'ആ അഭിമുഖം റിഹേഴ്സല്‍, കൂടുതല്‍ പിന്നാലെ വരുന്നുണ്ട്, 'പ്രളയ കോവിഡ് കാലം' ആവര്‍ത്തിക്കും; പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ്

'ഗവര്‍ണര്‍ സംസ്ഥാനത്ത് ബിജെപിയുടെ അജണ്ട നടപ്പിലാക്കുകയാണ്'
congress
പിണറായി വിജയൻ, കെ സുധാകരൻ, വിഡി സതീശൻ ഫയൽ
Updated on
2 min read

തിരുവനന്തപുരം: പ്രളയ കോവിഡ് കാലത്തേതിന് സമാനമായി മുഖ്യമന്ത്രി മാധ്യമങ്ങളില്‍ കൂടുതല്‍ അഭിമുഖങ്ങള്‍ക്കും വാര്‍ത്താസമ്മേളനങ്ങള്‍ക്കും ഒരുങ്ങുകയാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍, പ്രതിരോധതന്ത്രമൊരുക്കാന്‍ കോണ്‍ഗ്രസ്. സര്‍ക്കാരിന്റെ വീഴ്ചകള്‍ അക്കമിട്ടു നിരത്തി ബദല്‍ പ്രചാരണം സംഘടിപ്പിക്കാനാണ് കെപിസിസി നേതൃയോഗത്തില്‍ തീരുമാനിച്ചത്. പൊതുവേ മാധ്യമങ്ങളില്‍ നിന്നും അകലം പാലിക്കുന്ന മുഖ്യമന്ത്രി കഴിഞ്ഞദിവസം ഒരു ടെലിവിഷന്‍ ചാനലിന് അഭിമുഖം നല്‍കിയിരുന്നു. ഇത്തരത്തില്‍ കൂടുതല്‍ അഭിമുഖങ്ങളും വാര്‍ത്താ സമ്മേളനങ്ങളും നടത്തി സര്‍ക്കാര്‍ വാദം ജനങ്ങളിലേക്ക് എത്തിക്കാനാണ് മുഖ്യമന്ത്രി ലക്ഷ്യമിടുന്നതെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.

വളരെക്കാലത്തിനുശേഷം ഇന്ദിരാഭവനില്‍ തിങ്കളാഴ്ച കെപിസിസി ഭാരവാഹികളും ഡിസിസി പ്രസിഡന്റുമാരും പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രിയുടെ വാദങ്ങൾക്കെതിരെ ബദല്‍ പ്രചാരണം സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. യുവാക്കള്‍ക്കിടയില്‍ വ്യാപകമായ സിന്തറ്റിക് മയക്കുമരുന്ന് ഉപയോഗവും അക്രമവും അവസാനിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. ഇതു മറച്ചു പിടിക്കാനാണ് മുഖ്യമന്ത്രി പ്രളയകാലത്തും കോവിഡ് മഹാമാരി സമയത്തും നടത്തിയതുപോലെ, പുതിയ നാടകവുമായി രംഗത്തിറങ്ങിയിട്ടുള്ളതെന്ന് നേതൃയോഗം വിലയിരുത്തി.

സിപിഎം- ബിജെപി അവിശുദ്ധ കൂട്ടുകെട്ട്

സംസ്ഥാനത്തെ അനിയന്ത്രിതമായി പെരുകിയ രാസലഹരി ഉപയോഗവും, ഇതേത്തുടര്‍ന്നുള്ള അക്രമങ്ങള്‍ പതിന്മടങ്ങ് വര്‍ധിച്ചതും, ഇടതു സര്‍ക്കാരിന്റെ കഴിഞ്ഞ എട്ടു വര്‍ഷത്തെ ഭരണപരാജയവും മുഖ്യ ആയുധമാക്കി പ്രചാരണം സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസ് നേതൃയോഗത്തില്‍ ധാരണയായത്. ഡല്‍ഹിയില്‍ കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ നടത്തിയ കൂടിക്കാഴ്ച, 2026 ലെ നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള സിപിഎം-ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെ മുന്നോടിയാണെന്ന് യോഗം വിലയിരുത്തി. കെപിസിസി മുന്‍ പ്രസിഡന്റ് കെ മുരളീധരനാണ് വിഷയം യോഗത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്.

കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമനും പിണറായി വിജയനും പങ്കെടുത്ത പ്രഭാതവിരുന്ന് ദുരൂഹ സാഹചര്യത്തിലാണ്. സാധാരണ കേന്ദ്രമന്ത്രിമാര്‍ സംസ്ഥാന മുഖ്യമന്ത്രിമാരെ ഇങ്ങോട്ട്ുവന്ന് കാണാറില്ല. ഇതിന് അപവാദം മുമ്പ് കെ കരുണാകരനെ സന്ദര്‍ശിച്ചതു മാത്രമാണ്. അന്ന് മുഖ്യമന്ത്രിയായിരുന്ന കരുണാകരന്‍ കോണ്‍ഗ്രസിലെ വലിയ നേതാവാണ്. കോണ്‍ഗ്രസ് തന്നെയായിരുന്നു കേന്ദ്രം ഭരിച്ചിരുന്നതും. എന്നാലിപ്പോള്‍ കേരളത്തില്‍ സിപിഎമ്മും കേന്ദ്രത്തില്‍ ബിജെപിയുമാണ് ഭരിക്കുന്നത്. സിപിഎം- ബിജെപി അവിശുദ്ധ കൂട്ടുകെട്ടാണ് ഇത് തെളിയിക്കുന്നതെന്ന് കെ മുരളീധരന്‍ പറഞ്ഞു.

യോഗത്തില്‍ പങ്കെടുത്ത ഗവര്‍ണര്‍ സംസ്ഥാനത്ത് ബിജെപിയുടെ അജണ്ട നടപ്പിലാക്കുകയാണ്. സിപിഎമ്മും ബിജെപിയും തമ്മില്‍ ഇത്തരമൊരു കൂട്ടുകെട്ട് രൂപപ്പെടുമ്പോള്‍ അതിനെ ചെറുക്കാനുള്ള സംഘടനാ ശക്തി കോണ്‍ഗ്രസിന് ഉണ്ടായിരിക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. പാര്‍ട്ടിക്കകത്തെ പ്രശ്‌നങ്ങള്‍ നേതാക്കള്‍ ആരും പുറത്ത് പറയരുതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നിര്‍ദേശിച്ചു. പരസ്യപ്രതികരണങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കണം. ഏതെങ്കിലും തലത്തില്‍ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍ ബന്ധപ്പെട്ട നേതൃത്വം അത് പരിഹരിക്കണം എന്നും സതീശന്‍ ആവശ്യപ്പെട്ടു.

കടൽ മണൽ ഖനനത്തിൽ പ്രക്ഷോഭം

കടല്‍ മണല്‍ ഖനന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. തീരത്തെ ഖനനത്തിന് സംസ്ഥാന സര്‍ക്കാര്‍ ഒരു വിഹിതം ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ഈ വിഷയത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ സത്യസന്ധതയില്ലായ്മയെ കാണിക്കുന്നു, അവര്‍ കേന്ദ്രത്തിന് എല്ലാ സഹായവും ചെയ്തു കൊടുക്കുകയാണ്. എന്ത് വില കൊടുത്തും മണല്‍ ഖനനം ചെറുക്കാനും കെപിസിസി നേതൃയോഗം തീരുമാനിച്ചു.

മഹാത്മാഗാന്ധി-ശ്രീനാരായണ ഗുരു കൂടിക്കാഴ്ചയുടെ ശതാബ്ദി ആഘോഷ പരിപാടികളില്‍ ഇടതുപക്ഷ പാര്‍ട്ടികളിലെ സമാന ചിന്താഗതിക്കാരായ നേതാക്കളെ പങ്കെടുപ്പിക്കാനും പാര്‍ട്ടി നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് നടന്ന ആദ്യ പരിപാടിയില്‍ മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരനും സിപിഐ നേതാവ് സി ദിവാകരനും പങ്കെടുത്തിരുന്നു. മുന്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരനാണ് യോഗത്തില്‍ ഈ ആശയം മുന്നോട്ടുവച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com