'ശരീഅത്ത് നിയമങ്ങള്‍ പുരുഷ കേന്ദ്രീകൃതം'; കൂരിയയുടേത് ഇസ്ലാം വിരുദ്ധ പരാമര്‍ശം, വിമര്‍ശിച്ച് റഹ്മത്തുല്ല ഖാസിമി

''കാരണം നിയമങ്ങള്‍ എല്ലാം രൂപപ്പെടുത്തിയവര്‍ പുരുഷന്‍മാരാണ്. ഖുര്‍ആനും ഇസ്ലാമിക നിയമങ്ങളും വ്യത്യസ്തമാണ്. ഖുര്‍ആന്‍ വന്ന് കഴിഞ്ഞ് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇസ്ലാമിക നിയമങ്ങള്‍ രൂപപ്പെടുത്തിയത്''
Sunni preacher blasts Kerala historian for branding Sharia as patriarchal
റഹ്മത്തുല്ല ഖാസിമി മൂത്തേടം, ഡോ. മഹ്മൂദ് കൂരിയ ഫയല്‍
Updated on

കോഴിക്കോട്: രാജ്യാന്തര തലത്തില്‍ തന്നെ അറിയപ്പെടുന്ന ചരിത്രകാരനും പണ്ഡിതനുമായ മഹ്മൂദ് കൂരിയ നിരന്തരം ഇസ്ലാം വിരുദ്ധ പരാമര്‍ശം നടത്തുന്നുവെന്ന ആക്ഷേപവുമായി പ്രമുഖ സുന്നി പ്രഭാഷകന്‍ റഹ്മത്തുല്ല ഖാസിമി മൂത്തേടം. കൂരിയ നേരത്തെ നടത്തിയ പ്രസംഗത്തെ നിശിതമായി വിമര്‍ശിച്ചുകൊണ്ടാണ് ഖാസിമിയുടെ പരാമര്‍ശം.

കൂരിയയുടെ വാദങ്ങള്‍ സുന്നി പ്രത്യയശാസ്ത്രത്തിന്റെ അടിത്തറയെ സ്പര്‍ശിക്കുന്നതാണെങ്കിലും എതിര്‍ക്കാന്‍ ഒരു സുന്നി പണ്ഡിതനും മുന്നോട്ടു വരാത്തതില്‍ ഖേദമുണ്ടെന്ന് ഖാസിമി പറഞ്ഞു. സമസ്ത കേരള ജം-ഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ എന്നിവര്‍ വിഷയം ഗൗരവമായി കാണമെന്നും ഖാസിമി പറഞ്ഞു.

2019ല്‍ കോഴിക്കോട് നടന്ന ഒരു സാഹിത്യോത്സവത്തില്‍ കൂരിയ നടത്തിയ പ്രസംഗത്തിനെതിരെയാണ് ഖാസിമിയുടെ വിമര്‍ശനം. ശരീഅത്ത് നിയമങ്ങള്‍ പുരുഷ കേന്ദ്രീകൃതമാണെന്നായിരുന്നു കൂരിയ പറഞ്ഞത്. ''കാരണം നിയമങ്ങള്‍ എല്ലാം രൂപപ്പെടുത്തിയവര്‍ പുരുഷന്‍മാരാണ്. ഖുര്‍ആനും ഇസ്ലാമിക നിയമങ്ങളും വ്യത്യസ്തമാണ്. ഖുര്‍ആന്‍ വന്ന് കഴിഞ്ഞ് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇസ്ലാമിക നിയമങ്ങള്‍ രൂപപ്പെടുത്തിയത്'', കൂരിയയുടെ പ്രസംഗത്തിലെ ഇത്തരം വാക്കുകളെ ഖാസിമി ശക്തമായി വിമര്‍ശിച്ചു. എംഇഎസോ മുജാഹിദ് പോലുള്ള സുന്നി വിരുദ്ധ സംഘടനകളോ പോലും ഉന്നയിക്കാത്ത കാര്യങ്ങളാണ് കൂരിയ പറയുന്നതെന്ന് ഖാസിമി കുറ്റപ്പെടുത്തി.

''ഇത് ഒരു വ്യക്തിയുടെ മാത്രം പ്രശ്‌നമല്ല. തൊണ്ണൂറ് ശതമാനം സുന്നികളും ശരിയായ പാതയിലാണ്. ചുരുക്കം ചിലര്‍ മാത്രമേ വഴിതെറ്റിപ്പോയിട്ടുള്ളൂ. അവരെ ശരിയായ പാതയിലേയ്ക്ക് തിരികെ കൊണ്ടു വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വഹാബിയോ മൗദൂദിയോ ഒരിക്കലും ഇത്രയും അപകടകരമായ കാര്യങ്ങള്‍ പറഞ്ഞിട്ടില്ല'', ഖാസിമി പറഞ്ഞു. കൂരിയെ തിരുത്താന്‍ പണ്ഡിതര്‍ക്ക് മതിയായ സമയമുണ്ടെന്നും ഖാസിമി പറഞ്ഞു. കോഴിക്കോട് നടന്ന റംസാന്‍ പ്രഭാഷണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഖാസിമി.

ഇംഗ്ലണ്ടിലെ എഡിന്‍ബറ സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ഹിസ്റ്ററി ക്ലാസിക്‌സ് ആന്റ് ആര്‍ക്കിയോളജിയില്‍ പ്രൊഫസറാണ് ഡോ. മഹ്മൂദ് കൂരിയ. ഇന്ത്യന്‍ സമുദ്രമേഖലയിലെ ഇസ്ലാമിക വ്യവഹാരങ്ങളെക്കുറിച്ചുള്ള ഗവേഷണത്തില്‍ ആഗോള തലത്തില്‍ പ്രശസ്തനാണ്. ഇന്‍ഫോസിസ് പുരസ്‌കാര ജേതാവുമാണ്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയ്ക്ക് കീഴിലെ ചെമ്മാട് ദാറുല്‍ഹുദ ഇസ്ലാമിക് സര്‍വകലാശാലയില്‍ നിന്ന് ഹുദവി ബിരുദം നേടിയിട്ടുണ്ട്.

ഖാസിമിയുടെ പ്രസംഗത്തോട് ദാറുല്‍ ഹുദ ഔദ്യോഗിക പ്രതികരണമൊന്നും ഇതുവരെ നടത്തിയിട്ടില്ല. പഴയ പ്രശ്‌നം ഉയര്‍ത്തിക്കൊണ്ടുവരുന്നതിന് പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ടെന്നും ഈ ഘട്ടത്തില്‍ ഖാസിമിയുടെ പ്രസംഗം ദുരുദ്ദേശത്തോടെയുള്ളതാണെന്നും ഒരു വിഭാഗം സുന്നികള്‍ക്ക് അഭിപ്രായമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com