'കുട്ടികള്‍ നാടുവിട്ടത് ട്രിപ്പിനുവേണ്ടി; യുവാവിനെ പരിചയപ്പെട്ടത് സോഷ്യല്‍ മീഡിയ വഴി; ടവര്‍ ലൊക്കേഷന്‍ ട്രാക്ക് ചെയ്തത് നിര്‍ണായകമായി'

ഒപ്പമുണ്ടായിരുന്ന യുവാവിന്റെത് സഹായമെന്ന നിലയിലാണ് ഇപ്പോള്‍ കാണുന്നതെന്ന് എസ്പി പറഞ്ഞു.
malappuram sp
മലപ്പുറം എസ്പി മാധ്യമങ്ങളെ കാണുന്നു ടെലിവിഷന്‍ ചിത്രം
Updated on

മലപ്പുറം: താനുരില്‍ നിന്ന് കാണാതായ പ്ലസ് ടു വിദ്യാര്‍ഥികളെ കണ്ടെത്താന്‍ നിര്‍ണായകമായത് ടവര്‍ ലൊക്കേഷന്‍ ട്രാക്ക് ചെയ്യാന്‍ സാധിച്ചതാണെന്ന് മലപ്പുറം എസ്പി. കുട്ടികളെ കാണാതായ വിവരം പുറത്തുവന്നതിന് പിന്നാലെ തന്നെ പൊലിസ് സജീവമായിരുന്നെന്നും കൂട്ടായ പരിശ്രമത്തില്‍ അന്വേഷണം വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. യാത്രയോടുള്ള താത്പര്യം കൊണ്ടുപോയതെന്നാണ് വിവരമെന്നും കുട്ടികളെ ഇവിടെയെത്തിച്ച ശേഷം എന്തിനാണ് പോയെതെന്ന് വിശദമായി ചോദിച്ചറിയുമെന്നും എസ്പി പറഞ്ഞു.

ഒപ്പമുണ്ടായിരുന്ന യുവാവിന്റെത് സഹായമെന്ന നിലയിലാണ് ഇപ്പോള്‍ കാണുന്നതെന്ന് എസ്പി പറഞ്ഞു. കുട്ടികളെ കണ്ടെത്തുന്നതില്‍ അദ്ദേഹം സഹകരിച്ചതായും എസ്പി പറഞ്ഞു. കുട്ടികളെ കണ്ടെത്താനായതില്‍ വളരെയധികം അശ്വാസമുണ്ടെന്ന് പറഞ്ഞ അദ്ദേഹം മുംബൈ പൊലീസിനും ആര്‍പിഎഫിനും മുംബൈയിലെ മലയാളി സമാജത്തിനും നന്ദി പറഞ്ഞു. പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുട്ടികളുമായി നാളെ ഉച്ചയ്ക്ക് മുന്‍പ് പൊലീസ് സംഘം മലപ്പുറത്ത് എത്തും. കുട്ടികള്‍ വന്നിട്ട് ബാക്കി കാര്യങ്ങള്‍ വിശദമായി ചോദിച്ചറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.

സോഷ്യല്‍ മീഡിയയില്‍ നിന്നാണ് യുവാവ് കുട്ടിയെ പരിചയപ്പെട്ടതെന്നാണ് മനസിലാക്കുന്നത്. ഒരുപാട് നുണകളും ചെറിയ ചെറിയ കഥകളും ഇവര്‍ പറയുന്നുണ്ട്. കുട്ടികള്‍ സ്വമേധയാ തീരുമാനം എടുത്താണ് പോയതെന്നും യാത്രയുടെ ഭാഗമായി പുതുതായി ഒരു ഫോണും സിം കാര്‍ഡും സംഘടിപ്പിച്ചിരുന്നതായും എല്ലാം ഇവര്‍ നേരത്തെ പ്ലാന്‍ ചെയ്തതായാണ് മനസിലാക്കുന്നതെന്നും എസ്പി പറഞ്ഞു. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും കൗണ്‍സില്‍ നല്‍കും.

മുംബൈ ഒരു മഹാനഗരമാണ്. അവിടെ ഒരാളെ കാണാതായാല്‍ കണ്ടെത്തുക എളുപ്പമല്ല. കുട്ടികളെ സുരക്ഷിതമായി കണ്ടെത്താന്‍ മുംബൈയിലെ സ്വന്തം ബാച്ച് മേറ്റ്‌സിനെ ഒക്കെ വിളിച്ചു സഹായം തേടിയതായി അദ്ദേഹം പറഞ്ഞു. ഈ ദൗത്യം വിജയകരമായി പൂര്‍ത്തിയായത് മാധ്യമങ്ങളുടെയടക്കം മികച്ച ഇടപെടല്‍ കൊണ്ടാണ്. കുട്ടികളുടെ യാത്രാ ലക്ഷ്യം എങ്ങോട്ടാണെന്നത് ഒക്കെ അവരോട് ചോദിച്ചു മനസ്സിലാക്കണം. അവരുടെ കയ്യില്‍ എങ്ങനെ ഇത്ര പണം എന്നതും തിരക്കണം. കുട്ടികള്‍ വന്നാല്‍ ആദ്യം കോടതിയില്‍ ഹാജരാക്കും. യുവാവിനെ പെണ്‍കുട്ടികള്‍ എങ്ങനെ പരിചയപ്പെട്ടു എന്നു കണ്ടെത്തണം. ഇയാള്‍ക്ക് നിലവില്‍ ക്രിമിനല്‍ പശ്ചാത്തലം ഇല്ലെന്നും എസ്പി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com