
തൊടുപുഴ: പെരുംതേനീച്ച കൂടുകൾ മൂലം ഭീതിയിൽ കഴിഞ്ഞ ഇടുക്കി കജനാപ്പാറ രാജകുമാരി എസ്റ്റേറ്റ് കോളനിയിലെ 40 ഓളം കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. ശക്തമായ കാറ്റ് വീശിയാൽ തേനീച്ചകളുടെ കടുത്ത ആക്രമണം ഉണ്ടാകുന്ന സാഹചര്യം ആയിരുന്നു. കൂടുകൾ നീക്കം ചെയ്യാൻ പഞ്ചായത്ത് നടപടി സ്വീകരിച്ചതോടെ പ്രദേശ വാസികളെ ഇവിടെ നിന്നു പൂർണമായും മാറ്റി പാർപ്പിച്ചു. രാജകുമാരി കമ്മ്യൂണിറ്റി ഹാളിലേയ്ക്കാണ് ഇവരെ മാറ്റിയിരിയ്ക്കുന്നത്.
3 വർഷം മുൻപ് തേനീച്ച ആക്രമണത്തിൽ പ്രദേശവാസി ചെല്ലാണ്ടി കറുപ്പൻ മരിക്കുകയും ഒട്ടേറെ ആളുകൾക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. മാസങ്ങൾക്കു മുൻപ് ഒന്നര വയസുകാരനെയും തേനീച്ച ആക്രമിച്ചു. തേനീച്ച ശല്യം മൂലം വളർത്തു മൃഗങ്ങളെ വളർത്താൻ പോലും ഇവിടെയുള്ളവർക്ക് കഴിയുല്ല. രാത്രി സമയത്ത് വീടുകളിൽ ലൈറ്റ് തെളിച്ചാലും തേനീച്ചകൾ ഇരമ്പിയെത്തിയിരുന്നു- പ്രദേശവാസിയായ ശരവണ കുമാരി പറഞ്ഞു.
വനം, അഗ്നിശമന സേനാ വിഭാഗങ്ങളുടെ സഹായത്തോടെയാണ് ഉദ്യമം നടപ്പിലാക്കുക. തേൻ എടുക്കാൻ വിദഗ്ധരായ മന്നാൻ സമുദായത്തിൽ പെട്ടവരുടെ സഹായത്തോടെ മുഴുവൻ തേനും ശേഖരിയ്ക്കും. തുടർന്ന് മരകൊമ്പുകൾ മുറിച്ചു മാറ്റും. കൂടുകൾ പൂർണമായും നീക്കുന്നത് വരെ പ്രദേശവാസികൾ ക്യാമ്പിൽ തുടരും. തേനീച്ച കൂടുകൾ നീക്കം ചെയ്യണമെന്ന് വർഷങ്ങളായി നാട്ടുകാർ ഉന്നയിക്കുന്ന ആവശ്യത്തിനാണ് ഒടുവിൽ പരിഹാരം ആകുന്നത്- പഞ്ചായത്ത് പ്രസിഡന്റ് സുമ ബിജു വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക