
കൊച്ചി: കൊച്ചിയില്‍ വന്‍ കള്ളനോട്ട് വേട്ട. 8500 രൂപയുടെ കള്ളനോട്ടുമായി ബംഗ്ലാദേശ് സ്വദേശി പെരുമ്പാവൂരില്‍ പിടിയിലായി. മറ്റൊരു കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനിടെയാണ് സലിം മണ്ഡല്‍ എന്നയാളില്‍ നിന്നും കള്ളനോട്ടുകള്‍ കണ്ടെടുത്തത്. ആലപ്പുഴയില്‍ ട്രെയിനില്‍ നടന്ന മൊബൈല്‍ മോഷണവുമായി ബന്ധപ്പെട്ടാണ് പെരുമ്പാവൂരില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ പൊലീസ് പരിശോധന നടത്തിയത്. ഇതിനിടെയാണ് ബംഗ്ലാദേശ് സ്വദേശിയായി സലിമിന്റെ താമസ സ്ഥലത്ത് നിന്നും 17 കള്ളനോട്ടുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇയാളുടെ ഫോണില്‍ നിന്നും കള്ള നോട്ടിന്റെ ഒരു കെട്ടിന്റെ ഫോട്ടോയും കണ്ടെത്തി. അന്‍പത് നോട്ടുകള്‍ ഉള്‍പ്പെട്ട കെട്ടിന്റെ ഫോട്ടോയാണ് കണ്ടെത്തിയത് എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ബംഗ്ലാദേശില്‍ നിന്നുമാണ് കള്ളനോട്ടുകള്‍ ഇന്ത്യയില്‍ എത്തിച്ചത് എന്നാണ് വിലയിരുത്തല്‍. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം പശ്ചിമ ബംഗാളിലേക്ക് വ്യാപിപ്പിക്കാന്‍ ഉള്ള ശ്രമത്തിലാണ് പെരുമ്പാവൂര്‍ പൊലീസ്. പ്രതി കള്ളനോട്ടുകള്‍ പശ്ചിമ ബംഗാളിലും ചെലവാക്കിയെന്ന കണ്ടെത്തലാണ് അന്വേഷണം വ്യാപിപ്പിക്കുന്നതിന് പിന്നില്‍.
കള്ളനോട്ടുകള്‍ ബംഗ്ലാദേശില്‍ അച്ചടിച്ചതാണ് എന്നാണ് നിലവിലെ വിലയിരുത്തല്‍. ബംഗ്ലാദേശില്‍ ഇന്ത്യന്‍ വ്യാജ കറന്‍സികള്‍ പാതി വിലയ്ക്ക് വില്‍പന നടക്കുന്നുണ്ടെന്ന് നേരത്തെ തന്നെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഈ സംഘവുമായി ഇപ്പോള്‍ പിടിയിലായ വ്യക്തിക്ക് ബന്ധമുണ്ടോ എന്നും പരിശോധിച്ച് വരികയാണ് എന്നും പൊലീസ് അറിയിച്ചു.
പതിനെട്ട് വര്‍ഷത്തോളമായി കേരളത്തില്‍ താമസിച്ച് വരുന്ന വ്യക്തിയാണ് പിടിയിലായ സലീം. ഇയാളും മാതാവും അനധികൃതമായി ഇന്ത്യയില്‍ എത്തിയവാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ പെരുമ്പാവൂരില്‍ തൊഴിലാളിയായി ജോലി നോക്കിയിരുന്ന സലീം പിന്നീട് മോഷണ സാധനങ്ങളുടെ വില്‍പനയിലേക്ക് തിരിയുകയും ഇത്തരം വസ്തുക്കള്‍ ബംഗ്ലാദേശിലേക്ക് കടത്തുന്നതാണ് ഇയാളുടെ പതിവെന്നും പൊലീസ് പറയുന്നു.
ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍, സ്മാര്‍ട്ട് വാച്ചുകള്‍ തുടങ്ങിയ ഇലക്ട്രോണിക് വസ്തുക്കള്‍ മോഷ്ടാക്കളില്‍ നിന്ന് വാങ്ങിയായിരുന്നു സലീം വില്‍പന നടത്തിയരുന്നത്. 50 എണ്ണമാകുമ്പോള്‍ പശ്ചിമ ബംഗാളിലേക്ക് എത്തിക്കുന്നതായിരുന്നു പതിവ്. തിരിച്ച് പോരുമ്പോള്‍ കള്ള നോട്ടുകളും തിരികെ എത്തിക്കുന്നതാണ് പതിവെന്നും പൊലീസ് പറയുന്നു.
സലീം ഉള്‍പ്പെട്ട റാക്കറ്റിന്റെ പ്രവര്‍ത്തനം രാജ്യത്തിന് പുറത്തേക്ക് വ്യാപിച്ചിട്ടുണ്ടെന്ന സംശയം നിലനില്‍ക്കുന്നതിനാല്‍ വിശദമായ അന്വേഷണത്തിന്റെ സാധ്യത കൂടിയാണ് പൊലീസ് പരിശോധിക്കുന്നത്. അതേസമയം, അനധികൃതമായി ഇന്ത്യയിലേക്ക് കുടിയേറിയ സംഭവത്തില്‍ സലിം മണ്ഡലിന്റെ മാതാവിന് എതിരെയും കേസ് എടുത്തിട്ടുണ്ട്. ഇവരുടെ പക്കല്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉണ്ടായിരുന്നു എന്നും ഇതില്‍ ബംഗ്ലാദേശ് വിസ സ്റ്റാംപ് ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. നേരത്തെ ലൈംഗിക പീഡനകേസിലും ഉള്‍പ്പെട്ട വ്യക്തിയാണ് സലിം എന്നും പൊലീസ് പറയുന്നു. ഈ സംഭവം പിന്നീട് ഇരയുമായി ഒത്തുതീര്‍പ്പുണ്ടാക്കി അവസാനിപ്പിക്കുയായിരുന്നു എന്നും പൊലീസ് പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക