

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിമാഫിയ പിടിമുറുക്കുന്നു എന്ന ആക്ഷേപങ്ങള്‍ക്കിടെ നടപടികള്‍ ഊര്‍ജിതമാക്കി എക്‌സൈസ് വകുപ്പ്. ഓപ്പറേഷന്‍ ക്ലീന്‍ സ്ലേറ്റ് എന്ന പേരില്‍ പരിശോധനകള്‍ ശക്തമാക്കിയതോടെ കേരളം കണ്ടതില്‍ വച്ച് ഏറ്റവും വലിയ ലഹരി വേട്ട കൂടിയാണ് കഴിഞ്ഞ ദിവസങ്ങളില്‍ അരങ്ങേറിയത്. എട്ട് ദിവസത്തിനിടെ 1.9 കോടിയുടെ ലഹരി മരുന്നുകളാണ് എക്‌സൈസ് പിടികൂടിയത്. സംസ്ഥാനത്താകമാനം 568 റെയ്ഡുകള്‍ നടത്തിയ എക്‌സൈസ് 33,709 വാഹനങ്ങളും പരിശോധിച്ചു. 554 കേസുകളും ഓപ്പറേഷന്‍ ക്ലീന്‍ സ്ലേറ്റിന്റെ ഭാഗമായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പൊലീസ്, വനം, മോട്ടോര്‍ വാഹന വകുപ്പ് എന്നിവയുമായി സഹകരിച്ചുള്‍പ്പെടെ മാര്‍ച്ച് 5 മുതല്‍ 12 വരെ 3568 റെയ്ഡുകളാണ് എക്‌സൈസ് നടത്തിയത്. ഇതു പ്രകാരം രജിസ്റ്റര്‍ ചെയ്ത 554 മയക്കുമരുന്ന് കേസുകളില്‍ 570 പേരെ പ്രതിചേര്‍ക്കുകയും ഇതില്‍ 555 പേരെ പിടികൂടുകയും ചെയ്തു. മയക്കുമരുന്ന് കടത്തിയ 27 വാഹനങ്ങളും പിടിച്ചു. പ്രതികളില്‍ നിന്ന് കണ്ടെടുത്ത മയക്കുമരുന്ന് ഉല്‍പ്പന്നങ്ങള്‍ക്ക് 1.9 കോടി രൂപ വിലവരുമെന്നും എക്‌സൈസ് വിശദീകരിക്കുന്നു. സ്‌കൂള്‍ പരിസരത്ത് 998 പരിശോധനകളും, ബസ് സ്റ്റാന്‍ഡ് ( 282), ലേബര്‍ (104), റെയില്‍വേ സ്റ്റേഷനുകളില്‍ 89 ഇടങ്ങളിലും പരിശോധനകള്‍ നടത്തിയിട്ടുണ്ട്. ഒളിവില്‍ കഴിഞ്ഞിരുന്ന 26 പ്രതികളെയും എക്‌സൈസ് അറസ്റ്റ് ചെയ്തു.
എക്‌സൈസ് പരിശോധനയില്‍ 64.46 ഗ്രാം എംഡിഎംഎ, 25.84 ഗ്രാം മെത്താംഫിറ്റമിന്‍, 39.56 ഗ്രാം ഹെറോയിന്‍, 14.5 ഗ്രാം ബ്രൌണ്‍ ഷുഗര്‍, 12.82 ഗ്രാം നൈട്രോസെഫാം ഗുളികകള്‍, 113.63 കിലോ കഞ്ചാവ്, 14.8 കിലോ കഞ്ചാവ് കലര്‍ത്തിയ ചോക്ലേറ്റ്, 96.8 ഗ്രാം കഞ്ചാവ് കലര്‍ത്തിയ ഭാംഗ്, 29.7 ഹാഷിഷ് ഓയില്‍, 20 ഗ്രാം ചരസ് എന്നിവയാണ് പിടിച്ചത്. മയക്കുമരുന്നുമായി ബന്ധപ്പെട്ട പരിശോധനയില്‍ 450 അബ്കാരി കേസുകളും, 2028 പുകയില കേസുകളും പിടിച്ചിട്ടുണ്ട്. 10,430 ലിറ്റര്‍ സ്പിരിറ്റ്, 931.64 ലിറ്റര്‍ അനധികൃത വിദേശമദ്യം, 3048 ലിറ്റര്‍ വാഷ്, 82 ലിറ്റര്‍ ചാരായം, 289.66 കിലോ പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവയും എക്‌സൈസ് കണ്ടെടുത്തിട്ടുണ്ട്.
അതേസമയം, മാര്‍ച്ച് 12 വരെ നിശ്ചയിച്ചിരുന്ന ഓപ്പറേഷന്‍ ക്ലീന്‍ സ്ലേറ്റ് ഒരാഴ്ച കൂടി ദീര്‍ഘിപ്പിക്കാനും സര്‍ക്കാര്‍ തലത്തില്‍ നിര്‍ദേശമുണ്ട്. എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങളുടെ പുരോഗതിയും, തുടര്‍നടപടികളും സംബന്ധിച്ച് എക്‌സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവുമായി തദ്ദേശ സ്വയം ഭരണ എക്‌സൈസ് പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് നിര്‍ദേശം. സ്‌കൂള്‍, കോളേജ്, ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ നടത്തുന്ന പ്രത്യേക നിരീക്ഷണം കൂടുതല്‍ ശക്തമാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. മിഠായികളില്‍ മയക്കുമരുന്ന് കലര്‍ത്തി വിദ്യാര്‍ഥികള്‍ക്കിടയില്‍ വിതരണം ചെയ്യുന്ന വിഷയത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു. മയക്കുമരുന്നിനെതിരെ ശക്തമായ നടപടി സ്വീകരിച്ച എക്‌സൈസ് സേനയെ മന്ത്രി അഭിനന്ദിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates