
കൊല്ലം: ഒരുകാലത്ത് സിപിഎമ്മിന്റെ ഏറ്റവും വലിയ ശാപമായിരുന്ന വിഭാഗീയത അപൂര്‍വമായെങ്കിലും ഇപ്പോഴും ചിലയിടങ്ങളില്‍ ഉണ്ടെന്ന് പാര്‍ട്ടി റിപ്പോര്‍ട്ട്. കൊല്ലത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദന്‍ അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടിലാണ് വിഭാഗീയതയെ കുറിച്ച് വ്യക്തമായ പരാമര്‍ശം ഉള്ളത്. വ്യക്തികള്‍ക്ക് പിന്നിലും സ്ഥാപിത താല്പര്യങ്ങള്‍ക്ക് വേണ്ടിയും അണിനിരക്കുന്ന പ്രവണത ഇപ്പോഴുമുണ്ടെന്നും അവര്‍ക്കെതിരെ നടപടി എടുക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
'ഇക്കഴിഞ്ഞ സമ്മേളനഘട്ടത്തില്‍ വിഭാഗീയമായ പ്രവണതകള്‍ പൊതുവേ അവസാനിച്ചുവെങ്കിലും അത്തരം സംസ്‌കാരത്തിന് അകപ്പെട്ടുപോയ സഖാക്കള്‍ അപൂര്‍വമായി ചിലയിടങ്ങളില്‍ ഉണ്ട്. അതിന്റെ ഭാഗമായി ഈ സമ്മേളനത്തിലും ചില പ്രശ്‌നങ്ങള്‍ പ്രാദേശികമായി ഉയര്‍ന്നു വന്നിട്ടുണ്ട്. വിവിധ തരത്തിലുള്ള പ്രശ്‌നങ്ങളാണ് അതിലുള്ളത്. ഇവയെല്ലാം ശരിയായ പരിശോധനയ്ക്ക് വിധേയമാക്കാന്‍ കഴിയേണ്ടതുണ്ട്'- റിപ്പോര്‍ട്ട് പറയുന്നു.
ഇത്തരം പരാതികള്‍ എങ്ങനെ പരിശോധിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഈ പരാതികളെല്ലാം സംസ്ഥാന സെന്ററില്‍ നിന്ന് ഒരു കൂട്ടം സഖാക്കള്‍ സെക്രട്ടേറിയറ്റില്‍ പങ്കെടുത്ത് പരിശോധന നടത്തി പരിഹരിക്കും. ആവശ്യമുണ്ടെങ്കില്‍ ഈ ഘടകങ്ങളിലും സംസ്ഥാന സെന്ററില്‍ നിന്നുള്ള സഖാക്കള്‍ പങ്കെടുത്ത് കൊണ്ട് മെറിറ്റും മൂല്യങ്ങളും കണക്കിലെടുത്ത് തീരുമാനം എടുക്കണം. തെറ്റായി ഒഴിവാക്കപ്പെട്ടവരുടെ കാര്യത്തിലും വിഭാഗീയമായ പ്രവര്‍ത്തന സംബന്ധിച്ച് ശരിയായ പരിശോധന നടത്തി ആവശ്യമായ നിലപാട് എടുക്കും.
നേരത്തെ സമ്മേളനഘട്ടത്തില്‍ ലോക്കല്‍ കമ്മിറ്റികളില്‍ സംസ്ഥാന സെക്രട്ടറി വരെ പങ്കെടുത്തിരുന്നു. ഈ നിലപാട് ഇക്കാര്യത്തിലും തുടരും. പാര്‍ട്ടിക്ക് പിന്നില്‍ ജനങ്ങളെ അണിനിരത്താന്‍ ശ്രമിക്കുന്നതിന് പകരം വ്യക്തിക്ക് പിന്നിലും സ്ഥാപിത താല്പര്യങ്ങള്‍ക്കുവേണ്ടിയും പാര്‍ട്ടി ഉപയോഗിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ പരിശോധന നടത്തി നടപടികള്‍ സ്വീകരിക്കും, റിപ്പോര്‍ട്ട് പറയുന്നു.
വിഭാഗീയതയുടെ ചരിത്രം
സിപിഎമ്മിലെ വിഭാഗീയത എല്ലാ നാളും പാര്‍ട്ടിയില്‍ വലിയ രീതിയില്‍ ചര്‍ച്ചയായിട്ടുണ്ട്. 90കളുടെ തുടക്കത്തിലാണ് പാര്‍ട്ടിയില്‍ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് ഇ കെ നായനാരും വിഎസ് അച്യുതാനന്ദനും തമ്മില്‍ നടന്ന മത്സരമായിരുന്നു ആദ്യത്തേത്.
1991ല്‍ നടന്ന കോഴിക്കോട് സമ്മേളനത്തില്‍ സെക്രട്ടറിയായിരുന്ന വിഎസ് അച്യുതാനന്ദന്‍ ഇ കെ നായനാരോട് മത്സരിച്ചു എങ്കിലും രണ്ടു വോട്ടിന് പരാജയപ്പെട്ടു. പരാജയകാരണം സിഐടിയു ലോബിയാണെന്ന് ഉറച്ചു വിശ്വസിച്ച വിഎസ് എതിരാളികളെ വെട്ടിയൊതുക്കാന്‍ തീരുമാനിച്ചു. പിന്നെ നടന്നത് ചരിത്രം.
30 വര്‍ഷം മുന്‍പ് കൊല്ലത്ത് തന്നെ നടന്ന സമ്മേളനത്തിലാണ് വിഭാഗീയത ശരിയായ അര്‍ത്ഥത്തില്‍ പ്രത്യക്ഷപ്പെടുന്നത്. 1995 ലെ കൊല്ലം സമ്മേളനത്തില്‍ ഇരു വിഭാഗങ്ങളും പരസ്പരം ചേരിതിരിഞ്ഞ് മത്സരിച്ചു. കൊല്ലത്തെ മുതിര്‍ന്ന നേതാവായ എന്‍ പത്മലോചനന്‍ ഒരു വോട്ടിന് പരാജയപ്പെട്ടതും വിമത പാനലിലെ രാജേന്ദ്രന്‍ ഒരു വോട്ടിന് വിജയിക്കുന്നതും കൊല്ലത്തെ സമ്മേളനത്തിലാണ്. ഇന്നത്തെ മുതിര്‍ന്ന നേതാവ് എ കെ ബാലന്‍ വിമത പാനലില്‍ മത്സരിച്ചെങ്കിലും ഒരു വോട്ടിന് പരാജയപ്പെട്ടു.
1998ലെ പാലക്കാട് സമ്മേളനം, അതുകഴിഞ്ഞ് നടന്ന മലപ്പുറം സമ്മേളനം ഇവയാണ് സിപിഎമ്മില്‍ വിഭാഗീയത എന്താണെന്ന് പുറത്തുകാട്ടിയത്. പാര്‍ട്ടിയിലും പുറത്തും എക്കാലവും ചര്‍ച്ചയായ വെട്ടി നിരത്തില്‍ നടക്കുന്നത് പാലക്കാടാണ്. തുനിഞ്ഞിറങ്ങിയ വിഎസ് അച്യുതാനന്ദന്‍ സിഐടിയു ലോബിയെ പൂര്‍ണമായും പരാജയപ്പെടുത്തി. മുതിര്‍ന്ന നേതാക്കളായ എം എം ലോറന്‍സ്, വിബി ചെറിയാന്‍, കെ എന്‍ രവീന്ദ്രനാഥ് തുടങ്ങിയവര്‍ പരാജയപ്പെട്ടു. 10 മണിക്കൂര്‍ നീണ്ട മാരത്തോണ്‍ തെരഞ്ഞെടുപ്പാണ് അന്ന് സംസ്ഥാന സമിതിയിലേക്ക് നടന്നത്. ഔദ്യോഗിക പാനലിനെതിരെ വി എസ് പക്ഷം ഒന്‍പത് നേതാക്കളെ നിര്‍ദ്ദേശിച്ചു. അവരില്‍ ഏഴ് പേരും മത്സരിച്ച് വിജയിച്ചു.
2002ലെ കണ്ണൂര്‍ സമ്മേളനം താരതമ്യേന തിരകളൊഴിഞ്ഞതായിരുന്നു. ചടയന്റെ മരണത്തോടെ സെക്രട്ടറിയായ പിണറായി വിജയന്‍ പാര്‍ട്ടിയെ കൈപ്പിടിയില്‍ ഒതുക്കി തുടങ്ങുന്നത് ഇവിടെ മുതലാണ്.
തുടര്‍ന്ന് നടന്ന 2005 ലെ മലപ്പുറം സമ്മേളനത്തോടെയാണ് അന്നത്തെ സെക്രട്ടറിയായ പിണറായി വിഎസ് പക്ഷത്തെ പൂര്‍ണ്ണമായും ഇല്ലായ്മ ചെയ്യുന്നത്. ഔദ്യോഗിക പാനലിനെതിരെ മത്സരിച്ച വിഎസ് പക്ഷക്കാരെല്ലാം പുറത്തായി. പാര്‍ട്ടിയിലെ പിണറായി യുഗം ശരിയായ അര്‍ഥത്തില്‍ അപ്പോള്‍ മുതലാണ്. 2015 ലെ ആലപ്പുഴ സമ്മേളനത്തിലെ വിഎസ് അച്യുതാനന്ദന്റെ ഇറങ്ങിപ്പോടെ വിഭാഗീയത പാര്‍ട്ടിയില്‍ ഏറെക്കുറെ പൂര്‍ണമായും അവസാനിച്ചു. കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ നടന്ന സമ്മേളനങ്ങളില്‍ വിഭാഗീയത വലിയൊരു പ്രശ്‌നമായി ഉയര്‍ന്നുവന്നില്ലെന്നും ശ്രദ്ധേയമാണ്. എം വി ഗോവിന്ദന്റെ കീഴിലും പാര്‍ട്ടിയില്‍ ഭാഗികതയില്ല. കാരണം പാര്‍ട്ടിയില്‍ ഇപ്പോള്‍ ഇരുപക്ഷമില്ല. ഒരുപക്ഷമേയുള്ളൂ പിണറായി പക്ഷം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക