
തിരുവനന്തപുരം: ഏത് സ്വകാര്യ സര്‍വകലാശാല വന്നാലും അതിനെ നേരിടാന്‍ പൊതു സര്‍വകലാശാലകള്‍ക്ക് കരുത്ത് ഉണ്ടെന്ന് ഉറപ്പാക്കി കൊണ്ടാണ് ബില്ല് കൊണ്ടുവന്നതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. ഉന്നത വിദ്യാഭ്യാസ രംഗത്ത് സ്വകാര്യമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്താന്‍ വേണ്ടിയാണ് സ്വകാര്യ സര്‍വകലാശാല ബില്‍ അവതരിപ്പിച്ചത്. കുട്ടികള്‍ക്ക് പരമാവധി അവസരങ്ങള്‍ നാട്ടില്‍ തന്നെ സൃഷ്ടിക്കുക എന്ന് ലക്ഷ്യമിട്ടാണ് സ്വകാര്യ സര്‍വകലാശാല ബില്‍ കൊണ്ടുവന്നതെന്നും മന്ത്രി പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ലോകോത്തര നിലവാരത്തിലുള്ള പഠന സൗകര്യങ്ങള്‍ സംസ്ഥാനത്ത് ഒരുക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിയമനിര്‍മ്മാണം. ആഗോളവത്കരണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ അതിര്‍ത്തികള്‍ പ്രസക്തമല്ലാതായിരിക്കുകയാണ്. കൂടുതല്‍ വിമാനസര്‍വീസുകള്‍ ലഭ്യമാണ്. വിദ്യാഭ്യാസ വായ്പ എളുപ്പം കിട്ടാനുള്ള സാഹചര്യമുണ്ട്. കുടിയേറ്റത്തിന്റെ അന്തരീക്ഷം ആഗോള തലത്തില്‍ കാണാന്‍ സാധിക്കും. ഈ പശ്ചാത്തലത്തില്‍ പ്രതിഭാശാലികളായ കുട്ടികള്‍ കേരളത്തില്‍ നിന്ന് പോകരുതെന്ന കാഴ്ചപ്പാടോട് കൂടിയാണ് ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. നിലവില്‍ സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസ മേഖലയില്‍ 80 ശതമാനവും സ്വകാര്യ സ്ഥാപനങ്ങളാണ്. 20 ശതമാനം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാത്രമാണ് സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്നത്. ആ നിലയില്‍ നോക്കുമ്പോള്‍ സ്വകാര്യ സര്‍വകലാശാലകള്‍ക്ക് ഈ മത്സരാധിഷ്ഠിത ലോകത്ത് ഇടം നല്‍കി കൊണ്ട് വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ അവസരം നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
'ഉപാധികളില്ലാതെ അംഗീകാരം നല്‍കുന്ന യുഡിഎഫില്‍ നിന്ന് വ്യത്യസ്തമായി സ്വകാര്യ സര്‍വകലാശാലകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഗുണനിലവാരവും മികവും പരിശോധിച്ചതിനുശേഷം മാത്രമേ അംഗീകാരം നല്‍കൂ. അടിസ്ഥാന സൗകര്യങ്ങളില്ലാത്ത കോളജുകള്‍ക്ക് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു. എല്‍ഡിഎഫിന്റെ സമീപനം വ്യത്യസ്തമാണ്. ഞങ്ങള്‍ ഗുണനിലവാരം ഉറപ്പാക്കും.'- മന്ത്രി കൂട്ടിച്ചേര്‍ത്തു.
'ഓക്‌സ്ഫഡ്, കേംബ്രിഡ്ജ് സര്‍വകലാശാലകള്‍ ഇവിടെ വരില്ല. കുടിയേറ്റ പ്രവണതകള്‍ പരിശോധിച്ചാല്‍, പല രാജ്യങ്ങളും സാമ്പത്തിക പ്രതിസന്ധികള്‍ നേരിടുന്നു. ഇത് മറികടക്കാന്‍, അവര്‍ വികസ്വര രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളെ അവരുടെ മൂന്നാംകിട വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് ആകര്‍ഷിക്കുന്നു. നമ്മുടെ വിദ്യാര്‍ത്ഥികളില്‍ പലരും ആ കെണിയില്‍ വീഴുന്നു. നമ്മുടെ മുന്‍നിര സ്ഥാപനങ്ങളില്‍ സീറ്റുകള്‍ നേടാന്‍ കഴിയാത്തതിനാല്‍ അവരില്‍ ചിലര്‍ പുറത്തുപോകുന്നുവെന്നതും ശ്രദ്ധിക്കേണ്ടതാണ്. ഇതിന് പുറമേ നമ്മുടെ രാജ്യത്ത്, കാലാകാലങ്ങളായി തുടരുന്ന രീതികളും ഫ്യൂഡല്‍ മനോഭാവവും കാരണം യുവാക്കള്‍ക്കിടയില്‍ നിരാശയുണ്ട്. പുതിയ തലമുറ വിദേശ ജീവിതത്തിന്റെ ആഡംബര വശം കാണുന്നു, ചൂഷണ വശമല്ല അവര്‍ ശ്രദ്ധിക്കുന്നത്. ഇപ്പോള്‍ നമുക്ക് പ്രതീക്ഷ നല്‍കുന്ന തരത്തില്‍ റിവേഴ്‌സ് മൈഗ്രേഷന്‍ സംഭവിക്കുന്നുണ്ട്.'-മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
'നമ്മുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 13.5 ലക്ഷം വിദ്യാര്‍ഥികളുണ്ട്. വിദ്യാര്‍ഥികളെ നിലനിര്‍ത്തുന്നതിനൊപ്പം, വിദേശ വിദ്യാര്‍ഥിികളെ നമ്മുടെ കാംപസുകളിലേക്ക് ആകര്‍ഷിക്കാനും ഞങ്ങള്‍ ഉദ്ദേശിക്കുന്നു. കേരളത്തില്‍ വിദേശ വിദ്യാര്‍ഥികളുടെ എണ്ണം വര്‍ദ്ധിച്ചു. ഓരോ സര്‍വകലാശാലയിലും അന്താരാഷ്ട്ര നിലവാരത്തിലുള്ള 250 ഹോസ്റ്റല്‍ മുറികള്‍ ഞങ്ങള്‍ നിര്‍മ്മിക്കുന്നു. ഒരു പ്രധാന മാറ്റത്തിന് ഞങ്ങള്‍ തയ്യാറാണ്. ബില്ലില്‍, വിദേശ സര്‍വകലാശാലകള്‍ക്കായി ഒരു വ്യവസ്ഥയുമില്ല. സംസ്ഥാനത്തിനുള്ളിലെ സ്വകാര്യ സ്ഥാപനങ്ങളെയാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. ഇന്ത്യയില്‍, മികച്ച അക്കാദമിക്, അടിസ്ഥാന സൗകര്യ നിലവാരം പുലര്‍ത്തുന്ന സ്വകാര്യ സര്‍വകലാശാലകള്‍ നമുക്കുണ്ട്'- മന്ത്രി പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക