'കുട്ടികളുടെ സ്‌ട്രെസ് മുഴുവനങ്ങ് പോകും', സ്‌കൂളുകളില്‍ സൂംബ ഡാന്‍സ് നിർദേശിച്ച് മുഖ്യമന്ത്രി; അടുത്ത അധ്യയന വര്‍ഷം മുതല്‍?

ലഹരി വിരുദ്ധ ബോധവല്‍ക്കരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ശില്പശാലയില്‍ ആയിരുന്നു മുഖ്യമന്ത്രി സൂംബ ഡാന്‍സിനെ കുറിച്ച് പരാമര്‍ശിച്ചത്
Pinarayi and sivankutty
വി ശിവന്‍കുട്ടി, പിണറായി വിജയന്‍ social media
Updated on

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ കുട്ടികളെ സൂംബ ഡാന്‍സ് പഠിപ്പിക്കാന്‍ നിര്‍ദേശം. കുട്ടികളിലെ മാനസിക സമ്മര്‍ദം ഇല്ലാതാക്കാന്‍ സൂംബ ഡാന്‍സ് ഗുണം ചെയ്യുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. ലഹരി വിരുദ്ധ ബോധവല്‍ക്കരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ശില്പശാലയില്‍ ആയിരുന്നു മുഖ്യമന്ത്രി സൂംബ ഡാന്‍സിനെ കുറിച്ച് പരാമര്‍ശിച്ചത്. മുഖ്യമന്ത്രി മുന്നോട്ട് വച്ച നിര്‍ദേശങ്ങൾ അടുത്ത അധ്യയന വര്‍ഷം മുതല്‍ നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി പത്രക്കുറിപ്പില്‍ അറിയിച്ചു.

ലഹരി വിരുദ്ധ ബോധവല്‍ക്കരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ശില്പശാലയില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയ നിര്‍ദേശങ്ങള്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ അടുത്ത അധ്യയന വര്‍ഷം തന്നെ നടപ്പാക്കുമെന്നാണ് മന്ത്രി വി ശിവന്‍കുട്ടിയുടെ പ്രഖ്യാപനം. ലഹരി വിരുദ്ധ ബോധവല്‍ക്കരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ശില്പശാലയില്‍ ചൂണ്ടിക്കാട്ടിയ നിര്‍ദേശങ്ങള്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ നടപ്പാക്കും. മെന്ന് ഇക്കാര്യങ്ങള്‍ പ്രായോഗികമാക്കാനായി പൊതു വിദ്യാഭ്യാസ വകുപ്പ് പ്രത്യേക കലണ്ടര്‍ തയ്യാറാക്കുമെന്നും മന്ത്രി അറിയിച്ചു.

അധ്യാപക - വിദ്യാര്‍ത്ഥി - രക്ഷാകര്‍തൃ ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിന് സ്‌കൂളുകളില്‍ പ്രത്യേക പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌ക്കരിക്കും. കുട്ടികളുടെ പെരുമാറ്റ വ്യതിചലനങ്ങള്‍ മനസ്സിലാക്കുന്നതിനും അധ്യാപകര്‍ക്കായി നവീകരിച്ച പരിശീലന പരിപാടികള്‍ നടപ്പാക്കുന്നതിനും പദ്ധതി തയ്യാറാക്കും. അതേസമയം, കുട്ടികളുമായി രക്ഷാകര്‍തൃബന്ധം കൂടുതല്‍ സുദൃഢമാക്കാനായി സ്‌കൂള്‍ തലങ്ങളില്‍ കൂടുതല്‍ നടപടികള്‍ ഉണ്ടാകും.

മുമ്പൊക്കെ തീക്ഷ്ണ ജീവിതാനുഭവങ്ങള്‍ പാഠാവലിയില്‍ ഉള്‍പ്പെടുത്തിയിരുന്നുവെങ്കിലും പിന്നീട് അതില്‍ ഭംഗം വന്നതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി സിലബസില്‍ നിര്‍ബന്ധിത മാറ്റങ്ങള്‍ വരുത്തും. ഇക്കാര്യം എസ് സി ഇ ആര്‍ ടി പരിശോധിക്കും. ശാസ്ത്ര-സാങ്കേതിക രംഗങ്ങളിലെ പുതിയ മാറ്റങ്ങളെ ഉള്‍ക്കൊള്ളുന്നതിനായി അധ്യാപകര്‍ക്ക് പ്രത്യേകം പരിശീലനം നല്‍കും.

സ്‌കൂള്‍ സമയത്തിന്റെ അവസാന ഭാഗത്ത് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ശാരീരിക, മാനസിക ഉണര്‍വിനായുള്ള കായിക വിനോദങ്ങള്‍ ഏര്‍പ്പെടുത്തും. യോഗയോ മറ്റ് വ്യായാമങ്ങളോ സ്‌കൂളുകളില്‍ സംഘടിപ്പിക്കാനുള്ള സാധ്യത ഒരുക്കും. വിദ്യാര്‍ത്ഥികളില്‍ മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനായി പ്രത്യേകം തയ്യാറാക്കിയ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപകരോട് അവരുടെ പ്രശ്‌നങ്ങള്‍ തുറന്നു പറയാനുള്ള അന്തരീക്ഷം ഉറപ്പാക്കും.

മയക്കുമരുന്ന് ഉപയോഗത്തില്‍പ്പെടുന്ന കുട്ടികള്‍ക്കും അക്രമങ്ങള്‍ക്കിരയായ വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേക പരിചരണം ലഭ്യമാക്കും. ഇവര്‍ക്ക് അവരുടെ അനുഭവങ്ങള്‍ ഭയരഹിതമായി പങ്കുവയ്ക്കുന്നതിനായി കൗണ്‍സിലിംഗ് സംവിധാനങ്ങള്‍ ശക്തിപ്പെടുത്തും. പ്രത്യേക പരിശീലനം ലഭിച്ച അധ്യാപകരെയും കൗണ്‍സിലര്‍മാരെയും നിയോഗിക്കും.

സ്‌കൂളുകളില്‍ ഈ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി മൊഡ്യൂള്‍ തയ്യാറാക്കാന്‍ എസ് സി ഇ ആര്‍ ടിയെ ചുമതലപ്പെടുത്തി. നടപ്പിലാക്കേണ്ട നടപടികള്‍ വിശദമായി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി. സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനായി ഷോര്‍ട് ടേം, മീഡ് ടേം, ലോങ് ടേം പദ്ധതികള്‍ നടപ്പിലാക്കും. ഇക്കാര്യങ്ങള്‍ എസ് സി ഇ ആര്‍ ടി ആസൂത്രണം ചെയ്യും. മുഖ്യമന്ത്രി നിര്‍ദേശിച്ച ഈ ഇടപെടലുകള്‍ പ്രാവര്‍ത്തികമാക്കുന്നതിനായി ആവശ്യമായ എല്ലാ നടപടികളും പൊതു വിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com