

കൊച്ചി: കളമശ്ശേരി പോളിടെക്‌നിക്കില്‍ ഉപയോഗത്തിനും വിപണനത്തിനുമായി ലഹരിവസ്തുക്കള്‍ ശേഖരിച്ചിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയതെന്ന് തൃക്കാക്കര അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ പി വി ബേബി പറഞ്ഞു. നാര്‍ക്കോട്ടിക് സെല്‍ എസിപി, ഡാന്‍സാഫ് ടീം, കളമശ്ശേരി പൊലീസ് എന്നിവയുടെ നേതൃത്വത്തിലാണ് പോളിടെക്‌നിക് ഹോസ്റ്റലില്‍ റെയ്ഡ് നടത്തിയത്. രണ്ടു നിലകളുടെ ഹോസ്റ്റലില്‍ രണ്ടിടത്തു നിന്നുമായി 2 കിലോ കഞ്ചാവാണ് കണ്ടെടുത്തത്.
ഒരു സ്ഥലത്തു നിന്നും 1.9 കിലോയും വേറൊരു മുറിയില്‍ നിന്നും 9.7 ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്. 9.7 ഗ്രാം കഞ്ചാവു പിടിച്ചെടുത്ത മുറിയില്‍ രണ്ടുപേരാണ് ഉണ്ടായിരുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൃത്യമായ മുന്നൊരുക്കങ്ങള്‍ നടത്തി, താമസിക്കുന്ന കുട്ടികള്‍ക്ക് യാതൊരു അലോസരവും ഉണ്ടാക്കാതെ, പോളിടെക്‌നിക് മേലധികാരികളുടെ രേഖാമൂലമുള്ള അനുമതിയും വാങ്ങിയാണ് റെയ്ഡ് നടത്തിയത്. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കച്ചവടം നടത്താന്‍ വേണ്ടിയാണ് കഞ്ചാവ് എത്തിച്ചതെന്നാണ് മനസ്സിലാക്കുന്നത്.
ക്യാമ്പസില്‍ ഇന്നു നടക്കുന്ന ഹോളി ആഘോഷം കൊഴുപ്പിക്കുന്നതിന് വേണ്ടി വ്യാപകമായ രീതിയില്‍ കഞ്ചാവ് കളക്ട് ചെയ്തുവെന്നും, വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പിരിവ് നടത്തുന്നുവെന്നും വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. വിദ്യാര്‍ത്ഥികള്‍ക്ക് ഇടയില്‍ വിപണനം ചെയ്യുന്നതിനും ഉപയോഗിക്കുന്നതിനും വേണ്ടിയായതിനാലാണ് ഇത്ര അളവില്‍ കഞ്ചാവ് സൂക്ഷിച്ചത്. ഹോസ്റ്റല്‍ വാര്‍ഡന് ഇതേപ്പറ്റി അറിവുണ്ടായിരുന്നോ എന്നത് അന്വേഷിക്കേണ്ടതാണ്. ഹോസ്റ്റലില്‍ പുറത്തു നിന്നുള്ള ആളുകള്‍ എത്തിയിരുന്നുവെന്ന് വ്യക്തമായ വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്.
പുറത്തു നിന്നും മറ്റാര്‍ക്കെങ്കിലുമോ ജാമ്യം കൊടുത്തവര്‍ക്കോ ഇതില്‍ കൂടുതല്‍ പങ്കുണ്ടെന്ന് വ്യക്തമായാല്‍ പ്രധാന കേസില്‍ അവരെയും ഉള്‍പ്പെടുത്തും. ക്യാമ്പസിലേക്ക് ലഹരിവസ്തുക്കള്‍ എത്തുന്നതില്‍ പൂര്‍വവിദ്യാര്‍ത്ഥികള്‍ക്ക് പങ്കുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. ആരാണ് കഞ്ചാവ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത് എന്നതില്‍ പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഹോസ്റ്റലിലേക്ക് ഒരാള്‍ സ്വാതന്ത്ര്യത്തോടെ ചെല്ലണമെങ്കില്‍ നേരത്തെ അവിടെ താമസിച്ചിരുന്നവരോ, പഠിച്ചിരുന്നവരോ, പൂര്‍വ വിദ്യാര്‍ത്ഥികളോ ആകാം. പുറത്തു നിന്നുള്ളവരുടെ സാന്നിധ്യത്തില്‍ വ്യക്തമായ തെളിവ് ലഭിച്ചിട്ടുണ്ട്.
റൂമുകളില്‍ നിന്നും കഞ്ചാവ് പിടിച്ചതില്‍ ഇരകളായെന്ന വാദം ശരിയല്ല. റൂമുകളില്‍ താമസിക്കുന്നവരുടെ അറിവോ സമ്മതമോ കൂടാതെ ആരെങ്കിലും അവിടെ വരുമെന്ന് കണക്കാക്കാനാവില്ല. അതിനാല്‍ ആ വാദത്തില്‍ കഴമ്പില്ല. അവരുടെ സമ്മതമില്ലാതെ അവരുടെ മുറികളില്‍ കയറാനാകില്ല. കേസില്‍ പിടിയിലായ മൂന്നുപേരെയും കയ്യോടെ പിടികൂടിയതാണ്. അതുകൊണ്ട് അവര്‍ക്ക് പങ്കില്ലെന്ന് പറയുന്നത് ശരിയല്ല. കേസില്‍ മറ്റുള്ളവര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിച്ച് കണ്ടുപിടിക്കേണ്ടതുണ്ട്. വളരെ സുതാര്യമായിട്ടാണ് പൊലീസ് പരിശോധന നടത്തിയത്. മതിയായ മുന്നൊരുക്കങ്ങള്‍ നടത്തി. വീഡിയോ റെക്കോര്‍ഡിങ് അടക്കം നടത്തിയിരുന്നു. ഒരുതരത്തിലും വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും തൃക്കാക്കര എസിപി പി വി ബേബി കൂട്ടിച്ചേര്‍ത്തു.
പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് എസ്എഫ്‌ഐ നേതാവും കോളജ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയുമായ അഭിരാജ് ആരോപണം ഉന്നയിച്ചിരുന്നു. 'ഫോഴ്‌സ് ചെയ്ത് പിടിക്കാനാണെങ്കില്‍ ഹോസ്റ്റലില്‍ വേറെയും കുട്ടികള്‍ ഉണ്ടായിരുന്നില്ലേ'യെന്ന് എസിപി ചോദിച്ചു. കൃത്യമായി, ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് അവരെ പിടികൂടിയത്. പിടിയിലായവര്‍ ഇതില്‍ ഉള്‍പ്പെട്ടവര്‍ തന്നെയാണ്. അത് കൃത്യതയോടെ തന്നെയാണ് ചെയ്തിട്ടുള്ളത്. പിടിയിലായവരുടെ മെഡിക്കല്‍ പരിശോധന നടത്തിയിരുന്നുവെന്നും തൃക്കാക്കര എസിപി വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates