
കൊച്ചി: കൊച്ചിയില്‍ വേമ്പനാട്ട് കായലിന്റെ തീരങ്ങളില്‍ താമസിക്കുന്നവര്‍ അനുഭവിക്കുന്ന രൂക്ഷമായ വെള്ളക്കെട്ടില്‍ പരിഹാരം കാണാന്‍ വ്യവസായ മന്ത്രി പി രാജീവ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനം. കായിന്റെ അടിത്തട്ടില്‍ അടിഞ്ഞുകൂടിയ എക്കലും ചെളിയും നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ മന്ത്രി വിളിച്ചു ചേര്‍ത്ത ഓണ്‍ലൈന്‍ യോഗത്തില്‍ തീരുമാനമായി. കായല്‍ക്കരയില്‍ താമസിക്കുന്ന കുടുംബങ്ങള്‍ നേരിടുന്ന ദുരിത സാഹചര്യങ്ങള്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വെള്ളക്കെട്ട് ഒഴിവാക്കാന്‍ ഹ്രസ്വകാല, ദീര്‍ഘകാല പദ്ധതികള്‍ നടപ്പിലാക്കാന്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ തീരുമാനമായി. ബന്ധപ്പെട്ട ജോലികള്‍ പൂര്‍ത്തിയാക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ അതാത് പഞ്ചായത്തുകളില്‍ നിന്ന് ഫണ്ടുകളുടെ ലഭ്യത ഉറപ്പാക്കും.
കായലില്‍ ചെളിയും അവശിഷ്ടങ്ങളും നീക്കം ചെയ്യുന്നതിനായി ഡ്രെഡ്ജിങ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെക്കുറിച്ച് മന്ത്രി കൊച്ചി തുറമുഖ അതോറിറ്റിയുമായി ചര്‍ച്ച നടത്തും. വെള്ളക്കെട്ടുള്ള മേഖലകളില്‍ ഡ്രെഡ്ജിങ് ഉടന്‍ ആരംഭിക്കാന്‍ തുറമുഖ അധികൃതരോട് സര്‍ക്കാര്‍ ആവശ്യപ്പെടും. ഡ്രെഡ്ജ് ചെയ്ത മണല്‍ പദ്ധതികള്‍ക്കായി ഉപയോഗിക്കുന്നതില്‍ ദേശിയ പാത അതോറിറ്റി(എന്‍എച്ച്എഐ) യുമായി ചര്‍ച്ച നടത്തും. ചെല്ലാനത്ത് ഒരു കൃത്രിമ ബീച്ച് നിര്‍മ്മിക്കുന്നതിന് മണല്‍ ഉപയോഗിക്കാനുള്ള സാധ്യതയും പരിശോധിക്കും. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി വെള്ളക്കെട്ട് ഉണ്ടാകുന്നത് ചൂണ്ടിക്കാണിച്ച് കേന്ദ്ര സഹായം തേടാനും യോഗം തീരുമാനിച്ചു.
വേമ്പനാട് കായലില്‍ നിന്ന് വെള്ളം കയറുന്നത് തടയുന്നതിന് 5 കോടി രൂപ അനുവദിക്കാനും ചീപ്പ് ചാല്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതി നിര്‍ദ്ദേശങ്ങള്‍ 10 ദിവസത്തിനുള്ളില്‍ ദുരന്ത നിവാരണ അതോറിറ്റിക്ക് സമര്‍പ്പിക്കാനും മന്ത്രി ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു. വെള്ളക്കെട്ടിന്റെ ആഘാതം ലഘൂകരിക്കുന്നതിന് ദുരന്ത നിവാരണ അതോറിറ്റി, മത്സ്യബന്ധനം, ജലസേചനം, തദ്ദേശ സ്വയംഭരണം, ഗോശ്രീ ദ്വീപ് വികസന അതോറിറ്റി, ജല അതോറിറ്റി എന്നീ വകുപ്പുകളുടെ പ്രവര്‍ത്തനം ജില്ലാ ഭരണകൂടം ഏകോപിപ്പിക്കും.
വെള്ളക്കെട്ട് മൂലം നാശനഷ്ടങ്ങള്‍ സംഭവിച്ച നദീതീര നിവാസികളുടെ വീടുകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ നടപടികള്‍ സ്വീകരിക്കും. പദ്ധതിയുടെ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന് തഹസില്‍ദാര്‍മാരെയും വില്ലേജ് ഓഫീസര്‍മാരെയും ചുമതലപ്പെടുത്തും. നദീതീര ആവാസവ്യവസ്ഥയെക്കുറിച്ച് ഹൈഡ്രോളിക് പഠനം നടത്താനുള്ള കേരള ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശം പരിഗണിക്കാനും യോഗം തീരുമാനിച്ചു.
ഉപ്പുവെള്ളം കയറുന്നത് മൂലമുള്ള ജലസ്രോതസ്സുകളുടെ മലിനീകരണം കണക്കിലെടുത്ത് പ്രശ്‌ന ബാധിത തദ്ദേശ സ്വയംഭരണ പ്രദേശങ്ങളില്‍ മെഡിക്കല്‍ ക്യാംപുകള്‍ നടത്തുമെന്ന് ജില്ലാ കലക്ടര്‍ എന്‍ എസ് കെ ഉമേഷ് പറഞ്ഞു. പുനര്‍ഗേഹം പദ്ധതിയില്‍ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനായി പരിഗണിക്കുന്നതിനുള്ള നിര്‍ദ്ദേശം സര്‍ക്കാരിന് സമര്‍പ്പിക്കും.
4.85 കോടി രൂപയുടെ സംരക്ഷണ ഭിത്തിയും രണ്ട് ചീപ്പ് ചാലുകളും നിര്‍മ്മിക്കുന്നതിനുള്ള പദ്ധതിയെ മൂന്ന് പദ്ധതികളായി വിഭജിക്കുന്നതിനുള്ള നിര്‍ദ്ദേശം സമര്‍പ്പിച്ചതായി ജലസേചന വകുപ്പ് അറിയിച്ചു. ഹൈബി ഈഡന്‍ എംപി, എംഎല്‍എമാരായ കെ ബാബു, കെ ജെ മാക്‌സി, ടി ജെ വിനോദ്, കെ എന്‍ ഉണ്ണികൃഷ്ണന്‍, കൊച്ചി മേയര്‍ എം അനില്‍കുമാര്‍, ദുരന്തനിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ശേഖര്‍ ലൂക്കോസ് കുര്യാക്കോസ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക