

കൊച്ചി: ഹോൺ മുഴക്കരുതെന്ന് പറഞ്ഞിട്ടും നിയമലംഘനം നടത്തി സ്വകാര്യ ബസ് ഡ്രൈവർമാർ. കഴിഞ്ഞ ദിവസം നോ ഹോൺ ഡേ ദിനാചരണത്തിന്റെ ഭാഗമായി കൊച്ചി നഗരത്തിലും പരിസരപ്രദേശത്തും മോട്ടോർ വാഹനവകുപ്പ് നടത്തിയ പരിശോധനയിലാണ് 13 ബസ് ഡ്രൈവർമാരുടെ പേരിൽ കേസെടുത്തത്.
നഗരപരിധിയിൽ നിശബ്ദ മേഖലകളായി പ്രഖ്യാപിച്ചിട്ടുള്ള ആശുപത്രികൾ, ആരാധനാലയങ്ങൾ, സ്കൂളുകൾ, കോടതികൾ എന്നിവയുടെ പരിസരങ്ങളിൽ ഹോൺ മുഴക്കുന്ന ഡ്രൈവർമാർക്കെതിരെയാണ് കർശന നടപടി സ്വീകരിച്ചത്. അമിതമായി ഹോൺ മുഴക്കുന്നതിനാലുള്ള ശബ്ദ മലിനീകരണത്തെയും ആരോഗ്യപ്രശ്നങ്ങളെയും പറ്റി അവബോധം സൃഷ്ടിക്കാനും നിരോധിത മേഖലകളിൽ ഹോൺ മുഴക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനുമാണ് നോ ഹോൺ ദിനാചരണം നടത്തുന്നത്.
കൊച്ചി നഗരത്തിലെ തിരക്കുള്ള ജംഗ്ഷനുകളിലെ ശരാശരി ശബ്ദ ബഹളം 80 ഡെസിബെല്ലിന് മുകളിലാണ്. നോ ഹോൺ ഡേ ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ മറ്റ് നിയമലംഘനങ്ങൾക്ക് 36 വാഹനങ്ങൾക്കെതിരെയും കേസെടുത്തു.
പുക സർട്ടിഫിക്കറ്റ് ഇല്ലാതെ വാഹനം ഓടിച്ചതിന് 10 ഉം, ടാക്സ് അടക്കാത്തതിന് രണ്ടും ഇൻഷുറൻസ് ഇല്ലാത്തതിന് നാലും ഹെൽമെറ്റില്ലാത്ത വാഹനം ഓടിച്ചതിന് 15 കേസുകളും അമിത ഭാരം കയറ്റിയ സംഭവത്തിൽ നാല് കേസും അനധികൃതമായി സർക്കാർ ബോർഡ് സ്ഥാപിച്ച സംഭവത്തിൽ ഒരു വാഹനത്തിനെതിരെയും നടപടി സ്വീകരിച്ചു. പിഴയായി 1,56,250 രൂപ പിഴ ഈടാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates