'കള്ളും കഞ്ചാവും അടിച്ചു നടക്കുന്നവനെ വിദ്യാര്‍ത്ഥിയെന്ന് വിളിക്കാനാകില്ല': കളമശ്ശേരി സംഭവം സര്‍ക്കാരിനും എസ്എഫ്‌ഐക്കുമെതിരെ ആയുധമാക്കി പ്രതിപക്ഷം

സംസ്ഥാന വ്യാപകമായി ലഹരി വിപണനത്തിന്റെ കണ്ണികളായി എസ്എഫ്‌ഐ മാറിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍
കെപിസിസി പ്രസിഡന്റ്  കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍
കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ File
Updated on
2 min read

കണ്ണൂര്‍: കളമശ്ശേരി ഗവണ്‍മെന്റ് പോളിടെക്‌നിക് കോളജ് ഹോസ്റ്റലിലെ കഞ്ചാവ് വേട്ട സര്‍ക്കാരിനും എസ്എഫ്‌ഐക്കും എതിരെ ആയുധമാക്കി പ്രതിപക്ഷം. സര്‍ക്കാരിന് ലഹരി മാഫിയകളോട് പ്രതിബദ്ധതയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ആരോപിച്ചു. കണ്ണൂരില്‍ മാധ്യമങ്ങളോട് നടത്തിയ പ്രതികരണത്തിലാണ് കെ സുധാകരന്റെ വിമര്‍ശനം. ലഹരി ഉപയോഗിച്ച് നടക്കുന്നവനെ എങ്ങനെ വിദ്യാര്‍ത്ഥിയെന്നു വിളിക്കും എന്ന ചോദ്യം ഉയര്‍ത്തിയാണ് സുധാകരന്റെ പ്രതികരണം.

കളമശ്ശേരി സംഭവത്തില്‍ ഉള്‍പ്പെടെ ലഹരി മാഫിയകള്‍ക്ക് എതിരെ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും കര്‍ശനമായ നടപടികളാണ് ആവശ്യം. പക്ഷേ ഏത് പൊട്ടനോടാണ് പറയേണ്ടതെന്നും സുധാകരന്‍ ചോദിച്ചു. കളമശേരി ഹോസ്റ്റലിലെ കഞ്ചാവ് വേട്ടയില്‍ അറസ്റ്റ് ചെയ്തവരെ ജാമ്യത്തില്‍ വിട്ടത് ശരിയായില്ല. വിദ്യാര്‍ത്ഥികളെ എന്നല്ല, എസ് എഫ് ഐ നേതാക്കളുടെ മുറിയില്‍ നിന്നാണ് പിടിച്ചതെന്ന് പറയണം. കള്ളും കഞ്ചാവും അടിച്ച് നടക്കുന്നവനെ വിദ്യാര്‍ത്ഥിയെന്ന് വിശേഷിപ്പിക്കാനാവില്ലെന്നും സാമൂഹ്യ വിരുദ്ധരായി കണക്കാക്കി ഇവരെ അമര്‍ച്ച ചെയ്യണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

സംസ്ഥാന വ്യാപകമായി ലഹരി വിപണനത്തിന്റെ കണ്ണികളായി എസ്എഫ്‌ഐ മാറിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. കളമശേരി പോളിടെക്നിക്കില്‍ എസ്.എഫ്.ഐ നേതാക്കളും യൂണിയന്‍ ഭാരവാഹികളും ഉള്‍പ്പെടെയുള്ളവരെയാണ് കഞ്ചാവുമായി പിടികൂടിയത്. സംസ്ഥാന വ്യാപകമായി ഹോസ്റ്റലുകളിലും കോളജുകളിലും ലഹരി വിപണനത്തിന്റെ കണ്ണികളായി എസ്.എഫ്.ഐ മാറിയിരിക്കുകയാണ്. ലഹരി മാഫിയയ്ക്ക് രാഷ്ട്രീയ രക്ഷകര്‍തൃത്വം ഉണ്ടെന്ന് 2022-ല്‍ ഈ വിഷയം നിയമസഭയില്‍ അവതരിപ്പിച്ചപ്പോള്‍ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയതാണ്. ലഹരി മാഫിയ കേരളത്തില്‍ അവരുടെ നെറ്റ് വര്‍ക്ക് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ലഹരി മാഫിയകളുടെ കണ്ണി വികസിപ്പിക്കുന്നതില്‍ കോളജുകളിലും ഹോസ്റ്റലുകളിലുമുള്ള എസ്.എഫ്.ഐ എന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനം വലിയ പങ്ക് വഹിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ സിപിഎം നേതൃത്വവും സര്‍ക്കാരും കര്‍ശന നടപടി സ്വീകരിച്ചില്ലെങ്കില്‍ ഇത് അപകടത്തിലേക്ക് പോകുമെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.

അതിനിടെ, കളമശ്ശേരി ഗവണ്‍മെന്റ് പോളിടെക്‌നിക് കോളജ് ഹോസ്റ്റലിലെ കഞ്ചാവ് വേട്ടയില്‍ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. സിറ്റര്‍ ജോയന്റ് ഡയറക്ടര്‍ ആനി എബ്രഹാമിനെയാണ് അന്വേഷണത്തിന് നിയോഗിച്ചത്. സംഭവത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോളിടെക്നിക് അധികൃതര്‍ നടപടി സ്വീകരിച്ചു. കേസിലുള്‍പ്പെട്ട വിദ്യാര്‍ത്ഥികളായ അഭിരാജ്, ആകാശ്, ആദിത്യന്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു. കോളജ് കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. സംഭവത്തില്‍ ആഭ്യന്തര അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. അധ്യാപകരടങ്ങുന്ന സമിതി അന്വേഷണം നടത്തുമെന്നാണ് അറിയിപ്പ്.

വ്യാഴാഴ്ച രാത്രിയായിരുന്നു കളമശ്ശേരി ഗവണ്‍മെന്റ് പോളിടെക്‌നിക് കോളജ് ഹോസ്റ്റലില്‍ പൊലീസ് പരിശോധന നടന്നത്. രാത്രി ഒമ്പതു മണിക്ക് തുടങ്ങിയ പരിശോധന ഏഴുമണിക്കൂറോളം നീണ്ടു.ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഹോസ്റ്റലില്‍ നാര്‍ക്കോട്ടിക്, ഡാന്‍സാഫ്, പൊലീസ് സംഘം റെയ്ഡ് നടത്തിയത്. രണ്ടു കിലോ കഞ്ചാവ്, പൊടിക്കാനുപയോഗിക്കുന്ന യന്ത്രം, തൂക്കാനുള്ള ഇലക്ട്രോണിക് ത്രാസ്, വില്‍ക്കാനുള്ള ചെറിയ പ്ലാസ്റ്റിക് പായ്ക്കറ്റുകള്‍, മദ്യക്കുപ്പികള്‍, ഗര്‍ഭ നിരോധന ഉറകള്‍ തുടങ്ങിയവ പരിശോധനയില്‍ കണ്ടെടുത്തിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com