

കണ്ണൂര്‍: തനിക്കെതിരെ ആള്‍ക്കൂട്ട മര്‍ദ്ദനം ഉണ്ടായെന്ന് കണ്ണൂര്‍ കായലോട് സദാചാര വിചാരണയെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത യുവതിയുടെ സുഹൃത്തിന്റെ മൊഴി. മര്‍ദ്ദിച്ചതിനും ഫോണ്‍ തട്ടിയെടുത്തതിനും യുവതിയുടെ സുഹൃത്ത് റഹീസിന്റെ പരാതിയില്‍ അഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മുബബിര്‍, ഫൈസല്‍, റഫ്‌നാസ്, സുനീര്‍, സഖറിയ എന്നിവരാണ് പ്രതികള്‍. തലശേരി എഎസ്പിയുടെ നേതൃത്വത്തില്‍ പിണറായി പൊലീസ് സ്റ്റേഷനിലാണ് യുവാവിന്റെ മൊഴി രേഖപ്പെടുത്തിയത്.
ഫോണ്‍ തട്ടിയെടുക്കല്‍, മര്‍ദ്ദനം ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. യുവതിയുമായി കാറില്‍ സംസാരിച്ചിരിക്കെ പിടിച്ചിറക്കി മര്‍ദ്ദിച്ചെന്ന് എഫ്‌ഐആറില്‍ പറയുന്നു. ഫോട്ടോ പരസ്യപ്പെടുത്തുമെന്ന് പറഞ്ഞ് തന്നെ ഭീഷണിപ്പെടുത്തിയതായും മൂന്ന് മൊബൈല്‍ ഫോണുകള്‍ ബലം പ്രയോഗിച്ച് കൈക്കലാക്കിയതായും റഹീസിന്റെ മൊഴിയില്‍ പറയുന്നു. സ്‌കൂട്ടറില്‍ കയറ്റി തട്ടിക്കൊണ്ടുപോയി ഒഴിഞ്ഞ പറമ്പില്‍ വെച്ച് മര്‍ദ്ദിച്ചെന്നതാണ് കേസ്. തന്നെ മര്‍ദ്ദിച്ചത് യുവതിയോട് സംസാരിച്ചതിന്റെ വിരോധം മൂലമാണെന്നും യുവാവ് മൊഴി നല്‍കിയതായും പൊലീസ് പറയുന്നു.
യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുടുംബത്തിന്റെ ആരോപണം റഹീസ് നിഷേധിച്ചു. മൂന്നര വര്‍ഷം മുന്‍പ് യുവതിയെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് പരിചയപ്പെട്ടതെന്നും സാമ്പത്തിക ഇടപാടുകള്‍ ഒന്നും നടന്നിട്ടില്ലെന്നും യുവാവ് പൊലീസിന് മൊഴി നല്‍കി. യുവതിയുടെ പണവും സ്വര്‍ണവും തട്ടിയെടുത്തെന്നും അതിന്റെ പേരില്‍ ഭീഷണിപ്പെടുത്തിയെന്നുമാണ് യുവതിയുടെ കുടുംബം ആരോപിച്ചത്.
യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് കൊണ്ട് തലശ്ശേരി എസിപിക്ക് കുടുംബം കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു. യുവതിയുടെ സുഹൃത്തിനെക്കുറിച്ചും യുവതിക്ക് ഇയാളുമായുള്ള ബന്ധത്തെക്കുറിച്ചും അന്വേഷിക്കണമന്നായിരുന്നു പരാതിയില്‍ കുടുംബം ഉന്നയിച്ചിരുന്ന ആവശ്യം.
നേരത്തെ യുവതിയുടെ സുഹൃത്തിനെ എസ്ഡിപിഐ ഓഫീസില്‍വെച്ച് വിചാരണ ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഒരുകൂട്ടം ആളുകള്‍ കൂടിയിരുന്ന് യുവാവിനെ ചോദ്യം ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. യുവതിക്ക് മനോവിഷമമുണ്ടെന്ന് യുവാവ് മറുപടി പറയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. സംഭവത്തില്‍ യുവാവിന് മര്‍ദ്ദനമേറ്റിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ രണ്ട് പേരുടെയും കുടുംബങ്ങളെ വിളിച്ച് ചര്‍ച്ച നടത്തുകയായിരുന്നുവെന്നാണ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ നല്‍കുന്ന വിശദീകരണം. പ്രതികള്‍ എസ്ഡിപിഐ ഓഫീസില്‍ യുവതിയുടെ സുഹൃത്തിനെയെത്തിച്ച് അഞ്ച് മണിക്കൂര്‍ ചോദ്യം ചെയ്‌തെന്ന് പൊലീസ് പറഞ്ഞിരുന്നു.
യുവതി ആത്മഹത്യ ചെയ്തത് ആള്‍ക്കൂട്ട വിചാരണയെ തുടര്‍ന്നാണെന്നാണ് കഴിഞ്ഞദിവസം കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ പി നിധിന്‍ രാജ് പറഞ്ഞത്. ആത്മഹത്യാക്കുറിപ്പില്‍ ഇക്കാര്യം വിശദമായി പറയുന്നുണ്ടന്നും പ്രതികളുടെ പേരുകള്‍ പരാമര്‍ശിച്ചതിനെ തുടര്‍ന്നാണ് യുവാക്കളെ അറസ്റ്റ് ചെയ്തതെന്നും പൊലീസ് കമ്മീഷണര്‍ പറഞ്ഞു.
യുവതിയുടെ സുഹൃത്തിന്റെ മൊബൈല്‍ ഫോണ്‍ പിടികൂടിയത് പ്രതികളുടെ കൈയ്യില്‍ നിന്നാണെന്നും കമ്മീഷണര്‍ പറഞ്ഞു. എസ്ഡിപിഐ പ്രവര്‍ത്തകരായ പ്രതികള്‍ പറമ്പായിയിലെ എസ്ഡിപിഐ ഓഫിസിലെത്തിച്ചു അഞ്ച് മണിക്കൂര്‍ യുവാവിനെ ചോദ്യം ചെയ്തതായും കമ്മീഷണര്‍ പറഞ്ഞു. യുവതിയുടെ മരണത്തിന് ഇടയാക്കിയ ആള്‍ക്കൂട്ട വിചാരണയില്‍ കൂടുതല്‍പ്പേര്‍ ഉണ്ടായിരുന്നോയെന്ന് അന്വേഷിച്ചു വരികയാണെന്നും സിറ്റി പൊലിസ് കമ്മിഷണര്‍ അറിയിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് യുവതിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ എസ്ഡിപിഐ പ്രവര്‍ത്തകരും പറമ്പായി സ്വദേശികളായ എംസി മന്‍സിലില്‍ വിസി മുബഷീര്‍, കണിയാന്റെ വളപ്പില്‍ കെഎ ഫൈസല്‍, കൂടത്താന്‍കണ്ടി ഹൗസില്‍ വി കെ റഫ്‌നാസ് എന്നിവരെയാണ് പിണറായി പൊലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണാ കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
അതേസമയം, അറസ്റ്റിലായവര്‍ നിരപരാധികളാണെന്നാണ് യുവതിയുടെ ഉമ്മ പറഞ്ഞത്. അറസ്റ്റിലായവര്‍ ബന്ധുക്കളാണെന്നും പ്രശ്നക്കാരല്ലെന്നും സഹോദരിയുടെ മകന്‍ ഉള്‍പ്പടെയാണ് അറസ്റ്റിലായതെന്നും ഉമ്മ പറഞ്ഞു. യാതൊരു പ്രശ്നത്തിനും പോകാത്ത ചെറുപ്പക്കാരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മകള്‍ക്ക് അടുപ്പമുണ്ടായിരുന്ന യുവാവ് അവളെ ചൂഷണം ചെയ്യുകയായിരുന്നു. മൂന്നു വര്‍ഷമായി ബന്ധമുണ്ടായിരുന്നുവെന്ന കാര്യം ഇപ്പോഴാണ് അറിയുന്നതെന്നും ഉമ്മ പറഞ്ഞു.
kayalod woman suicide on moral policing, case against five accused
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
