പ്രിയങ്കയും പണം നല്‍കിയില്ല; വയനാട് ദുരിതാശ്വാസത്തിന് മുഖ്യമന്ത്രിയുടെ നിധിയിലേക്ക് സംഭാവന നല്‍കിയത് പത്ത് എംപിമാര്‍ മാത്രം

കോണ്‍ഗ്രസില്‍ നിന്ന് വടകര എംപി ഷാഫി പറമ്പില്‍ മാത്രമാണ് ഫണ്ട് നല്‍കിയത്.
പ്രിയങ്കയും പണം നല്‍കിയില്ല; വയനാട് ദുരിതാശ്വാസത്തിന് മുഖ്യമന്ത്രിയുടെ നിധിയിലേക്ക് സംഭാവന നല്‍കിയത് പത്ത് എംപിമാര്‍ മാത്രം
Updated on

തിരുവനന്തപുരം: വയനാട്ടിലെ ചൂരല്‍മല - മുണ്ടക്കൈ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി മുഖ്യമനന്ത്രിയുടെ ഫണ്ടിലേക്ക് സംഭാവന നല്‍കിയത് സംസ്ഥാനത്തെ പത്ത് എംപിമാര്‍ മാത്രം. നിയമസഭയില്‍ പിടിഎ റഹീം ഉന്നയിച്ച ചോദ്യത്തിന് നിയമസഭയില്‍ നല്‍കിയ മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സംഭാവന നല്‍കാത്തവരുടെ പട്ടികയില്‍ വയനാട് എംപി പ്രിയങ്ക ഗാന്ധിയും ഉള്‍പ്പെടുന്നു.

കോണ്‍ഗ്രസില്‍ നിന്ന് വടകര എംപി ഷാഫി പറമ്പില്‍ മാത്രമാണ് ഫണ്ട് നല്‍കിയത്. ഷാഫി പറമ്പില്‍ 25 ലക്ഷവും യുഡിഎഫ് എംപിയായ എന്‍കെ പ്രേമചന്ദ്രന്‍ പത്ത് ലക്ഷം രൂപയും സംഭാവനയായി നല്‍കി. നോമിനേറ്റഡ് എംപിയായ പിടി ഉഷ അഞ്ച് ലക്ഷം രൂപ നല്‍കി.

ജോണ്‍ ബ്രിട്ടാസ് ഒരു കോടി, പിപി സുനീര്‍, കെ രാധാകൃഷ്ണന്‍, ഡോ. വി ശിവദാസന്‍, എഎ റഹീം, ജോസ് കെ മാണി, സന്തോഷ് കുമാര്‍ പി എന്നിവര്‍ 25 ലക്ഷം രൂപവീതവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് സംഭാവയായി നല്‍കി. സംസ്ഥാനത്തിന് പുറത്തുനിന്നുള്ള എംപിമാര്‍ വയനാട് ദുരിതാശ്വാസത്തിനായി ലഭ്യമാക്കിയ തുക സംബന്ധിച്ച വിവരങ്ങള്‍ കേന്ദ്രമന്ത്രാലയത്തിന്റെ പാര്‍ലമെന്ററി കാര്യവകുപ്പില്‍ നിന്നും ശേഖരിച്ചുവരികയാണെന്നും മറുപടിയില്‍ പറയുന്നു.

വയനാട് പുനരധിവാസത്തിനായി സാലറി ചലഞ്ച് ഇനത്തില്‍ 231,20,97,062 രൂപ ലഭിച്ചതായും മുഖ്യമന്ത്രി കഴിഞ്ഞദിവസം നിയമസഭയെ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com