
കോഴിക്കോട്: പൊലീസ് സേവനങ്ങളെ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്തുന്നതിനുള്ള പരാതി പരിഹാര സംവിധാനം സംസ്ഥാനത്ത് നിലവില്‍ വന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സ്‌റ്റേഷനുകളിലും ക്യൂ ആര്‍ കോഡ് പ്രദര്‍ശിപ്പിക്കും. പെരുവണ്ണാമൂഴി പൊലീസ് സ്‌റ്റേഷനായി നിര്‍മ്മിച്ച പുതിയ കെട്ടിടം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പൊലീസ് സ്‌റ്റേഷനുകളില്‍ സ്ഥാപിക്കുന്ന ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പൊതുജനങ്ങള്‍ക്ക് ലഭ്യമായ സേവനങ്ങള്‍ തൃപ്തികരമാണോ അല്ലയോ എന്ന് രേഖപ്പെടുത്താന്‍ സാധിക്കും. കേസ് രജിസ്റ്റര്‍ ചെയ്തശേഷം രസീത് ലഭ്യമാക്കാതിരിക്കുക, അപേക്ഷ സ്വീകരിക്കാതിരിക്കുക, ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റം, സേവനത്തിന് കൈക്കൂലി ആവശ്യപ്പെടല്‍ തുടങ്ങി എല്ലാവിധ പരാതികളും ഇതുവഴി അറിയിക്കാന്‍ സാധിക്കും. 'തുണ' വെബ്‌സൈറ്റിലും പോള്‍ ആപ്പിലും ഈ സൗകര്യം ലഭ്യമാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ജനപക്ഷത്തു നിന്നാവണം പൊലീസുകാര്‍ കൃത്യ നിര്‍വഹണം നടത്തേണ്ടത്. പൊതുജനങ്ങളോടും മൃദുവായും കുറ്റവാളികളോട് ദൃഢമായും ഇടപെടണം. പൊതുജനങ്ങള്‍ക്ക് ഭയരഹിതമായി പൊലീസ് സ്‌റ്റേഷനുകളില്‍ കയറി വരാന്‍ സാധിക്കണമെന്നും യഥാര്‍ത്ഥ പ്രശ്‌നങ്ങളുമായി വരുന്നവര്‍ക്ക് പരിഹാരവുമായി തിരികെ പോകാന്‍ സാധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പെരുവണ്ണാമൂഴി അങ്ങാടിക്ക് സമീപം ജലവിഭവവകുപ്പ് അനുവദിച്ച കുറ്റിയാടി ജലസേചനപദ്ധതിയുടെ 50 സെന്റ് സ്ഥലത്താണ് 1.46 കോടിരൂപ ചെലവഴിച്ച് പുതിയ കെട്ടിടം നിര്‍മിച്ചത്. കേരള പൊലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍സ് കോര്‍പ്പറേഷനാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക