
കൊല്ലം: പാര്‍ട്ടിയുടെ 'നട്ടെല്ലായ' ഈഴവരെ കൂടുതലായി ചേര്‍ത്തു പിടിച്ച്, മുസ്ലിങ്ങളെ ഒപ്പം കൂട്ടി, ക്രൈസ്തവരോടും ഒപ്പമുണ്ടെന്ന വ്യക്തമായ സന്ദേശം നല്‍കുന്ന സോഷ്യല്‍ എന്‍ജിനിയറിങ്. സിപിഎമ്മിന്റെ പുതിയ നേതൃത്വ നിരയെ ഇഴ പിരിച്ചു പരിശോധിക്കുമ്പോള്‍ തെളിഞ്ഞു വരുന്ന ചിത്രം അതാണ്.
കെകെ ശൈലജ, സിഎന്‍ മോഹനന്‍, എംവി ജയരാജന്‍ എന്നീ മൂന്നു പേരാണ് ഇക്കുറി പുതുതായി സംസ്ഥാന സെക്രട്ടേറിയറ്റില്‍ എത്തിയത്. മൂന്നു പേരും ഈഴവ സമുദായത്തില്‍ നിന്നുള്ളവര്‍. പിണറായി വിജയനു ശേഷവും ഈഴവ സമുദായത്തിന് നേതൃനിരയില്‍ പ്രാമുഖ്യക്കുറവുണ്ടാവില്ലെന്ന വ്യക്തമായ സന്ദേശമാണ് ഇതുവഴി പാര്‍ട്ടി നല്‍കുന്നത്.
''ഈഴവ സമുദായമാണ് പാര്‍ട്ടിയുടെ നട്ടെല്ല്. ഈഴവര്‍ക്കു പാര്‍ട്ടിയോട് ഉണ്ടായ അതൃപ്തിയാണ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായത്. അതു നേതൃത്വം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ഞങ്ങള്‍ ശരിയായ പാതയിലാണ്''- ഒരു സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോടു പറഞ്ഞു. ജില്ലാ സെക്രട്ടറിമാരെ തെരഞ്ഞെടുക്കുന്ന ഘട്ടത്തില്‍ തന്നെ പാര്‍ട്ടി ഇക്കാര്യം ശ്രദ്ധിച്ചിരുന്നുവെന്നു വേണം കരുതാന്‍. പതിനാലു ജില്ലാ സെക്രട്ടറിമാരില്‍ ഒന്‍പതു പേര്‍ ഈഴവ സമുദായത്തില്‍ നിന്നുള്ളവരാണ്. പാര്‍ട്ടിയെ പിന്തുണയ്ക്കുന്നത് ഈഴവ സമുദായം ആയിട്ടും, രണ്ടാം പിണറായി സര്‍ക്കാരില്‍ അഞ്ചു മന്ത്രിമാര്‍ നായര്‍ സമുദായത്തില്‍ നിന്ന് ആയതില്‍ ചില ഈഴവ നേതാക്കള്‍ അതൃപ്തി പരസ്യമാക്കിയിരുന്നു. പാര്‍ട്ടി നേതൃത്വത്തില്‍ കൂടുതല്‍ ഈഴവര്‍ എത്തുന്നതോടെ അതു പരിഹരിക്കാനായെന്നും സിപിഎം വിലയിരുത്തുന്നു.
പുതുതായി സംസ്ഥാന സമിതിയില്‍ എത്തിയ 15 പേരില്‍ നാലു പേര്‍ മുസ്ലിം സമുദായത്തില്‍ നിന്നാണ്. പാര്‍ട്ടി ന്യൂനപക്ഷത്തെ കൈവിട്ട് ഹിന്ദുത്വ ലൈനിലേക്കു മാറുന്നതായുള്ള ചില മുസ്ലിം സംഘടനകളുടെ വിമര്‍ശനത്തിനുള്ള പ്രകടമായ മറുപടിയാണിത്. ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്, തൃശൂര്‍ ജില്ലാ സെക്രട്ടറി കെവി അബ്ദുല്‍ ഖാദര്‍, കോഴിക്കോട് ജില്ലാ സെക്രട്ടറി എം മെഹബൂബ്, വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ് എന്നിവരാണ് പുതുതായി സംസ്ഥാന സമിതിയില്‍ എത്തിയത്. മുസ്ലിംകള്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കാന്‍ സമുദായ സംഘടനകളെ ആശ്രയിക്കുകയെന്ന മുന്‍ നയത്തില്‍ നിന്നുള്ള മാറ്റം കൂടിയാണ്, കൂടുതല്‍ മുസ്ലിംകളെ നേതൃനിരയില്‍ അണിനിരത്തുന്നതിലൂടെ പാര്‍ട്ടി വ്യക്തമാക്കുന്നത്. സമുദായത്തില്‍ പാര്‍ട്ടിക്കു നേരിട്ടു വേരോട്ടമുണ്ടാക്കുകയാണ് സിപിഎമ്മിന്റെ ലക്ഷ്യം.
''സിപിഎം മുസ്ലിം വിരുദ്ധ പാര്‍ട്ടിയാണെന്ന വിമര്‍ശനത്തിനുള്ള മറുപടിയാണിത്. നേതൃത്വത്തില്‍ കുടുതല്‍ മുസ്ലിംകള്‍ എത്തുന്നത് സമുദായത്തില്‍ പ്രതിഫലിക്കുക തന്നെ ചെയ്യും''- ഒരു നേതാവ് പറഞ്ഞു.
ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ സംസ്ഥാന സമിതിയില്‍ പ്രത്യേക ക്ഷണിതാവാക്കിയതിലൂടെ ക്രൈസ്തവ സഭാ നേതൃത്വത്തിന് വ്യക്തമായ സന്ദേശമാണ് പാര്‍ട്ടി നല്‍കുന്നത്. ജോണ്‍ ബ്രിട്ടാസിനെ സംസ്ഥാന സമിതി അംഗമാക്കിയതിലും അതുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക