'എല്ലാം കൊന്നു തീര്‍ക്കാം, 'വയലൻസ്' തന്നെ ലഹരിയായി മാറി; രാസലഹരിയുടെ ഒഴുക്ക് തടയാൻ കേന്ദ്ര സർക്കാർ ഇടപെടണം'

മയക്കുമരുന്ന് കേസുകളുടെ അന്വേഷണം ശക്തമാക്കുന്നതിന് ക്രൈംബ്രാഞ്ച് എക്സൈസ് വിഭാഗവും രൂപീകരിച്ചു.
mb rajesh
മന്ത്രി എംബി രാജേഷ്ടിപി സൂരജ്
Updated on
2 min read

കേരളത്തിൽ 'വയലൻസ്' തന്നെ ഒരു ലഹരിയായി മാറിയിരിക്കുകയാണെന്ന് എക്സൈസ് മന്ത്രി എംബി രാജേഷ്. ഇന്ന് കാര്യങ്ങളെല്ലാം അടിച്ചു തീർക്കാം...കൊന്നു തീർക്കാമെന്ന രീതിയിലേക്കെത്തിയിരിക്കുകയാണ്. അക്രമത്തിന്റെയും മയക്കുമരുന്നിന്റെയും സംയോജനം മാരകമാണ്. അതിൽ സിനിമയ്ക്കും വെബ് സീരിസിനും സോഷ്യൽമീഡിയയ്ക്കും പങ്കുണ്ട്. ദിവസവും വാട്സ്‌ആപ്പുകളിൽ വരുന്ന ക്രൈം വീഡിയോകൾ കണ്ട് ആളുകളുടെ മനസ് മരവിച്ചു. ഇതൊന്നും ഒരു പ്രശ്നമല്ലെന്ന തരത്തിലേക്ക് ആളുകൾ എത്തിയെന്നും മന്ത്രി ന്യൂ ഇന്ത്യൻ എക്സ്‌പ്രസിന്റെ എക്സ്‌പ്രസ് ഡയലോ​ഗ്സിൽ പറയുന്നു.

'സംസ്ഥാനത്തിൽ രാസലഹരിയുടെ വ്യാപനം വർധിക്കുന്നത് ​ഗൗരവമായി തന്നെയാണ് കാണുന്നത്. ​ഗോവ, ബെം​ഗളൂരു വഴിയാണ് കേരളത്തിലേക്ക് ലഹരി വസ്തുക്കൾ എത്തുന്നത്. അതിർത്തിയിൽ വെച്ച് തന്നെ ഇവ പിടികൂടുന്നതിന് ഇതിനോടകം വിവിധ പദ്ധതികൾ ആവിഷ്ക്കരിച്ചിട്ടുണ്ട്. എക്സൈസ് ചെക്പോസ്റ്റുകളിൽ സിസിടിവി കാമറകൾ സ്ഥാപിച്ചു, മയക്കുമരുന്ന് കണ്ടെത്തൽ കിറ്റുകൾ ഉദ്യോഗസ്ഥർക്ക് നൽകി, സംസ്ഥാന അതിർത്തികളിൽ കേരള എക്സൈസ് മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റ് (കെഇഎംയു) വിന്യസിച്ചു. ലഹരി കേസുകൾ ഫലപ്രദമായി അന്വേഷിക്കുന്നതിന് ഒരു ക്രൈംബ്രാഞ്ച് എക്സൈസ് വിഭാഗവും രൂപീകരിച്ചിട്ടുണ്ട്'- എംബി രാജേഷ് പറഞ്ഞു.

'മുന്ദ്ര, മുംബൈ, കൊൽക്കത്ത, വിശാഖപട്ടണം തുടങ്ങിയ തുറമുഖങ്ങൾ വഴിയാണ് ലഹരി വസ്തുക്കൾ പ്രധാനമായും ഇന്ത്യയിലേക്ക് ഒഴുകുന്നത്. ഈ ഒഴുക്ക് തടയുന്നതിന് കേന്ദ്രസർക്കാർ നേതൃത്വം നൽകേണ്ടതുണ്ട്. 2024-ൽ ഇന്ത്യയിൽ 25,000 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി. കേരളത്തിൽ 100 കോടിയിൽ താഴെ രൂപയുടെ ലഹരിവസ്തുക്കൾ മാത്രമാണ് പിടികൂടിയത്. എന്നാൽ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ എണ്ണം ദേശീയതലത്തിൽ വെച്ചു നോക്കുമ്പോൾ വളരെ കൂടുതലാണ്. നമ്മുടെ പരിധിയിൽ നിന്നു കൊണ്ട് മയക്കുമരുന്നുകളുടെ വ്യാപനവും ഉത്ഭവവും പരമാവധി തടയാൻ കേരളത്തിലെ പൊലീസിനും എക്സൈസിനും സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എംഡിഎംഎയും മെത്താംഫെറ്റാമിനുമാണ് കേരളത്തിലേക്ക് കൂടുതലായും എത്തുന്നത്'- അദ്ദേഹം പറഞ്ഞു.

'മഞ്ചേരിയില്‍ നിന്ന് അറസ്റ്റിലായവരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കേരളത്തിൽ നിന്നുള്ള എക്സൈസ് സംഘം ആന്‍ഡമാന്‍ വരെ പോയി. അവിടെ 100 കോടി രൂപയുടെ മയക്കുമരുന്നാണ് കേരളത്തിൽ നിന്നുള്ള സംഘം നശിപ്പിച്ചത്. ആന്‍ഡമാന്‍ രാസലഹരിയുടെ ഹബ്ബാണ്. ഹൈദരാബാദിൽ രാസലഹരി നിർമിച്ചിരുന്ന ഫാക്ടറി തൃശൂർ പൊലീസിന്റെ നേതൃത്വത്തിൽ കണ്ടെത്തി. വലിയൊരു കോടീശ്വരൻ അന്ന് അറസ്റ്റിലാവുകയും ചെയ്തിരുന്നു. അങ്ങനെ പരിധിക്കുള്ളിൽ നിന്നു കൊണ്ട് പൊലീസും എക്സൈസും ലഹരിക്കെതിരായി ഫലപ്രദമായി പ്രവർത്തിക്കുന്നുണ്ട്. മയക്കുമരുന്നിനെതിരായ പോരാട്ടം ഇന്ത്യയില്‍ എല്ലാ ഏജന്‍സികളും ഏകോപിപ്പിച്ചു നടത്തേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ സ്‌കൂള്‍ കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് വില്‍പന കൂടുതലായും നടക്കുന്നത്. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് എക്‌സൈസ് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. എല്ലാ സ്‌കൂളുകളിലും ജാഗ്രത സമിതി രൂപീകരിച്ചു. പൊലീസിന്റെ നേതൃത്വത്തിൽ 'യോദ്ധാവ്' എന്ന പദ്ധതി നടപ്പാക്കിയിട്ടുണ്ട്. അതുപോലെ 'നേര്‍ക്കൂട്ടം', 'ശ്രദ്ധ' എന്ന പേരിൽ കോളജുകളും ഹോസ്റ്റലുകളും കേന്ദ്രീകരിച്ച് പ്രത്യേകം പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്. ഈ പ്രവര്‍ത്തനങ്ങള്‍ ഉള്ളതു കൊണ്ടാണ് ഇത്രത്തോളം മയക്കുമരുന്നിന്റെ വ്യാപനം തടഞ്ഞു നിര്‍ത്താന്‍ സാധിക്കുന്നത്. എന്നാൽ കേരളത്തിൽ കുറ്റകൃത്യ നിരക്ക് വർധിക്കാനുള്ള ഏക കാരണം ലഹരിമരുന്നല്ല. അക്രമത്തിന്റെയും മയക്കുമരുന്നിന്റെയും സംയോജനം മാരകമാണ്.

സിനിമ, വെബ് സീരീസ്, സോഷ്യൽ മീഡിയ എന്നിവ അക്രമത്തെ മഹത്വപ്പെടുത്തുന്നു. വ്യക്തികളെ സെൻസിറ്റീവ് ആക്കുകയും ക്രൂരമായ കുറ്റകൃത്യങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. ചില വ്യക്തികളിൽ ഈ മാനസികാവസ്ഥ വളർന്നുവന്നിട്ടുണ്ട്. ഇത് നിസ്സാരകാര്യങ്ങളുടെ പേരിൽ അക്രമത്തിനും കൊലപാതകത്തിനും അവരെ പ്രേരിപ്പിക്കുന്നു. നേരത്തെ അക്രമത്തെ അപലപിക്കുകയും സംഘടനകളുടെ മുകളില്‍ പഴി ചാരുകയും ചെയ്തിരുന്നു. ഇപ്പോൾ ജനക്കൂട്ടം തന്നെ ഉത്തരവാദിത്തമില്ലാതെ അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു. വിദ്യാർത്ഥി രാഷ്ട്രീയത്തെ വിമർശിക്കുന്നവർക്ക് ഈ മാറ്റം വിശദീകരിക്കാനുള്ള ധാർമിക ഉത്തരവാദിത്തമുണ്ട്. സാമൂഹികവും മാനസികവുമായ വശങ്ങൾ പരിഗണിച്ച് നാം ഇതിനെ സമഗ്രമായി സമീപിക്കണം. ഇവ ഒരു വലിയ പ്രതിസന്ധിയുടെ ലക്ഷണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com