എല്‍സ 3 കേരള തീരത്തിന് ഭീഷണിയാവുന്നു, എണ്ണ നീക്കം ചെയ്യല്‍ അനിശ്ചിതത്വത്തില്‍; സാല്‍വേജ് സംഘം സ്ഥലം വിട്ടു

നിലവില്‍ മുങ്ങിയ കപ്പലില്‍ നിന്ന് ആര്, എപ്പോള്‍ എണ്ണയും പാരിസ്ഥിതിക ഭീഷണി ഉയര്‍ത്തുന്ന രാസ പദാര്‍ഥങ്ങളും നീക്കം ചെയ്യും എന്ന കാര്യം അനിശ്ചിതത്വത്തിലാണ്.
MSC ELSA 3 before sinking on kochi
MSC ELSA 3 File
Updated on
3 min read

കൊച്ചി: ഒരു മാസം മുന്നേ തോട്ടപ്പള്ളി ഹാര്‍ബറില്‍ നിന്ന് 14.6 നോട്ടിക്കല്‍ മൈല്‍ ദൂരത്തു പുറംകടലില്‍ മുങ്ങിയ എല്‍സ 3 എന്ന ചരക്ക് കപ്പല്‍ കേരള തീരത്തിന് ഭീഷണിയാവുന്നു. കഴിഞ്ഞ മെയ് 25 നു മുങ്ങിയ കപ്പലിന്റെ ബങ്കറില്‍ ഉള്ള 367 ടണ്‍ സള്‍ഫര്‍ കുറഞ്ഞ എണ്ണയും 84 ടണ്‍ മറൈന്‍ ഡീസലും ജൂലൈ 3 നു മുന്‍പ് നീക്കം ചെയ്യണം എന്നാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ്, കപ്പല്‍ ഉടമസ്ഥരായ മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിക്കു അന്ത്യ ശാസനം നല്‍കിയിരുന്നത്. എന്നാല്‍ എണ്ണ നീക്കം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണെന്ന് ആണയിട്ടു പറഞ്ഞിരുന്ന കപ്പല്‍ കമ്പനി, ഇതിനായി നിയോഗിച്ചിരുന്ന കമ്പനിയുമായുള്ള കരാര്‍ അവസാനിപ്പിച്ചിരിക്കുകയാണ്.

എണ്ണ നീക്കം ചെയ്യാനും കപ്പലിന്റെ അവശിഷ്ടങ്ങളും മാരക രാസ പദാര്‍ഥങ്ങള്‍ അടങ്ങിയ കണ്ടെയ്‌നറുകള്‍ നീക്കം ചെയ്യാനുമായി കൊണ്ട് വന്ന ടി ആന്‍ഡ് ടി സാല്‍വേജ് എന്ന കമ്പനി പണി നിര്‍ത്തി വച്ച് സ്ഥലം വിട്ടെന്ന് മെര്‍ക്കന്‍ടൈല്‍ മറൈന്‍ ഡിപ്പാര്‍ട്‌മെന്റ് അധികൃതര്‍ പറയുന്നു. നിലവില്‍ മുങ്ങിയ കപ്പലില്‍ നിന്ന് ആര്, എപ്പോള്‍ എണ്ണയും പാരിസ്ഥിതിക ഭീഷണി ഉയര്‍ത്തുന്ന രാസ പദാര്‍ഥങ്ങളും നീക്കം ചെയ്യും എന്ന കാര്യം അനിശ്ചിതത്വത്തിലാണ്.

ലോകത്തിലെ പ്രമുഖ സാല്‍വേജ് ടീമായ ടി ആന്‍ഡ് ടി സാല്‍വേജ്, കടലിന്റെ അടിത്തട്ടില്‍ ഏകദേശം 54 മീറ്റര്‍ ആഴത്തില്‍ കിടക്കുന്ന എല്‍സ 3 യില്‍ നിന്ന് എണ്ണ നീക്കം ചെയ്യാനും ചരക്കുകളും കപ്പലിന്റെ അവശിഷ്ടങ്ങളും നീക്കം ചെയ്യാനുമുള്ള സാങ്കേതിക പരിജ്ഞാനം ഇല്ല എന്ന് പറഞ്ഞാണ് പിന്മാറിയതെന്നു കപ്പല്‍ ഉടമകള്‍ ഡി ജി ഷിപ്പിംഗ് അധികൃതരെ അറിയിച്ചു. എന്നാല്‍ ഇത് തൊടുന്യായം ആണെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു. ലോകത്തിലെമ്പാടും മുങ്ങിയ കപ്പലില്‍ നിന്ന് എണ്ണയും ചരക്കും നീക്കം ചെയ്തിട്ടുള്ള ടി ആന്‍ഡ് ടി സാല്‍വേജിനു സാങ്കേതിക പരിജ്ഞാനം ഇല്ല എന്ന വാദം ശരിയല്ല. ഇവര്‍ ദക്ഷിണ ആഫ്രിക്കയില്‍ നിന്നും സിംഗപ്പൂരില്‍ നിന്നും മുങ്ങല്‍ വിദഗ്ധരെ കൊണ്ട് വന്നു കപ്പലില്‍ നിന്ന് എണ്ണ നീക്കം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. ഇതിനായി രണ്ടു ടഗ്ഗുകളും ഏര്‍പ്പെടുത്തി.

കഴിഞ്ഞ ജൂണ്‍ 12 നു ഇവരുടെ മുങ്ങല്‍ വിദഗ്ധര്‍ കടലിന്റെ അടിത്തട്ടില്‍ എത്തി ചോര്‍ച്ചയുണ്ടായിരുന്ന എണ്ണ ടാങ്കിലെ പൈപ്പുകള്‍ സീല്‍ ചെയ്യുകയും ഇതിന്റെ വീഡിയോ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഹോട് ടാപ്പിംഗ് സാങ്കേതിക വിദ്യയിലൂടെ ബങ്കറില്‍ ഇന്ന് എണ്ണ നീക്കം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ മൂന്നു ദിവസത്തിനകം ആരംഭിക്കുമെന്നാണ് ആ ഘട്ടത്തില്‍ എം എസ് സി അധികൃതര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ബങ്കറില്‍ നിന്ന് എണ്ണ നീക്കം ചെയ്യുന്നതിനായി വിദേശത്തു നിന്ന് ഇറക്കുമതി ചെയ്ത സാച്ചുറേഷന്‍ ഡൈവിംഗ് സിസ്റ്റം ഘടിപ്പിക്കാന്‍ എന്ന പേരിലാണ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചു ഡൈവിംഗ് സംഘം പത്തു ദിവസം മുന്‍പ് സീമാക് എന്ന ഡൈവിംഗ് സഹായ കപ്പലുമായി കൊച്ചി തീരത്തേക്ക് മടങ്ങിയത്. ഡൈവിംഗ് പ്രെഷര്‍ നിയന്ത്രിക്കുന്ന ഉപകരണങ്ങള്‍ എമിഗ്രേഷന്‍ ക്ലീറന്‍സ് കഴിഞ്ഞു മൂന്നു ദിവസത്തിനുള്ളില്‍ എത്തും എന്നാണ് അന്ന് പറഞ്ഞത്.

കപ്പലില്‍ നിന്ന് എണ്ണ നീക്കം ചെയ്യാന്‍ ടി ആന്‍ഡ് ടി സാല്‍വേജ് രണ്ടു മാസ്റ്റര്‍മാര്‍, രണ്ടു പ്രൊജക്റ്റ് മാനേജര്‍മാര്‍, രണ്ടു കെമിസ്റ്റുകള്‍, ആറംഗ ഡൈവിംഗ് ടീം, സൈറ്റ് സ്‌കാനര്‍ ഘടിപ്പിച്ച ആധുനിക സംവിധാനങ്ങള്‍ ഉള്ള കപ്പല്‍ എന്നിവ എത്തിച്ചിരുന്നു. എന്നാല്‍ പെട്ടെന്നുള്ള സാല്‍വേജ് ടീമിന്റെ പിന്മാറ്റം സംശയം ഉയര്‍ത്തുന്നു. കാലവര്‍ഷം തുടങ്ങിയതിനാല്‍ കടല്‍ പ്രക്ഷുബ്ധമാണെന്നും ദീര്‍ഘ നേരം കടലിനടിയില്‍ നിന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ലെന്നും കപ്പല്‍ ഉടമകള്‍ പറയുന്നു. കടല്‍ ശാന്തമാവുന്ന മുറയ്ക്ക് പുതിയ സാല്‍വേജ് ടീമിനെ എത്തിക്കാം എന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. ജൂണ്‍ ഒന്ന് മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള തെക്കു കിഴക്കന്‍ കാലവര്‍ഷ സമയത്തു കേരളത്തിന്റെ തീരക്കടല്‍ പൊതുവെ പ്രക്ഷുബ്ധമായിരിക്കും. അതിനാല്‍ അടുത്തെങ്ങും കപ്പലില്‍ നിന്ന് എണ്ണ നീക്കം ചെയ്യുന്ന പ്രവൃത്തികള്‍ ആരംഭിക്കാന്‍ ഇടയില്ല. സാങ്കേതിക പരിജ്ഞാനമുള്ള ടീമിനെ കിട്ടിയില്ല എന്ന് പറഞ്ഞു പ്രവര്‍ത്തനങ്ങള്‍ നീട്ടികൊണ്ടു പോകാനും സാധ്യത ഏറെയാണ്.

കപ്പലിലെ എണ്ണ സംഭരണ ടാങ്കുകള്‍ സീല്‍ ചെയ്തതിനാല്‍ നിലവില്‍ എണ്ണ ചോര്‍ച്ചയുടെ ഭീഷണിയില്ല എന്ന് വാദിക്കാം, പക്ഷെ മുങ്ങിയ കപ്പലിലെ 12 കണ്ടെയ്‌നറുകളില്‍ കാല്‍സ്യം കാര്‍ബൈഡ് എന്ന രാസ വസ്തുവാണുള്ളത്. മറ്റൊരു കണ്ടെയ്‌നറില്‍ ആന്റി ഓക്‌സിഡന്റ് റബ്ബര്‍ കെമിക്കലുമുണ്ട്. ഇവ തീരക്കടലില്‍ വെള്ളവുമായി രാസപ്രവര്‍ത്തനം നടന്നാല്‍ അത് കടലിലെ പരിസ്ഥിതിയെ പ്രതികൂലമായി ബാധിച്ചേക്കാം.

മെയ് 28 നു കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ച ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിംഗ് ശ്യാം ജഗന്നാഥന്‍ കപ്പല്‍ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നില്ലെന്നു ഉറപ്പാക്കുമെന്ന് പറഞ്ഞിരുന്നു.

അദ്ദേഹത്തിന്റെ വാക്കുകള്‍: 'കപ്പല്‍ മുങ്ങിയാല്‍ ഉടമകള്‍ സ്വീകരിക്കേണ്ട ചില നടപടിക്രമങ്ങള്‍ ഉണ്ട്. ഇത് അന്താരാഷ്ട്ര നിയമത്തിന്റെ ഭാഗമാണ്. ആദ്യം കപ്പലിലെ എണ്ണ സുരക്ഷിതമായി നീക്കം ചെയ്യണം. പിന്നെ മുങ്ങിയ കണ്ടെയ്‌നറുകള്‍ ഉയര്‍ത്തണം. അത് കഴിഞ്ഞാല്‍ മുങ്ങിയ കപ്പലിന്റെ അവശിഷ്ടങ്ങളും നീക്കണം. കപ്പല്‍ ഉപേക്ഷിച്ചു മുങ്ങാന്‍ ഉടമസ്ഥര്‍ക്ക് കഴിയില്ല, അതിനനുവദിക്കുകയും ഇല്ല.'

മുങ്ങിയ കപ്പലിലെ രാസപദാര്‍ഥങ്ങള്‍ കടല്‍ ജീവികളെ ബാധിക്കുന്നതു കൂടാതെ മത്സ്യ തൊഴിലാളികളുടെ ഉപജീവനത്തെയും ബാധിക്കും എന്ന് വിദഗ്ധര്‍ ആശങ്കപ്പെടുന്നു. കപ്പല്‍ ഇപ്പോള്‍ കിടക്കുന്നത് മത്സ്യ ബന്ധന യാനങ്ങളുടെ സഞ്ചാര മേഖലയിലാണ്. അതിനാല്‍ കപ്പലില്‍ ഉടക്കി മത്സ്യ തൊഴിലാളികളുടെ വലകള്‍ നശിക്കും. ഇത് കൂടാതെ മേഖലയില്‍ കൂടി കടന്നു പോകുന്ന കപ്പലുകള്‍ക്കും ഇത് ഭീഷണിയാണ്.

അതേസമയം ജൂണ്‍ 9 നു തീപിടിച്ച വാന്‍ ഹായ് 503 എന്ന കപ്പല്‍ കോസ്റ്റ് ഗാര്‍ഡും സാല്‍വേജ് സംഘവും ചേര്‍ന്ന് തീരത്തു നിന്ന് 70 നോട്ടിക്കല്‍ മൈല്‍ ദൂരത്തേക്ക് മാറ്റിയിട്ടുണ്ട്. അവരോടു കൂടുതല്‍ തെക്കോട്ടു നീങ്ങാന്‍ നിര്‍ദേശം നല്‍കിയതായി അധികൃതര്‍ അറിയിച്ചു.

Summary

Oil extraction from sunken MSC Elsa 3 hits dead end as shipping firm drops salvage contractor

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com