ലോകത്ത് ആദ്യം; ലക്ഷ്യം കാര്‍ബണ്‍ മുക്തം; കൊച്ചി വിമാനത്താവളം പുതിയ ഉയരങ്ങളിലേക്ക്

നഗരങ്ങള്‍ കേന്ദ്രീകരിച്ചു താഴ്ന്നു പറക്കുന്ന ചെറു വിമാന സര്‍വീസുകളുടെ സമൂലമായ മാറ്റമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
 ഹൈഡ്രജന്‍ ഇന്ധന വെര്‍ട്ടിക്കല്‍ ടേക്ക് ഓഫ് ആന്റ് ലാന്‍ഡിങ് എയര്‍ക്രാഫ്റ്റ് ഇക്കോ സിസ്റ്റം  വികസിപ്പിക്കുന്നതിനുള്ള ധാരണാപത്രം ബിപിസിഎല്ലും അനെര്‍ട്ടും കൈമാറുന്നു
ഹൈഡ്രജന്‍ ഇന്ധന വെര്‍ട്ടിക്കല്‍ ടേക്ക് ഓഫ് ആന്റ് ലാന്‍ഡിങ് എയര്‍ക്രാഫ്റ്റ് ഇക്കോ സിസ്റ്റം വികസിപ്പിക്കുന്നതിനുള്ള ധാരണാപത്രം ബിപിസിഎല്ലും അനെര്‍ട്ടും കൈമാറുന്നു
Updated on

കൊച്ചി: രാജ്യത്തെ കാര്‍ബണ്‍ നിയന്ത്രണ നടപടികളുടെ ചുവടുപിടിച്ച് കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ലോകത്തെ ആദ്യ ഹൈഡ്രജന്‍ ഇന്ധന വെര്‍ട്ടിക്കല്‍ ടേക്ക് ഓഫ് ആന്റ് ലാന്‍ഡിങ് എയര്‍ക്രാഫ്റ്റ് ഇക്കോ സിസ്റ്റം വികസിപ്പിക്കുന്നു. ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ ബിപിസിഎല്ലും അനെര്‍ട്ടിന്റെ ബ്ലുജെ എയ്റോസ്പേസും ഒപ്പുവച്ചു. നഗരങ്ങള്‍ കേന്ദ്രീകരിച്ചു താഴ്ന്നു പറക്കുന്ന ചെറു വിമാന സര്‍വീസുകളുടെ സമൂലമായ മാറ്റമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ഇത്തരം വിമാനങ്ങള്‍ ഹൈഡ്രജന്‍ ഇന്ധനത്തില്‍ പ്രവര്‍ത്തിപ്പിക്കും. ഇതുവഴി കാര്‍ബണ്‍ ബഹിര്‍ഗമനം പരമാവധി ഇല്ലാതെയാക്കാം. ചെറു വിമാനങ്ങളുടെ വേഗത വര്‍ധിപ്പിക്കുന്നതിനോടൊപ്പം എഞ്ചിനുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതുവഴി ഉണ്ടാകുന്ന ശബ്ദമലിനീകരണത്തിനും പരിഹാരമാകും. 2070ഓടുകൂടി രാജ്യത്തെ കാര്‍ബണ്‍ ബഹിര്‍ഗമനം പൂജ്യത്തിലെത്തിക്കുകയെന്ന (സീറോ കാര്‍ബണ്‍ എമിഷന്‍) ലക്ഷ്യത്തിന്റെ ഭാഗമായാണ് വെര്‍ട്ടിക്കല്‍ ടേക്ക് ഓഫ് ആന്റ് ലാന്‍ഡിങ് എയര്‍ക്രാഫ്റ്റ് ഇക്കോ സിസ്റ്റം വികസിപ്പിക്കുന്നത്.

കൊച്ചിയിലും തിരുവനന്തപുരത്തും ബിപിസിഎല്‍ തുടങ്ങാനുദ്ദേശിക്കുന്ന ഹൈഡ്രജന്‍ റിഫ്യുവല്‍ സ്റ്റേഷനുകള്‍ (എച്ച്ആര്‍എസ്) വഴി വിമാനങ്ങള്‍ക്കുള്ള ഇന്ധനം ലഭ്യമാക്കും. കൂടാതെ, ബിപിസിഎല്ലിന്റെ നേതൃത്വത്തില്‍ പ്രാദേശികമായി ഹൈഡ്രജന്‍ ഫ്യുവല്‍ സെല്ലുകളുടെ വികസനത്തിന് ആവിശ്യമായ ഗവേഷണവും നടത്തും. ഇതിനാവശ്യമായ സാങ്കേതിക സഹായങ്ങള്‍ അനെര്‍ട്ടിന്റെ ബ്ലുജെ എയ്റോസ്പേസ് നല്‍കും.

ചെറുവിമാന സര്‍വീസുകള്‍ ഉള്‍പ്പടെയുള്ള വ്യോമഗതാഗത മേഖലയുടെ സമ്പൂര്‍ണ പരിവര്‍ത്തനമാണ് ഗ്രീന്‍ ഹൈഡ്രജന്‍ വഴി സാധ്യമാകുകയെന്ന് ബിപിസിഎല്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ജി കൃഷ്ണകുമാര്‍ പറഞ്ഞു. സുസ്ഥിര ഭാവിയിലേക്കുള്ള നൂതന ഊര്‍ജ പരിഹാരങ്ങള്‍ കണ്ടെത്തുകയാണ് സഹകരണത്തിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങില്‍ കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ മനു ജി, സംസ്ഥാന ഊര്‍ജ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ ഐഎഎസ്, കേന്ദ്ര പുനരുപയോഗ ഊര്‍ജ വകുപ്പ് മുന്‍ സെക്രട്ടറി ബുപീന്ദര്‍ സിംഗ് ഭല്ല ഐഎഎസ്, സിജിഎം ഡോ. ഭരത് എല്‍ നെവാല്‍ക്കര്‍, അനെര്‍ട്ടിന്റെയും സിയാലിന്റെയും ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com