Guruvayur temple: 314 ക്ഷേത്രങ്ങളുടെ ജീര്‍ണ്ണോദ്ധാരണത്തിന് രണ്ടുകോടിയില്‍പ്പരം രൂപ; ഗുരുവായൂര്‍ ദേവസ്വം ക്ഷേത്ര ധനസഹായ വിതരണം ഇന്ന്

2024-2025 സാമ്പത്തിക വര്‍ഷത്തില്‍ പൊതു ഹൈന്ദവ ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിനായി ഗുരുവായൂര്‍ ദേവസ്വം അനുവദിച്ച ക്ഷേത്ര ധനസഹായ വിതരണത്തിന്റെ ആദ്യഘട്ടം ഇന്ന്
guruvayur temple financial aid to other temples
ഗുരുവായൂര്‍ ക്ഷേത്രം ഫയല്‍
Updated on

കോട്ടയം: 2024-2025 സാമ്പത്തിക വര്‍ഷത്തില്‍ പൊതു ഹൈന്ദവ ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിനായി ഗുരുവായൂര്‍ ദേവസ്വം അനുവദിച്ച ക്ഷേത്ര ധനസഹായ വിതരണത്തിന്റെ ആദ്യഘട്ടം ഇന്ന്. തെക്കന്‍ മേഖലയിലെ ആറു ജില്ലകളില്‍ നിന്നും തെരഞ്ഞെടുത്ത ക്ഷേത്രങ്ങള്‍ക്കുള്ള ധനസഹായം ഞായറാഴ്ച രാവിലെ 10 ന് കോട്ടയം ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രാങ്കണത്തില്‍ ചേരുന്ന സമ്മേളനത്തില്‍ ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ വിതരണം ചെയ്യും. ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ഡോ. വി കെ വിജയന്‍ അധ്യക്ഷത വഹിക്കും.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ ഉള്‍പ്പെടുന്ന തെക്കന്‍ മേഖലയിലെ ആറു ജില്ലകളിലെ 314 ക്ഷേത്രങ്ങള്‍ക്കായി 2 കോടി പതിനേഴ് ലക്ഷത്തി പന്ത്രണ്ടായിരം രൂപയുടെ ധനസഹായമാണ് ചടങ്ങില്‍ വിതരണം ചെയ്യുന്നത്. 2024 ല്‍ തെക്കന്‍ മേഖലയിലെ 252 ക്ഷേത്രങ്ങള്‍ക്ക് 1 കോടി 40 ലക്ഷം രൂപയുടെ ധനസഹായം കൈമാറിയിരുന്നു. സംസ്ഥാനത്തെ മറ്റ് 8 ജില്ലകളിലെ ക്ഷേത്രങ്ങള്‍ക്കുള്ള ധനസഹായവും വൈകാതെ നല്‍കുന്നതാണ്.

ചടങ്ങില്‍ എം പിമാരായ ജോസ് കെ മാണി ,അഡ്വ. കെ ഫ്രാന്‍സിസ് ജോര്‍ജ്, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് എന്നിവര്‍ വിശിഷ്ടാതിഥികളാകും. ഗവ.ചീഫ് വിപ്പ് ഡോ.എന്‍ ജയരാജ് മുഖ്യാതിഥിയായി പങ്കെടുക്കും.കോട്ടയം ജില്ലയിലെ എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ,മോന്‍സ് ജോസഫ്, മാണി സി കാപ്പന്‍, സി കെ ആശ, ചാണ്ടി ഉമ്മന്‍, സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍, ജോബ് മൈക്കിള്‍ ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി അംഗങ്ങളായ മാനവേദന്‍ രാജ, മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, പി സി ദിനേശന്‍ നമ്പൂതിരിപ്പാട്, സി മനോജ്, കെ പി വിശ്വനാഥന്‍ ,മനോജ് ബി നായര്‍ ,അഡ്മിനിസ്ട്രേറ്റര്‍ കെ പി വിനയന്‍, ഏറ്റുമാനൂര്‍ നഗരസഭ കൗണ്‍സിലര്‍ സുരേഷ് ആര്‍ നായര്‍ എന്നിവരും പങ്കെടുക്കും. ദേവസ്വം ഭരണസമിതി അംഗങ്ങളായ മനോജ് ബി നായര്‍ സ്വാഗതവും കെ പി വിശ്വനാഥന്‍ കൃതജ്ഞതയും രേഖപ്പെടുത്തും. ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ കെ പി വിനയന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും.

ഇതര ക്ഷേത്രങ്ങളുടെ ജീര്‍ണ്ണോദ്ധാരണത്തിന് ഗുരുവായൂര്‍ ദേവസ്വം നല്‍കിവരുന്ന ക്ഷേത്ര ധനസഹായത്തുക പത്തുകോടിയായി ഉയര്‍ത്തിയിട്ടുണ്ട്. ദേവസ്വം ഭരണസമിതി തീരുമാനത്തോടെ ജീര്‍ണ്ണാവസ്ഥയിലുള്ള കൂടുതല്‍ പൊതു ക്ഷേത്രങ്ങള്‍ക്ക് പുനരുദ്ധാരണത്തിനായി ഗുരുവായൂര്‍ ദേവസ്വത്തിന്റെ സഹായം ലഭ്യമാകും. 2025 വര്‍ഷത്തെ ധനസഹായ വിതരണത്തിന്റെ ആദ്യഘട്ടം എന്ന നിലയിലാണ് തെക്കന്‍ മേഖലയിലെ ക്ഷേത്രങ്ങള്‍ക്ക് ഇന്ന് ധനസഹായം വിതരണം ചെയ്യുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com