തൃശൂര്‍: ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ജാതി വിവേചനം ഉണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ ചില തല്‍പരകക്ഷികള്‍ നീചമായ പ്രചാരണം നടത്തുന്നുവെന്ന് കൂടല്‍മാണിക്യം ദേവസ്വം ഭരണസമിതി തന്ത്രി പ്രതിനിധി നെടുമ്പിള്ളി തരണനെല്ലൂര്‍ ഗോവിന്ദന്‍ നമ്പൂതിരിപ്പാട്. കേരള നിയമസഭ പാസാക്കിയ നിയമങ്ങളെയും കേരള സര്‍ക്കാരിന്റെ ദേവസ്വം ചട്ടങ്ങളെയും ലംഘിച്ച് കൊണ്ട് കൂടല്‍മാണിക്യം ക്ഷേത്ര ഭരണസംവിധാനവും കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡും നടത്തിയ ചട്ടവിരുദ്ധ നടപടിയായിരുന്നു 2025 ഫെബ്രുവരി 24ന് നടന്ന കഴകം നിയമനം. ക്ഷേത്രത്തില്‍ നിയമാനുസൃതം നിലനില്‍ക്കുന്ന കാരായ്മ വ്യവസ്ഥയെ ലംഘിച്ചുകൊണ്ടും അഞ്ചുവര്‍ഷമായി കഴകപ്രവൃത്തി ചെയ്തിരുന്ന ആളെ നോട്ടീസ് കാലാവധി പോലും നല്‍കാതെ പിരിച്ചുവിട്ടുകൊണ്ടുമുളള കൂടല്‍മാണിക്യം ക്ഷേത്രം ഭരണസമിതിയുടെ കുത്സിത നീക്കത്തെയാണ് ക്ഷേത്രം തന്ത്രിമാരും ഭക്തജനങ്ങളും എതിര്‍ത്തതെന്നും നെടുമ്പിള്ളി തരണനെല്ലൂര്‍ ഗോവിന്ദന്‍ നമ്പൂതിരിപ്പാട്, മറ്റ് തന്ത്രിമാരുമായി ചേര്‍ന്ന് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
എന്നാല്‍ തെറ്റ് തിരുത്തുന്നതിന് പകരം സമൂഹത്തില്‍ ഭിന്നിപ്പ് ഉണ്ടാക്കുന്ന രീതിയില്‍ കള്ള പ്രചാരണങ്ങളും കലാപാഹ്വാനവും നടത്തുകയാണ് ചിലര്‍. ഹിന്ദു ഏകീകരണം എന്നതിനെ ഭയപ്പെടുന്ന ഒരു വിഭാഗം തങ്ങളുടെ അധികാര രാഷ്ട്രീയ നിലനില്‍പ്പിനായി ക്ഷേത്രങ്ങളെ ദുരുപയോഗം ചെയ്യുന്നത് അപലപനീയമാണ്. കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ നിയമിക്കപ്പെട്ടയാള്‍ ഇന്ന ജാതിയില്‍പെട്ടയാളായതിനാല്‍ തന്ത്രിമാര്‍ക്ക് എതിര്‍പ്പുണ്ട് എന്ന രീതിയിലാണ് മാധ്യമങ്ങളിലൂടെ ചിലര്‍ കരുതിക്കൂട്ടി പ്രചരിപ്പിക്കുന്നത്. ഇത് വസ്തുതയല്ല. കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ തന്ത്രം, ശാന്തി തുടങ്ങി എല്ലാ അടിയന്തിരങ്ങളും ചില കുടുംബങ്ങള്‍ പാരമ്പര്യമായി അനുഷ്ഠിച്ചു വരുന്നതാണ്. ഇത് ദേവസ്വം ചട്ടങ്ങളില്‍ വ്യക്തതയോടെ പ്രതിപാദിച്ചിട്ടുള്ളതാണ്. ഇത് ക്ഷേത്രത്തിന്റെ ഐതിഹ്യവുമായി ബന്ധപ്പെട്ടതുമാണ്. സുപ്രീംകോടതിയും കേരള ഹൈക്കോടതിയും ഈ അവകാശത്തെ സംരക്ഷിച്ചു കൊണ്ടുളള വിധിപ്രസ്താവം പലപ്പോഴും നല്‍കിയിട്ടുള്ളതുമാണെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
നിരവധി ഹൈന്ദവ സമുദായങ്ങള്‍ ഒത്തുചേര്‍ന്നാണ് ഇവിടുത്തെ കാര്യങ്ങള്‍ നടത്തുന്നത്. ജാതീയമായ ഒരു വേര്‍തിരിവും ഇവിടെയില്ല. മറ്റു സ്ഥാപിത താല്പര്യങ്ങളൊന്നുമില്ലാതെ ക്ഷേത്രവിശ്വാസത്തോടെ നമ്മുടെ ക്ഷേത്രത്തെ നോക്കിക്കാണുന്ന ഏവര്‍ക്കും ഈ ഐക്യം ബോധ്യപ്പെടുന്നതുമാണ്. കാരായ്മാ അവകാശം ഇല്ലാതാക്കി രാഷ്ട്രീയ ഇടപെടല്‍ നടത്തി നിയമനാവകാശം നേടിയെടുക്കാന്‍ വേണ്ടിയുളള അധികാര വടംവലിയാണ് ദൗര്‍ഭാഗ്യവശാല്‍ ഭരണസമിതിയില്‍ നടക്കുന്നതെന്നും ഗോവിന്ദന്‍ നമ്പൂതിരിപ്പാട് ആരോപിച്ചു.
ഈ സാഹചര്യത്തില്‍ കൂടല്‍മാണിക്യം ക്ഷേത്രത്തിലെ പാരമ്പര്യ അവകാശികളുടെയും ഭക്തജനങ്ങളുടെയും ഒരു പ്രാരംഭ കൂടിയാലോചനായോഗം ഇന്നലെ മാര്‍ച്ച് 9 ഇരിങ്ങാലക്കുടയില്‍ ചേരുകയുണ്ടായി. ആരാധനാ സ്വാതന്ത്ര്യവും ആചാരാനുഷ്ഠാനങ്ങളുടെ സംരക്ഷണവും മുന്‍നിര്‍ത്തി ആശയപ്രചരണവും നിയമനടപടികളും സ്വീകരിക്കാന്‍ ഐക്യകണ്‌ഠേന തീരുമാനിച്ചുവെന്നും ഗോവിന്ദന്‍ നമ്പൂതിരിപ്പാട് അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക