മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണലില്‍ മികച്ച മുന്നേറ്റം കാഴ്ചവെച്ച സ്വതന്ത്ര സ്ഥാനാര്‍ഥി പി വി അന്‍വറിനെ മുന്നണിയില്‍ എടുക്കുന്ന കാര്യം യുഡിഎഫ് ചര്‍ച്ച ചെയ്യട്ടെ എന്ന് മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. സര്‍ക്കാരിനെതിരായ ജനവിരുദ്ധ വികാരമാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. ഒരു വോട്ടിന് ജയിച്ചാല്‍ പോലും അത് ഭരണവിരുദ്ധ വികാരമാണെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
'സര്‍ക്കാരിനെതിരായ ജനവികാരം പ്രകടമാണ്. ജനങ്ങളുടെ കാഴ്ചപ്പാട് വ്യക്തമാണ്. മറ്റു ഘടകങ്ങളും ഉണ്ട്. എന്തൊക്കെ നെഗറ്റീവ് ഉണ്ടെങ്കിലും യുഡിഎഫ് ജയിക്കും എന്നാണ് ഫലസൂചനകള്‍ നല്‍കുന്നത്. ഒരു വോട്ടിന് ജയിച്ചാല്‍ പോലും ഭരണവിരുദ്ധ വികാരമാണ്.യുഡിഎഫ് തോറ്റ സീറ്റാണ് നിലമ്പൂര്‍. തോറ്റ സീറ്റില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയിക്കുന്നു എന്ന് പറഞ്ഞാല്‍ ഭരണവിരുദ്ധ വികാരം തന്നെയാണ്. അന്‍വര്‍ അടക്കം നിരവധി മറ്റു ഫാക്ടറുകള്‍ ഉണ്ടായിട്ടും യുഡിഎഫ് ജയിച്ചതിന് കാരണം ഭരണവിരുദ്ധ വികാരമാണ്.'- പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പി വി അന്‍വറിനെ മുന്നണിയില്‍ എടുക്കുന്ന കാര്യം യുഡിഎഫ് ചേര്‍ന്ന് ചര്‍ച്ച ചെയ്യട്ടെ. ഇക്കാര്യം ചര്‍ച്ച ചെയ്ത ശേഷം വിലപ്പെട്ട മറുപടി നല്‍കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
അന്‍വറിന് മുന്നില്‍ വാതില്‍ അടച്ചിട്ടില്ലെന്ന് സണ്ണി ജോസഫ്
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണലില്‍ കരുത്തുകാട്ടിയ സ്വതന്ത്ര സ്ഥാനാര്‍ഥി പി വി അന്‍വറിന് മുന്നില്‍ വാതില്‍ അടച്ചിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. പി വി അന്‍വറിന്റെ മുന്നില്‍ യുഡിഎഫ് വാതില്‍ അടച്ചിട്ടില്ല. യുഡിഎഫ് പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയെ പരസ്യമായി തള്ളിയതു കൊണ്ടാണ് പി വി അന്‍വറിന്റെ യുഡിഎഫ് പ്രവേശനം അന്ന് നടക്കാതെ പോയത്. ഇപ്പോഴും വാതില്‍ അടച്ചിട്ടില്ല. യുഡിഎഫ് പ്രവേശനം സംബന്ധിച്ച് ഇനിയും ചര്‍ച്ചയാകാമെന്നും സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.
സണ്ണി ജോസഫ് കെപിസിസി പ്രസിഡന്റ് ആയതിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണിത്. 'തെരഞ്ഞെടുപ്പിലെ നേട്ടം തന്റെ മാത്രമല്ല. കെപിസിസി പ്രസിഡന്റ് ഒറ്റയ്ക്കല്ല. കരുത്തുറ്റ ടീമാണ്. യുഡിഎഫ് അതിശക്തമാണ്. ജനപിന്തുണ ലഭിച്ചതാണ് ആര്യാടന്‍ ഷൗക്കത്തിന്റെ മുന്നേറ്റത്തിന് വഴിതെളിയിച്ചത്. ജനങ്ങളോട് നന്ദി പറയുന്നു. ഈ ടീംവര്‍ക്ക് തുടരുക തന്നെ ചെയ്യും.2026ന്റെ വിജയത്തിന്റെ ചവിട്ടുപടിയായി നിലമ്പൂര്‍ മാറും. പി വി അന്‍വര്‍ കൂടെ ഉണ്ടായിരുന്നെങ്കില്‍ നന്നായേനെ'- പി വി അന്‍വറിന്റെ മുന്നേറ്റം സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി സണ്ണി ജോസഫ് പറഞ്ഞു.
പി വി അന്‍വറിനെ യുഡിഎഫിന്റെ ഭാഗമാക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്. പി വി അന്‍വര്‍ 15000നും 20000 നും ഇടയില്‍ വോട്ടുപിടിക്കും.പി വി അന്‍വറിന്റെ മുന്നില്‍ യുഡിഎഫ് വാതില്‍ അടച്ചിട്ടില്ല. അത് മാധ്യമങ്ങളുടെ സൃഷ്ടിയാണ്. യുഡിഎഫ് പ്രവേശനം സംബന്ധിച്ച് വീണ്ടും ചര്‍ച്ചയാകാമെന്നും അദ്ദേഹം സൂചന നല്‍കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates