
തൃശൂര്‍: ആശ വര്‍ക്കര്‍മാരുടെ സമരത്തില്‍ പ്രശ്‌നപരിഹാരത്തിനായി കണ്‍സോര്‍ഷ്യം രൂപീകരിക്കാന്‍ തയാറെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ആദ്യ ഘട്ടത്തില്‍ ഒരുകോടി രൂപ താന്‍ സംഭാവന നല്‍കുമെന്നും ബാക്കി സമൂഹത്തില്‍ നിന്നും സ്വരൂപിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
'ആശ പ്രവര്‍ത്തകര്‍ കോവിഡ് കാലത്ത് മരണത്തെ മുഖാമുഖം നേരിട്ടാണ് സമൂഹത്തിനുവേണ്ടി പ്രവര്‍ത്തിച്ചത്. ജീവനും ജീവിതവും എന്തെന്ന് നോക്കാതെയുള്ള പ്രവര്‍ത്തനങ്ങളാണ് അവര്‍ നടത്തിയത്. ഇതിനിടെ എത്ര പേര്‍ക്ക് മാസ്‌കും പിപിഇ കിറ്റും കിട്ടിയെന്ന് അറിയില്ല. അവര്‍ക്കുവേണ്ടി നമുക്ക് ചെയ്യാന്‍ സാധിക്കുന്നത് ചെയ്യണം. ആശമാരുടെ മാസവരുമാനത്തിനോടൊപ്പം നല്ലൊരു വിഹിതം കണ്‍സോര്‍ഷ്യത്തിലൂടെ നല്‍കാന്‍ കഴിയും. ആദ്യഘട്ടത്തില്‍ ഒരുകോടി രൂപ വരെ നല്‍കാന്‍ താന്‍ തയ്യാറാണ്. ബാക്കി സമൂഹത്തില്‍നിന്നും സ്വരൂപിക്കാം.' സുരേഷ് ഗോപി പറഞ്ഞു.
ആശമാരുടെ മുടിമുറി സമരത്തെ തടയില്ലെന്നും അവരുമായി ഉടന്‍ സംസാരിക്കുമെന്നും കേന്ദ്ര മന്ത്രി സുരേഷ് ഗോപി പറഞ്ഞു. തിരുവനന്തപുരത്ത് എത്തിയാലുടന്‍ ആശമാരുടെ സമരപ്പന്തലില്‍ എത്തി അവരുമായി കൂടിക്കാഴ്ച നടത്തുമെന്നും മുടിമുറി സമരത്തെപ്പറ്റിയുള്‍പ്പെടെ ചര്‍ച്ച ചെയ്യുമെന്നും സുരേഷ് ഗോപി പറഞ്ഞു. തിങ്കളാഴ്ചയാണ് ആശ മാര്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ മുടിമുറി പ്രഖ്യാപിച്ചിട്ടുള്ളത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക