'പോരാട്ടം തുടരും, കേരളത്തിലെ ജനങ്ങള്‍ക്ക് നല്‍കിയ വാക്കാണ്'; മാത്യു കുഴല്‍നാടന്‍

'നിയമപോരാട്ടത്തിന് ഇറങ്ങിയപ്പോള്‍ തന്നെ, സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിക്കെതിരായ പോരാട്ടമാണെന്ന് അറിയാമായിരുന്നു'
mathew kuzhalnadan
മാത്യു കുഴല്‍നാടന്‍
Updated on

കൊച്ചി: മാസപ്പടി കേസിലെ ഹൈക്കോടതി വിധി തിരിച്ചടിയല്ലെന്ന് ഹര്‍ജിക്കാരനും കോണ്‍ഗ്രസ് നേതാവുമായ മാത്യു കുഴല്‍നാടന്‍ എംഎല്‍എ. പരാതി നല്‍കിയത് രാഷ്ട്രീയപ്രേരിതമാണെന്ന് കീഴ്‌ക്കോടതി പ്രസ്താവിച്ചത് അനവസരത്തിലും അനുചിതവുമാണെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. അത്തരത്തില്‍ പറയേണ്ട കാര്യം ഇല്ല എന്ന് കണ്ട് മൂവാറ്റുപുഴ വിജിലന്‍സ് കോടതി വിധിയിലെ ആ ഭാഗം ഹൈക്കോടതി റദ്ദു ചെയ്തുവെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

മാസപ്പടി ആരോപണത്തില്‍ അഴിമതി നടന്നുവെന്ന് സ്ഥിരീകരിക്കുന്ന വസ്തുകള്‍ കോടതിയുടെ മുമ്പാകെ ഉണ്ടെന്ന് കരുതാന്‍ കഴിയില്ല ഈ ഘട്ടത്തില്‍, അതിനാല്‍ പരാതി തള്ളുകയാണെന്നാണ് ഹൈക്കോടതി പ്രസ്താവിച്ചത്. അതുകൊണ്ട് കൂടുതല്‍ തെളിവുകളുമായി വീണ്ടും കോടതിയെ സമീപിക്കുന്നതിന് പരാതി തള്ളിയത് തടസ്സമാകില്ലെന്നും ഉത്തരവില്‍ ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ടെന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

വിജിലന്‍സ് കോടതി വിധി പുനഃപരിശോധിക്കണമെന്ന ഹര്‍ജിയാണ് തള്ളിയത്. ഈ കേസില്‍ നിയമപോരാട്ടത്തിന് ഇറങ്ങിയപ്പോള്‍ തന്നെ, സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിക്കെതിരായ പോരാട്ടമാണെന്ന് അറിയാമായിരുന്നു. അതുകൊണ്ടുതന്നെ ഒട്ടും എളുപ്പവും അനായാസവുമാകില്ലെന്ന പൂര്‍ണ ബോധ്യത്തോടെയാണ് നിയമപോരാട്ടത്തിന് ഇറങ്ങിത്തിരിച്ചത്. ഹൈക്കോടതിയുടെ ഈ വിധി നിരാശപ്പെടുത്തുന്നില്ല. നീതിക്കുവേണ്ടി, അഴിമതിക്കെതിരായ പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

ഹൈക്കോടതി വിധി പഠിച്ച ശേഷം സഹപ്രവര്‍ത്തകരുമായി കൂടിയാലോചിച്ച് ഉചിതമായ നടപടികള്‍ സ്വീകരിക്കും. പോരാട്ടം ഇവിടെ അവസാനിക്കുന്നില്ല. ഇത് കേരളത്തിലെ ജനങ്ങള്‍ക്ക് നല്‍കിയ വാക്കാണ്. ജനപ്രതിനിധിയെന്ന നിലയില്‍, പൗരനെന്ന നിലയില്‍ സംസ്ഥാനത്തു നടന്ന അഴിമതിക്കെതിരെ തന്നാല്‍ കഴിയുന്ന പോരാട്ടം ഇതിന്റെ അറ്റം കാണും വരെ തുടരും. വിധി യുഡിഎഫിന് തിരിച്ചടിയായി കരുതുന്നില്ല. തങ്ങള്‍ ഉന്നയിച്ച ആരോപണം തെറ്റോ, കളവോ ആണെന്ന് രാഷ്ട്രീയമായി നിഷേധിക്കാന്‍ ഇടതുമുന്നണിക്ക് സാധിച്ചിട്ടില്ലെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com