സ്വർണക്കൊലുസ് 6 മാസത്തിനുള്ളിൽ പൊട്ടി; മാറ്റി നൽകാൻ ജ്വല്ലറി ഉടമ തയ്യാറായില്ല, നിലവിലെ വിപണി വിലയും നഷ്ടപരിഹാരവും നൽകണം

സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനാണ് ഉത്തരവിട്ടത്
പ്രതീകാത്മകം
പ്രതീകാത്മകംഫയല്‍
Updated on

തിരുവനന്തപുരം: കേടായ ആഭരണം നന്നാക്കി നൽകാത്ത ജ്വല്ലറി ഉടമ യുവതിക്ക് സ്വർണത്തിന്റെ നിലവിലെ വിപണി വില തിരികെ നൽകണമെന്നു സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. ജ്വല്ലറി ഉടമയ്ക്കെതിരെ ആലപ്പുഴ സ്വദേശിയായ വനിതാ നഴ്സാണ് പരാതി നൽകിയത്. 53,880 രൂപയും ഒപ്പം നഷ്ടപരിഹാരമായി 20,000 രൂപയും അവർക്കു നൽകാനാണ് ഉത്തരവിട്ടത്.

15.820 ​ഗ്രാം തൂക്കമുള്ള സ്വർണ പാദസരങ്ങൾ ഇവർ ജ്വല്ലറിയിൽ നിന്നു വാങ്ങിയിരുന്നു. ആറ് മാസത്തിനുള്ളിൽ പാദസരത്തിന്റെ ചെറിയ കണ്ണികൾ പൊട്ടി. പകരം മറ്റൊന്നു വേണമെന്ന ആവശ്യവുമായി അവർ ജ്വല്ലറിയെ സമീപിച്ചെങ്കിലും ഉടമ മാറ്റി നൽകാൻ തയ്യാറായില്ല. പകരം പാദസരത്തിന്റെ കണ്ണി നന്നാക്കി നൽകി. പ്രശ്നം ആവർത്തിച്ചാൽ മാറ്റി നൽകാമെന്നും ഉറപ്പു നൽകി.

വീണ്ടും കേടുപാടുകൾ സംഭവിച്ചതോടെ നഴ്സ് ജ്വല്ലറിയെ സമീപിച്ചെങ്കിലും വാക്കു പാലിക്കാൻ ഉടമ തയ്യാറായില്ല. പിന്നാലെയാണ് അവർ പരാതി നൽകിയത്. പരാതിക്കാരി നഴ്സായതിനാൽ രാസ വസ്തുക്കളും മരുന്നുമൊക്കെ ഉപയോ​ഗിക്കുന്നതിനാൽ അങ്ങനെ ആഭരണത്തിനു കേടുപാടുകൾ സംഭവിച്ചതാകാം എന്നാണ് ഉടമ വാദിച്ചത്. തേയ്മാനം സംഭവിച്ചതാകാമെന്ന വാദയും ഉടമ ഉയർത്തി.

ആലപ്പുഴ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ വനിതാ നഴ്സിനു അനുകൂലമായാണ് വിധി പറഞ്ഞത്. എന്നാൽ ഉത്തരവിൽ പറഞ്ഞ പണം നൽകാൻ ഉടമ തയ്യാറാകുന്നില്ലെന്നു ചൂണ്ടിക്കാട്ടി പരാതിക്കാരി സംസ്ഥാന ഉപഭോക്തൃ സമിതിയെ പിന്നീട് സമീപിച്ചു.

എസ്‌സി‌ഡി‌ആർ‌സി പ്രസിഡന്റ് ജസ്റ്റിസ് ബി സുധീന്ദ്ര കുമാർ, ജുഡീഷ്യൽ അംഗം ഡി അജിത് കുമാർ, അംഗം രാധാകൃഷ്ണൻ കെആർ എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്. പരാതിക്കാരിക്ക് നിലവിലെ വിപണി വില തിരികെ കിട്ടാൻ അർ​ഹതയുണ്ടെന്നു ഉത്തരവിൽ പറയുന്നു.

ആഭരണം തിരികെ നൽകുന്നതിന് പകരമായി 15.820 ഗ്രാം സ്വർണത്തിന്റെ നിലവിലെ വിപണി മൂല്യം നൽകാൻ ജ്വല്ലറിയോട് നിർദ്ദേശിച്ചു. കൂടാതെ, നഷ്ടപരിഹാരമായി 15,000 രൂപയും ചെലവായി 5,000 രൂപയും നൽകണമെന്നും സംസ്ഥാന കമ്മീഷൻ ഉത്തരവിട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com