തേനീച്ചക്കുത്തുകൊണ്ടത് ആ 'സുന്ദരന്‍' സബ് കലക്ടര്‍ക്ക്; മാസങ്ങള്‍ക്ക് മുമ്പ് കേരളം തെരഞ്ഞ ആല്‍ഫ്രഡ്

തിരുവനന്തപുരം സബ് കലക്ടര്‍ ആയി ആല്‍ഫ്രഡ് ഒ വി ചുമതലയേറ്റത് 2024 സെപ്തംബറിലാണ്.
Alfred
തിരുവനന്തപുരം സബ്കലക്ടര്‍ ആല്‍ഫ്രഡ് ഒ വിവിഡിയോ സ്‌ക്രീന്‍ഷോട്ട്‌
Updated on

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ സമാധി വിവാദം അത്ര പെട്ടെന്നൊന്നും ആരും മറക്കാനിടയില്ല. എന്നാല്‍ അന്ന് കേരളം ഏറ്റവും കൂടുതല്‍ ശ്രദ്ധിച്ചത് പ്രശ്നപരിഹാരത്തിനെത്തിയ ചെറുപ്പക്കാരനെയാണ്. കേരളം തെരഞ്ഞ ആ സുന്ദരനായ ചെറുപ്പക്കാരന്‍ തിരുവനന്തപുരം സബ്കലക്ടറായിരുന്നു. ഇന്നലെ കലക്ട്രേറ്റില്‍ ബോംബ് ഭീഷണിയെത്തുടര്‍ന്ന് തെരച്ചില്‍ നടത്തുന്നതിനിടെ ആ സുന്ദരന്‍ കലക്ടര്‍ ആല്‍ഫ്രഡ് ഒ വിയയ്ക്കാണ് തേനീച്ചയുടെ കുത്തേറ്റത്.

ഗോപന്‍ സ്വാമിയുടെ സമാധി വിവാദത്തിന് ശേഷം സബ്കലക്ടറുടെ സോഷ്യല്‍ മീഡിയ പേജിന് താഴെ നിരവധി പെണ്‍കുട്ടികളാണ് കമന്റുമായി എത്തിയത്. സബ്കലക്ടര്‍ പങ്കെടുക്കുന്ന ഒരു പരിപാടിയില്‍ തിരുവനന്തപുരം മാര്‍ഇവാനിയോസിലെ പെണ്‍കുട്ടികള്‍ ഒരു തവണ കാണാന്‍ തടിച്ചു കൂടിയിരുന്നു. ആരാധികമാരുടെ ശല്യത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കുമ്പോഴും അത്തരം വിഷയങ്ങളില്‍ കമന്റ് പറയേണ്ട സമയമല്ലെന്ന് വളരെ വ്യക്തമായി മറുപടി നല്‍കി കൈയടി വാങ്ങുകയും ചെയ്തു ആല്‍ഫ്രഡ്. കലക്ടറുടെ മറുപടി സോഷ്യല്‍ മീഡിയ പിന്നീട് ഏറ്റെടുത്തു. കലക്ടറെ കോഴിയാക്കാന്‍ നോക്കേണ്ടെന്നായിരുന്നു പലരുടേയും കമന്റുകള്‍. ഇത്രയും പഠിച്ച് എത്തിയത് പെണ്‍പിള്ളേരുടെ പിന്നാലെ നടക്കാനല്ലെന്നും ചിലര്‍ കമന്റ് ചെയ്തു.

തിരുവനന്തപുരം സബ് കലക്ടര്‍ ആയി ആല്‍ഫ്രഡ് ഒ വി ചുമതലയേറ്റത് 2024 സെപ്തംബറിലാണ്. കണ്ണൂര്‍ സ്വദേശിയായ ആല്‍ഫ്രഡ് പാലക്കാട് ജില്ലയില്‍ അസിസ്റ്റന്റ് കലക്ടര്‍ ആയിരുന്നു. 2022 ബാച്ച് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനാണ്.

ചെറുപുഴ സെന്റ് മേരീസ് ഹൈസ്‌കൂള്‍, തോമാപുരം സെന്റ് തോമസ് ഹയര്‍സെക്കന്ററി സ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. 2017ല്‍ ബാംഗ്ലൂര്‍ ക്രൈസ്റ്റ് കോളജില്‍ നിന്ന് കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദം നേടി. ബിരുദ പഠനത്തിന്റെ സമയത്താണ് സിവില്‍ സര്‍വീസ് മോഹം മനസിലുദിച്ചത്.

ആദ്യ ശ്രമം പാളി. രണ്ടാം ശ്രമത്തില്‍ ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വീസില്‍ നിയമനം. മൂന്നാം ശ്രമത്തില്‍ 57 ാം റാങ്കോടെ ഐഎഎസ് സ്വപ്‌നം യാഥാര്‍ഥ്യമായി. ഇതിനിടെ ഡല്‍ഹിയില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായി പ്രവര്‍ത്തിച്ചു. സിനിമ, ഫുട്‌ബോള്‍ എന്നീ വിഷയങ്ങളില്‍ ഏറെ തല്‍പ്പരനാണ് ആല്‍ഫ്രഡ്.

ഇന്നലെ ഉച്ചയോടെയാണ് ഇ മെയില്‍ വഴി കലക്‌ട്രേറ്റില്‍ ബോംബ് ഭീഷണി സന്ദേശം എത്തിയത്. ബോംബ് ഭീഷണിയെ തുടര്‍ന്ന് കലക്ടറേറ്റ് കെട്ടിടത്തില്‍ പരിശോധന നടത്തുന്നതിനിടെയായിരുന്നു തേനീച്ചകളുടെ ആക്രമണം. പരിക്കേറ്റ കലക്ടറും ഉദ്യോഗസ്ഥരുമടക്കം ആശുപത്രിയില്‍ ചികിത്സ തേടി. ഭീഷണി സന്ദേശം ലഭിച്ചതോടെ ജീവനക്കാര്‍ വിവരം പൊലീസിനെയും ബോംബ് സ്‌ക്വാഡിനെയും അറിയിച്ചു. ഇവര്‍ പരിശോധിക്കുന്നതിനിടെ കെട്ടിടത്തില്‍ ഉണ്ടായിരുന്ന തേനീച്ച കൂട് ഇളകുകയായിരുന്നു. ബോംബ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥര്‍ക്കും പൊലീസുകാര്‍ക്കും തേനീച്ചയുടെ കുത്തേറ്റു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com