
തിരുവനന്തപുരം: സംസ്ഥാന സമ്മേളനം തീർന്നതിനു പിന്നാലെ സിപിഎം നേതൃത്വത്തിനെതിരെ പാർട്ടിക്കുള്ളിൽ അതൃപ്തി വർധിക്കുന്നു. ഫെയ്സ്ബുക്കിലെ കവർചിത്രം മാറ്റിയാണ് മുൻമന്ത്രിയും മുതിർന്ന നേതാവുമായ കടകംപള്ളി സുരേന്ദ്രൻ പ്രതിഷേധം അറിയിച്ചത്.
‘നവകേരള മാർച്ചിന്റെ സമാപന സമ്മേളനം, 2016 ഫെബ്രുവരി 15!’ എന്ന അടിക്കുറിപ്പോടെയാണ് കടകംപള്ളി സുരേന്ദ്രൻ കവർചിത്രം മാറ്റിയിരിക്കുന്നത്. എന്നാൽ വാചകത്തിന് അവസാനമുള്ള ആശ്ചര്യചിഹ്നം വെറുതെയല്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ പക്ഷം. പാർട്ടി പ്രവർത്തകരുടെ വലിയ കൂട്ടത്തെ വേദിയിൽ നിന്ന് കടകംപള്ളി അഭിസംബോധന ചെയ്യുന്നതാണ് ചിത്രം. കടകംപള്ളിയെ സിപിഎം സംസ്ഥാന സെക്രട്ടെറിയറ്റിലേക്ക് പരിഗണിക്കുമെന്നാണ് കരുതിയതെങ്കിലും ഉൾപ്പെടുത്തിയില്ല.
പ്രതിഷേധം അറിയിച്ചുകൊണ്ട് എ പത്മകുമാറും എൻ സുകന്യയും സമൂഹമാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റുകൾ ചർച്ചയായിരുന്നു.
2016ലെ നിയമസഭ തെരഞ്ഞെടുപ്പിനു മുൻപായി മുഖ്യമന്ത്രി പിണറായി വിജയൻ നയിച്ച നവകേരള യാത്രയുടെ സമാപന സമ്മേളനം ശ്രദ്ധിക്കപ്പെട്ടിരുന്നു. തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായിരുന്ന കടകംപള്ളി ആയിരുന്നു അന്ന് ശംഖുമുഖത്തെ മഹാറാലിയുടെ പ്രധാന സംഘാടകൻ. ജില്ലയിൽ സിപിഎമ്മിന്റെ സംഘടനാശേഷിയുടെ തെളിവായാണ് സമ്മേളനത്തെ നേതൃത്വം അന്ന് വിശേഷിപ്പിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക