
കണ്ണൂർ: വ്യോമപാതകൾ അടച്ചതുമായി ബന്ധപ്പെട്ട പ്രതിസന്ധികൾ കാരണം കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള ചില വിമാനങ്ങൾ റദ്ദാക്കിയതായി എയർപോർട്ട് അധികൃതർ അറിയിച്ചു. കണ്ണൂരിൽ നിന്ന് ദുബായ്, ഷാർജ എന്നിവിടങ്ങളിലേക്കുള്ള രണ്ട് സർവീസുകളാണ് (Dubai and Sharjah flights) ഇന്ന് റദ്ദാക്കിയത്. യാത്ര ചെയ്യുന്നവർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് അതത് വിമാന കമ്പനികളുമായി ബന്ധപ്പെട്ട് സർവീസുകളുടെ സ്ഥിതി അന്വേഷിക്കണമെന്ന് വിമാനത്താവള അധികൃതർ സോഷ്യൽ മീഡിയയിലൂടെ നൽകിയ അറിയിപ്പിൽ പറയുന്നു.
ഇസ്രയേൽ- ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ വിവിധ രാജ്യങ്ങൾ വ്യോമപാത താത്കാലികമായി അടച്ചിട്ടിരിക്കുകയാണ്. ഇന്ത്യൻ വിമാനങ്ങൾക്ക് പാകിസ്ഥാൻ വ്യോമപാതയിൽ നേരത്തെ തന്നെ വിലക്കുണ്ട്.
ഈ സാഹചര്യത്തിൽ പല വിമാനങ്ങളും ഒമാൻ വ്യോമപാതയാണ് ഉപയോഗിക്കുന്നത്. ഈ വ്യോമപാതയിൽ തിരക്കേറിയതോടെയാണ് സർവീസുകൾ വെട്ടിക്കുറയ്ക്കാൻ കമ്പനികൾ നിർബന്ധിതമായത്. ഗൾഫിലെ വേനൽ അവധി കൂടിയായതിനാൽ നാട്ടിലേക്ക് വരാൻ കാത്തിരുന്ന പ്രവാസികളെയും ഈ പ്രതിസന്ധി ബാധിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates