
തിരുവനന്തപുരം: ചൈന മുതല്‍ ഓസ്ട്രേലിയ വരെയുള്ള രാജ്യങ്ങളില്‍നിന്ന് കേരളത്തിലേക്ക് വിനോദസഞ്ചാരികളെ എത്തിക്കാന്‍ പ്രത്യേക മാര്‍ക്കറ്റിങ് നടത്തുമെന്ന് ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഇതിനായി ടൂറിസം വകുപ്പ് മലേഷ്യന്‍ എയര്‍ലൈന്‍സുമായി ധാരണയിലെത്തിയതായും മന്ത്രി നിയമസഭയെ അറിയിച്ചു. പിപി സുമോദ് എംഎല്‍എയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
മിഡില്‍ ഈസ്റ്റ്, യുഎസ് എന്നിവിടങ്ങളില്‍നിന്നാണ് കേരളത്തിലേക്ക് കൂടുതല്‍ വിനോദസഞ്ചാരികള്‍ എത്തുന്നത്. ഇവിടങ്ങളില്‍നിന്നുള്ള സഞ്ചാരികള്‍ വര്‍ധിച്ചുവരുന്നുണ്ട്. ചൈന മുതല്‍ ഓസ്ട്രേലിയ വരെ പ്രത്യേക താത്പര്യത്തോടുകൂടിയുള്ള മാര്‍ക്കറ്റിങ് അനിവാര്യമാണ്. അത് ആലോചിക്കുകയാണ്. ഇതിനായി ടൂറിസം വകുപ്പ് മലേഷ്യന്‍ എയര്‍ലൈന്‍സുമായി ധാരണ ഉണ്ടാക്കിയിട്ടുണ്ട്. ഏപ്രിലില്‍ മലേഷ്യന്‍ എയര്‍ലൈന്‍സ് എട്ടുരാജ്യങ്ങളില്‍നിന്ന്, 40 ടൂര്‍ ഓപ്പറേറ്റര്‍മാര്‍, 15 സോഷ്യല്‍മീഡിയ ഇന്‍ഫ്ളുവന്‍സര്‍മാരുമായി കേരളത്തിലേക്ക് വരും. ചൈന, ജപ്പാന്‍, ന്യൂസിലന്‍ഡ്, മലേഷ്യ, ഇന്തോനേഷ്യ, ഓസ്ട്രേലിയ അടക്കം രാജ്യങ്ങളില്‍നിന്നാണ് ഇവര്‍ എത്തുന്നത്', മന്ത്രി സഭയില്‍ പറഞ്ഞു.'
നിലവിലെ വിപണിക്ക് പുറമേ കൂടുതല്‍ ആളുകളെ കൊണ്ടുവരേണ്ട സ്ഥലങ്ങള്‍ കണ്ടെത്തുക എന്ന കാഴ്ചപ്പാടിന്റെ ഭാഗമായാണ് മലേഷ്യന്‍ എയല്‍ലൈന്‍സുമായി ധാരണയിലെത്തിയതെന്നും മന്ത്രി പറഞ്ഞു. ശ്രീലങ്ക പ്രധാനപ്പെട്ട ടൂറിസ്റ്റ് രാജ്യമായതിന്റെ പ്രധാനകാരണം ശ്രീലങ്കന്‍ എയല്‍ലൈന്‍സ് വഹിക്കുന്ന പങ്കാണ്. ശ്രീലങ്കന്‍ എയര്‍വെയ്‌സ് ഏതൊക്കെ രാജ്യത്താണോ സര്‍വീസ് നടത്തുന്നത്, ആ രാജ്യത്ത് ശ്രീലങ്കന്‍ ടൂറിസത്തിന്റെ പ്രചാരകരായി മാറുന്നു. ആ നിലയില്‍ ഒരുപാടുപേരെ ശ്രീലങ്കന്‍ എയര്‍വെയ്സ് ശ്രീലങ്കയിലേക്ക് കൊണ്ടുവരുന്നുണ്ട്. നമ്മള്‍ ഒരു രാജ്യമല്ല, സംസ്ഥാനമാണ്. നമുക്ക് ഒരു എയര്‍വെയ്സ് സംവിധാനം ഇല്ല. അങ്ങനെയുള്ള പരിമിതിയുണ്ട്. എന്നാലും ഇത്തരത്തിലുള്ള നീക്കങ്ങള്‍ വിദേശത്തുനിന്നുള്ള വിനോദസഞ്ചാരികളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന് സഹായകരമാവുമെന്നും മന്ത്രി പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക