
തിരുവനന്തപുരം: കുടുംബത്തിനു വലിയ രീതിയിലുള്ള സാമ്പത്തിക ബാധ്യത ഇല്ലായിരുന്നെന്ന് വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ പിതാവ് അബ്ദുൽ റഹീം. താൻ കുടുംബവുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. അഫാനുമായി ഫോണില്‍ സംസാരിക്കുമായിരുന്നു. അഫാന്‍ വിദേശത്തേയ്ക്കു പണം അയച്ചുതന്നിട്ടില്ല. നടന്നതെന്തെന്ന് പൊലീസ് കണ്ടെത്തട്ടെയെന്നും ഭാര്യ ഷമീനയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും അബ്ദുൽ റഹീം പറഞ്ഞു.
എന്നാൽ പെൺസുഹൃത്തിനെയടക്കം അഞ്ച് പേരുടെ കൂട്ടക്കൊലയ്ക്ക് പിന്നിൽ സാമ്പത്തിക ബാധ്യതയാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. 65 ലക്ഷത്തോളം രൂപ കടമുണ്ടെന്നായിരുന്നു പ്രതി അഫാൻ പൊലീസിനോട് പറഞ്ഞത്. ബാങ്ക് ലോണും ഒരു മറ്റു കടങ്ങളും ഉൾപ്പെടെ 15 ലക്ഷത്തിന്റെ ബാധ്യതയുണ്ടായിരുന്നു. എന്നാൽ കുടുംബത്തിന് അത്രയും വലിയ കടബാധ്യത ഉണ്ടായിരുന്നതായി തനിക്കറിയില്ലെന്നുമാണ് അബ്ദുൽ റഹീം പാങ്ങോട് പൊലീസിന് നൽകിയ മൊഴി.
ഫർസാനയും അഫാനുമായുള്ള ബന്ധം റഹീമിന് അറിയാമായിരുന്നു. അഫാൻ പണയംവച്ച ഫർസാനയുടെ സ്വർണം എടുക്കാൻ അടുത്തിടെ 60,000 രൂപ അയച്ചു കൊടുത്തിരുന്നു. തനിക്കുണ്ടായ സാമ്പത്തിക ബുദ്ധിമുട്ട് ഒരുതരത്തിലും മകനെ അറിയിച്ചിരുന്നില്ലെന്നും റഹീം പറയുന്നു. സാമ്പത്തിക ഇടപാടുകളെ കുറിച്ച് കൂടുതൽ വിവരങ്ങൾ തേടാൻ അബ്ദുൽ റഹിമിന്റെ മൊഴി വീണ്ടും പൊലീസ് രേഖപ്പെടുത്തും. അതേസമയം, മകൻ ആക്രമിച്ച വിവരം മറച്ചുവച്ചാണ് അഫാന്റെ അമ്മ ഷമീന മജിസ്ട്രേട്ടിനു മുന്നിൽ മൊഴി നൽകിയത്. കട്ടിൽനിന്നു വീണ് പരുക്കേറ്റതെന്ന് മൊഴിയിൽ ആവർത്തിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക