
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സ്വകാര്യ സര്‍വകലാശാല ബില്‍ നിയമസഭാ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യം തള്ളിയാണ് സര്‍ക്കാര്‍ നീക്കം. നിയമസഭാംഗങ്ങള്‍ ഉന്നയിച്ച എല്ലാ പോസിറ്റീവായ നിര്‍ദേശങ്ങളും ഉള്‍ക്കൊണ്ടുകൊണ്ട് ബില്ലില്‍ മാറ്റം വരുത്തുമെന്ന് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു.
നിയമസഭയില്‍ വന്നതില്‍ വെച്ച് ഏറ്റവും മോശം ബില്ലുകളില്‍ ഒന്നാണ് സ്വകാര്യ സര്‍വകലാശാല ബില്ലെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ വിമര്‍ശനം. ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് കൂടുതല്‍ അധികാരം നല്‍കുന്നു, സര്‍ക്കാരിന് വിദ്യാര്‍ഥികളുടെ പ്രവേശനത്തില്‍ നിയന്ത്രണമില്ല തുടങ്ങിയ പ്രശ്‌നങ്ങളും പ്രതിപക്ഷം ഉന്നയിച്ചു.
എന്നാല്‍ യുജിസി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് ബില്ലെന്നായിരുന്നു മന്ത്രി ആര്‍ ബിന്ദുവിന്റെ മറുപടി. പ്രോ ചാന്‍സ്ലര്‍ എന്ന നിലക്ക് ഉന്നത വിദ്യാഭ്യാസമന്ത്രിക്ക് നിലവില്‍ തന്നെ അധികാരങ്ങളുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ചാന്‍സിലറുടെ അധികാരങ്ങളുമായി ബന്ധപ്പെട്ട ഒരു ഭേദഗതിയും ബില്ലില്‍ കൊണ്ടുവന്നിട്ടില്ല. പ്രോ ചാന്‍സലറുടെ നിലവിലുള്ള അധികാരങ്ങളില്‍ സ്പഷ്ടത വരുത്തുക മാത്രമാണ് ചെയ്തതെന്നും മന്ത്രി പറഞ്ഞു.
'കോളജ് അധ്യാപകര്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷപദവി വഹിക്കുന്ന കാലയളവ് വേതനമില്ലാത്ത അവധിയായി കണക്കാക്കാമെന്ന ബില്ലിലെ ഒരു വ്യവസ്ഥയാണ് വ്യക്തിപരമായ ആരോപണത്തിനും ബില്ലിനെ ഇകഴ്ത്താനും ചില മാധ്യമങ്ങളും ഏതാനും പ്രതിപക്ഷ എംഎല്‍എമാരും കാരണമാക്കുന്നത്. മികച്ച വൈജ്ഞാനിക സമ്പത്തിനുടമകളായ അധ്യാപകരെ വികേന്ദ്രീകൃത ഭരണ സംവിധാനത്തിനു കൂടി ഉപയുക്തമാക്കുന്നത് ജനാധിപത്യ സംവിധാനത്തിന്റെ മികവ് കൂട്ടുകയേയുള്ളൂ എന്നതില്‍ ആര്‍ക്കും എതിരഭിപ്രായമുണ്ടാവില്ല. എന്നാലിത്, സേവനകാലാവധി മൂന്നുവര്‍ഷം കൂടി ബാക്കി നില്‍ക്കെ 2021ല്‍ സ്വയം വിരമിക്കല്‍ നേടി പിരിഞ്ഞ കോളജ് അധ്യാപികയായ എനിക്ക് അനുകൂലമാക്കാനാണെന്ന് ദുര്‍വ്യാഖ്യാനിക്കുന്നതില്‍ ദുഷ്ടബുദ്ധിയുണ്ട്. കാരണം, ഒരു മുന്‍കാലപ്രാബല്യവും ഈ വ്യവസ്ഥയില്‍ ഇല്ലെന്നത് മറച്ചുവച്ചാണ് ഈ പ്രചാരണം. ഏതാനും ചില കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന വ്യാജവിവരങ്ങള്‍ വാസ്തവമായി അവതരിപ്പിക്കുന്നതിലെ അധാര്‍മ്മികത ഇതു പ്രചരിപ്പിക്കുന്നവര്‍ പരിശോധിക്കണം.' മന്ത്രി പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക