'ഷിബിലയുടെ പരാതി ഗൗരവത്തിലെടുത്തില്ല', താമരശ്ശേരി ഗ്രേഡ് എസ്‌ഐക്ക് സസ്‌പെന്‍ഷന്‍, പൊലീസ് വീഴ്ചയില്‍ അന്വേഷണം

ഷിബിലയുടെ പരാതി കൈകാര്യം ചെയ്യുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചു എന്ന് വിലയിരുത്തിയാണ് കോഴിക്കോട് റൂറല്‍ എസ്പി അന്വേഷണ വിധേയമായി എസ് ഐയെ സസ്‌പെന്‍ഡ് ചെയ്തത്.
Kozhikode Murder
ഷിബിലയും ഭർത്താവ് യാസറുംടെലിവിഷൻ ദൃശ്യം
Updated on

കോഴിക്കോട്: താമരശ്ശേരിയില്‍ യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊന്ന സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ അച്ചടക്ക നടപടി. താമരശ്ശേരി ഗ്രേഡ് എസ് ഐ നൗഷാദിനെ സസ്‌പെന്‍ഡ് ചെയ്തു. ഭര്‍ത്താവ് യാസിറിനെ കുറിച്ചുള്ള ഷിബിലയുടെ പരാതി പൊലീസ് ഗൗരവത്തില്‍ എടുത്തില്ലെന്ന ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. ഷിബിലയുടെ പരാതി കൈകാര്യം ചെയ്യുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചു എന്ന് വിലയിരുത്തിയാണ് കോഴിക്കോട് റൂറല്‍ എസ്പി അന്വേഷണ വിധേയമായി എസ് ഐയെ സസ്‌പെന്‍ഡ് ചെയ്തത്.

ഷിബിലയുടെ പരാതി കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച പറ്റിയെന്ന ആക്ഷേപത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിരുന്നു. വിഷയത്തില്‍ റൂറല്‍ എസ്പി 15 ദിവസത്തിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണം എന്നും മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു.

കൊല്ലപ്പെട്ട ഷിബില ഭര്‍ത്താവായ യാസിറിനെതിരേ കഴിഞ്ഞമാസം 20-ന് പരാതി നല്‍കിയിട്ടും പൊലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് യുവതിയുടെ പിതാവ് അബ്ദുല്‍ റഹ്മാന്‍ ആരോപിച്ചിരുന്നു. താമരശ്ശേരി പൊലീസ് സ്റ്റേഷനിലെ പിആര്‍ഒ കൂടിയാണ് ഗ്രേഡ് എസ് ഐ ആയ നൗഷാദ്. യാസിറിനെതിരായ പരാതിയുമായി നൗഷാദിനെയാണ് ഷിബില സമീപിച്ചത്. ഉമ്മയെ വെട്ടിക്കൊന്ന കേസിലെ പ്രതി ആഷിഖിന്റെ സുഹൃത്താണ് യാസിര്‍ എന്നതടക്കമുള്ള കാര്യങ്ങള്‍ ഷിബില അന്ന് നൗഷാദിനോട് പറഞ്ഞിരുന്നു. എങ്കിലും ഇക്കാര്യം ഗൗരവത്തിലെടുക്കാനോ യാസിറിനെ ചോദ്യം ചെയ്യാനോ പോലീസ് തയ്യാറായില്ലെന്നാണ് ഷിബിലയുടെ കുടുംബം ഉന്നയിച്ച പരാതി.

കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു താമരശേരി ഈങ്ങാപ്പുഴ കക്കാട് സ്വദേശിനി ഷിബിലയെ ഭര്‍ത്താവ് യാസര്‍ കൊലപ്പെടുത്തിയത്. ഇയാളുടെ ആക്രമണത്തില്‍ ഷിബിലയുടെ മാതാവ് ഹസീന, പിതാവ് അബ്ദു റഹ്മാന്‍ എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. നോമ്പ് തുറക്കുന്ന സമയത്താണ് ഇയാള്‍ വീട്ടിലെത്തി ആക്രമണം നടത്തിയത്. കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഇയാള്‍ ഷിബിലയെ വെട്ടുകയായിരുന്നു. ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെ ഹസീനയ്ക്കും അബ്ദു റഹ്മാനും പരിക്കേല്‍ക്കുകയായിരുന്നു. യാസിര്‍ ലഹരിയ്ക്ക് അടിമയാണെന്നും ഷിബിലയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com