
കൊച്ചി: അറബിക്കടലില്‍ ലൈബീരിയന്‍ ചരക്ക് കപ്പലായ എംഎസ്സി എല്‍സ 3 ( MSC Elsa 3) മുങ്ങിയതുമായി ബന്ധപ്പെട്ട് കേസെടുത്തെങ്കിലും ജീവനക്കാരില്‍ ഭൂരിഭാഗത്തിനും കോവിഡ് ബാധിച്ചതിനാല്‍ പൊലീസിന് ഇതുവരെ ഇവരുടെ മൊഴി രേഖപ്പെടുത്താന്‍ സാധിച്ചിട്ടില്ല. ക്രൂ അംഗങ്ങള്‍ കൊച്ചിയിലെ ഒരു ഹോട്ടലില്‍ ക്വാറന്റൈനിലാണ്. ജീവനക്കാര്‍ അടുത്തിടെ വൈദ്യപരിശോധനയ്ക്ക് വിധേയരായതായും തുടര്‍ന്ന് ഇവരില്‍ ഭൂരിഭാഗവും കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതായും പൊലീസ് പറഞ്ഞു.
'ഞങ്ങള്‍ ഷിപ്പിങ് കമ്പനിയുമായി ബന്ധപ്പെട്ടിട്ടുണ്ട്, മിക്ക ക്രൂ അംഗങ്ങള്‍ക്കും നിലവില്‍ രോഗബാധയുണ്ടെന്ന് അവര്‍ ഞങ്ങളെ അറിയിച്ചു. അവരുടെ മൊഴി രേഖപ്പെടുത്തുന്നതിന് അവരുടെ ആരോഗ്യം മെച്ചപ്പെടുന്നതുവരെ ഞങ്ങള്‍ കാത്തിരിക്കും. അതേസമയം, അവശിഷ്ടങ്ങളെക്കുറിച്ചും കടലില്‍ വീണ ചരക്ക് കണ്ടെയ്നറുകളെക്കുറിച്ചും കമ്പനിയില്‍ നിന്ന് വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്. കപ്പല്‍ കൊച്ചി തുറമുഖത്തേക്ക് യാത്ര ആരംഭിക്കുന്നതിന് മുമ്പ് കപ്പലില്‍ കയറ്റിയ കണ്ടെയ്നറുകള്‍ സംബന്ധിച്ച് വിഴിഞ്ഞം തുറമുഖത്ത് നിന്നും വിശദാംശങ്ങള്‍ തേടും'- പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ രാജ്യം വിടാന്‍ അനുമതി തേടി ജീവനക്കാര്‍ക്ക് കോടതിയെ സമീപിക്കാമെന്നും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.
'അന്വേഷണത്തിനോ വിചാരണയ്ക്കോ ആവശ്യമുള്ളപ്പോഴെല്ലാം ക്യാപ്റ്റനും ക്രൂവും ലഭ്യമാണെന്ന് ഉറപ്പാക്കാന്‍ കോടതി വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തും. പ്രതികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കുറ്റങ്ങള്‍ നിലവില്‍ ജാമ്യം ലഭിക്കാവുന്നവയാണ്,'- ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കപ്പലിന്റെ ഉടമയായ മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിയാണ് (എംഎസ്സി) ഒന്നാം പ്രതി. കപ്പലിന്റെ ക്യാപ്റ്റനായ റഷ്യന്‍ പൗരന്‍ ഇവാനോവ് അലക്സാണ്ടര്‍, റഷ്യ, ഉക്രെയ്ന്‍, ജോര്‍ജിയ, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ള 23 ക്രൂ അംഗങ്ങള്‍ എന്നിവരാണ് മറ്റു പ്രതികള്‍. അശ്രദ്ധമായ നാവിഗേഷന്‍, അപകടകരവും കത്തുന്നതുമായ സ്ഫോടകവസ്തുക്കളുടെ അശ്രദ്ധമായ കൈകാര്യം ചെയ്യല്‍ അടക്കമുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates