ) ഇടുക്കി, കാസര്‍കോട്, വയനാട് ജില്ലകളില്‍ എയര്‍സ്ട്രിപ്പുകള്‍ക്ക് അനുയോജ്യമായ ഭൂമി കണ്ടെത്താനുള്ള നടപടികള്‍ തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. എയര്‍ സ്ട്രിപ്പുകള്‍ സംബന്ധിച്ച സാധ്യതാ പഠനത്തിനത്തിനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്.

ഗതാഗത കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ റെയില്‍ ഇന്ത്യ ടെക്‌നിക്കല്‍ ആന്‍ഡ് ഇക്കണോമിക് സര്‍വീസ് ( RITES-KIIFCON) കേരള ഇന്‍ഫ്രാസ്ട്രക്ചര്‍-ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡിന് (കിഫ്ബി ) കീഴിലുള്ള കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ കിഫ്‌കോണ്‍ എന്നിവയുടെ നേതൃത്വത്തിലാണ് സാധ്യത പഠനം നടത്തുന്നത്. എയര്‍ സ്ട്രിപ്പുകള്‍ക്ക് അനുയോജ്യമായ സ്ഥലങ്ങളില്‍ അന്തിമ തീരുമാനം എടുക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കുന്നു. പെരിയ (കാസര്‍ഗോഡ്), കല്‍പ്പറ്റ (വയനാട്) എന്നിവിടങ്ങളാണ് ഇപ്പോള്‍ പ്രധാനമായും എയര്‍ സ്ട്രിപിനായി പരിഗണിക്കുന്നത്. ഇടുക്കിയില്‍ പുതിയ സ്ഥലം കണ്ടെത്തേണ്ടതുണ്ടെന്നും ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നു.

ഇടുക്കിയിലെ വണ്ടിപ്പെരിയാറിനടുത്തുള്ള സത്രത്തില്‍ നിലവില്‍ എന്‍സിസിയുടെ എയര്‍ സ്ട്രിപ്പ് പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ വിമാന യാത്രക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി പ്രത്യേക സൗകര്യം വികസിപ്പിക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. ''വ്യോമ ഗതാഗത സേവനങ്ങള്‍ സുഗമമാക്കുക എന്നതാണ് എയര്‍സ്ട്രിപ്പുകളുടെ പ്രധാന ലക്ഷ്യം. ഇതിന് പുറമെ പ്രകൃതി ദുരന്തങ്ങള്‍ പോലുള്ള അടിയന്തര ഘട്ടങ്ങളിലും ഇവ ഉപയോഗിക്കാം. എടിആര്‍ ഗണത്തില്‍പ്പെടുന്നതും അതില്‍ ചെറുതുമായ വിമാനങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന തരത്തിലുള്ളതായിരിക്കും എയര്‍ സ്ട്രിപ്പുകള്‍ എന്നും മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ പറയുന്നു. ടൂറിസം കണക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കുന്നതിനായി ഹെലിപോര്‍ട്ടുകള്‍, എയര്‍സ്ട്രിപ്പുകള്‍, ജലവിമാനത്താവളങ്ങള്‍ എന്നിവ വികസിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ രൂപപ്പെടുത്തുന്നതിന് കേന്ദ്ര പദ്ധതിയായ റീജിയണല്‍ കണക്റ്റിവിറ്റി സ്‌കീം ഉപയോഗിക്കാനാണ് കേരള സര്‍ക്കാര്‍ പദ്ധതി.

ഹെലിപാഡുകള്‍, എയര്‍സ്ട്രിപ്പുകള്‍ എന്നിവയുടെ വികസനത്തിനായി സര്‍ക്കാര്‍ നേരത്തെ ബജറ്റില്‍ 20 കോടി രൂപ നീക്കിവച്ചിരുന്നു. 2025-26 സംസ്ഥാന ബജറ്റില്‍ ഇടുക്കി, വയനാട്, കാസര്‍കോട് എന്നിവിടങ്ങളില്‍ എയര്‍സ്ട്രിപ്പുകള്‍ സ്ഥാപിക്കുന്നതിനുള്ള വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനും മറ്റ് പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്കുമായി 1.5 കോടി രൂപയും വകയിരുത്തിയിരുന്നു.

എയര്‍ കേരള, അല്‍ ഹിന്ദ് എന്നീ രണ്ട് പുതിയ വിമാനക്കമ്പനികള്‍ക്ക് സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തില്‍ നിന്ന് പ്രവര്‍ത്തനാനുമതി ലഭിച്ചിരുന്നു. ഇവയുടെ വാണിജ്യ വിമാന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനില്‍ നിന്ന് എയര്‍ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റിനായുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് സംസ്ഥാനത്ത് എയര്‍ സ്ട്രിപ്പുകള്‍ വികസിപ്പിക്കാന്‍ നീക്കം നടക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ഉഡാന്‍ പദ്ധതി പ്രകാരം പ്രാദേശിക കണക്റ്റിവിറ്റി വര്‍ധിപ്പിക്കുന്ന തരത്തില്‍ സര്‍വീസ് വ്യാപിപ്പിക്കാനാണ് രണ്ട് വിമാനക്കമ്പനികളും പദ്ധതിയിടുന്നത്.

സംസ്ഥാനത്ത് എക്‌സ്പ്രസ് ഹൈവേ, അതിവേഗ റെയില്‍ ഇടനാഴി പദ്ധതികള്‍ നടപ്പാക്കാനുള്ള തടസങ്ങള്‍ നിരവധിയാണെന്നിരിക്കെ ഇത് മറികടക്കാനാണ് വ്യോമ കണക്റ്റിവിറ്റി വര്‍ധിപ്പിക്കാനുള്ള നീക്കം എന്നാണ് വിലയിരുത്തല്‍. നൂതന യാത്രാ സൗകര്യങ്ങള്‍ ഒരുക്കുന്നത് വിനോദസഞ്ചാര മേഖലയ്ക്കും ഗുണം ചെയ്യും. കേരളത്തില്‍ എയര്‍സ്ട്രിപ്പുകളോ ഹെലിപാഡുകളോ വികസിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് നേരത്തെ കണ്ണൂര്‍ വിമാനത്താവള മാനേജിംഗ് ഡയറക്ടര്‍ വി തുളസീദാസും ചൂണ്ടിക്കാട്ടിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com