Toilet waste treatment plant: പറഞ്ഞാൽ വിശ്വസിക്കുമോ, ഇതൊരു കക്കൂസ് മാലിന്യ സംസ്കരണ പ്ലാന്റാണ്!

ചേർത്തല ന​ഗരസഭയിലാണ് ഏഷ്യയിലെ തന്നെ ആദ്യത്തെ സോളാറിൽ പ്രവർത്തിക്കുന്ന 250 കെഎൽഡി ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റ് പ്രവർത്തനമാരംഭിച്ചത്
Toilet waste treatment plant in Cherthala Municipality
ചേർത്തല ന​ഗരസഭയിലെ കക്കൂസ് മാലിന്യ സംസ്കരണ പ്ലാന്റ്ഫെയ്സ്ബുക്ക്
Updated on

ആലപ്പുഴ: കേരളത്തിൽ വലിയ വെല്ലുവിളിയായി നിൽക്കുന്ന കക്കൂസ് മാലിന്യമുൾപ്പെടെയുള്ള ​ദ്രവ മാലിന്യ സംസ്കരണത്തിൽ മികച്ച മാതൃകയുമായി ചേർത്തല ന​ഗരസഭ. കിണർ വെള്ളത്തിൽ വർധിച്ചു വരുന്ന ഇ കോളി പ്രശ്നത്തിനു ഏറ്റവും വലിയ വെല്ലുവിളിയായി നിൽക്കുന്നത് കക്കൂസ് മാലിന്യമുൾപ്പെടെയുള്ള ​ദ്രവമാലിന്യത്തിന്റെ ശാസ്ത്രീയ നിർമാർജനത്തിന്റെ അഭാവമാണ്. ഈ പ്രശ്നത്തിനൊരു പരിഹാരമാണ് നൂതന സാങ്കേതിക വിദ്യ ഉപയോ​ഗിച്ചുള്ള ഇത്തരം പ്ലാന്റുകൾ.

കഴിഞ്ഞ ദിവസമാണ് പ്ലാന്റ് പൂർണമായി പ്രവർത്തനം ആരംഭിച്ചത്. ഏഷ്യയിലെ തന്നെ ആദ്യത്തെ സോളാറിൽ പ്രവർത്തിക്കുന്ന 250 കെഎൽഡി ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റാണിത്. 2018- 19 കാലത്ത് ആരംഭിച്ചതാണ് ചേർത്തല എഫ്എസ്ടിപി നിർമാണം സംബന്ധിച്ച നടപടികൾ. ഏറെ എതിർപ്പുകൾ മറികടന്നാണ് പ്ലാന്റ് യാഥാർഥ്യമായത്. മന്ത്രി എംബി രാജേഷ് മുൻകൈയെടുത്താണ് പ്ലാന്റ് നിർമാണം പൂർത്തിയാക്കിയത്.

പ്രതിദിനം 2,50,000 ലിറ്റർ മാലിന്യം സംസ്കരിക്കാൻ സാധിക്കുന്നതാണ് പ്ലാന്റ്. കക്കൂസ് മാലിന്യ സംസ്കരണത്തിന് മാത്രമായി നിലവിലുള്ള പദ്ധതിയാണിത്. പൂർണമായും ജിപിഎസ് സംവിധാനം, ഓൺലൈൻ മോണിറ്ററിങ് എന്നിവയോടുകൂടിയ മൊബൈൽ ആപ്ലിക്കേഷൻ അധിഷ്ഠിതമായാണ് ഈ എഫ്എസ്ടിപി സംവിധാനം പ്രവർത്തിക്കുന്നത്. പ്ലാന്റ് സംബന്ധിച്ച് മാധ്യമ പ്രവർത്തകനായ ജി സാജൻ ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കിട്ടിട്ടുണ്ട്.

ജി സാജന്റെ കുറിപ്പ്

ഈ കാണുന്ന ചിത്രം ഒരു കക്കൂസ് മാലിന്യ സംസ്ക്കരണ പ്ലാന്റ് ആണ് എന്ന് പറഞ്ഞാൽ ആരാണ് വിശ്വസിക്കുക? ചേർത്തല നഗരസഭയിലാണ് ഇത് കണ്ടത് ഖര മാലിന്യ നിർമ്മാർജ്ജനത്തിൽ നമ്മൾ ഏറെ മുന്നോട്ട് പോയെങ്കിലും വലിയ വെല്ലുവിളിയായി നിൽക്കുന്നത് കക്കൂസ് മാലിന്യമുൾപ്പെടെയുള്ള ദ്രവമാലിന്യ സംസ്ക്കരണമാണ്.

കേരളത്തിലെ കിണർ വെള്ളത്തിന്റെ ഏറ്റവും വലിയ പ്രശ്നം വർധിച്ചുവരുന്ന E -Coli ആണ് ..കക്കൂസ് മാലിന്യത്തിന്റെ സംസ്കരണമാണ് ഇവിടെ ഏറ്റവും വലിയ കാരണം എന്നാൽ ഇതിനുവേണ്ട സംസ്കരണ സംവിധാനമായ FSTP സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഉയർന്നു വരുന്ന എതിർപ്പുകളാണ് എവിടെയും പ്രധാന തടസ്സം ഇവിടെയാണ് ചേർത്തല നഗരസഭ വ്യത്യസ്തമാകുന്നത്.

മാർച്ച്‌ 28 ന് ഏഷ്യയിലെ തന്നെ ആദ്യത്തെ സോളാറിൽ പ്രവർത്തിക്കുന്ന 250 കെഎൽഡി ശുചിമുറി മാലിന്യ സംസ്കരണ പ്ലാൻ്റ് ചേർത്തലയിൽ പ്രവർത്തന സജ്ജമായി. ഒരെതിർപ്പും ഇല്ലാതെയാണ് പ്ലാന്റ് തുറക്കാനായത് എന്ന് കരുതരുത്. 2018- 19 കാലത്ത് ആരംഭിച്ചതാണ് ചേർത്തല എഫ്എസ്ടിപി നിർമ്മാണം സംബന്ധിച്ച നടപടികൾ.

നഗരസഭയുടെ കൈവശത്തിലുള്ള ചേർത്തല KVM ആശുപത്രിക്ക് സമീപമുള്ള തണ്ണീർമുക്കം ആനയറ വെളിയിലെ ശ്മശാന ഭൂമിയിൽ ശുചിമുറി മാലിന്യ സംസ്കരണ പ്ലാൻ്റ് ആരംഭിക്കുന്നതിന് അന്നത്തെ ഭരണസമിതി തീരുമാനം എടുക്കുന്നു. ശുചിത്വമിഷൻ, ഹരിത കേരള മിഷൻ, പൊലൂഷൻ കൺട്രോൾ ബോർഡ് എന്നിവയുടെ സഹായത്തോടെയാണ് ഈ ആശയം പ്രാവർത്തികമാക്കാൻ ശ്രമിച്ചത്.

പ്ലാൻ്റിനു നിർമ്മാണാനുമതിയും മറ്റും ലഭിച്ചെങ്കിലും എതിർപ്പുകളുടെ പരമ്പര തന്നെ ഉയർന്നു വന്നു. പ്രാദേശിക ജനങ്ങളുടെ എതിർപ്പ് കൂടാതെ പദ്ധതിക്കെതിരെ അനവധി കേസുകൾ ഹൈക്കോടതിയിലും മറ്റും സമീപത്തുള്ള ആശുപത്രി മാനേജ്മെൻ്റുകൾ നൽകി.

പദ്ധതി തടസ്സപ്പെട്ടു. പിന്നെ ഇത് മുന്നോട്ട് കൊണ്ടുപോകാൻ മുൻകൈ എടുത്തത് മന്ത്രി എം ബി രാജേഷാണ്. പ്ലാൻ്റിനെതിരെ നിലപാടെടുത്തവരെ 2023 ജനുവരി 28 ന് മന്ത്രിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് നടന്ന മീറ്റിംഗിൽ ക്ഷണിച്ച് പ്ലാൻ്റിൻ്റെ ആവശ്യകത അദ്ദേഹം ബോധ്യപ്പെടുത്തി. എതിർപ്പുയർത്തിയവരെയും തണ്ണീർമുക്കം പഞ്ചായത്തിലെയും ചേർത്തല നഗരസഭയിലെയും ജനപ്രതിനിധികളെയും പങ്കെടുപ്പിച്ച് തിരുവനന്തപുരത്തെ മുട്ടത്തറയിലെയും മെഡിക്കൽ കോളേജിലെയും ദ്രവമാലിന്യ സംസ്കരണ സംവിധാനങ്ങൾ കാണിച്ച് പ്ലാൻ്റ് പ്രവർത്തനങ്ങൾ വിശദീകരിച്ചു

'കേരളത്തിലാകെ ഇന്ന് വളരെ അത്യാവശ്യമായിട്ടുള്ളത് ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റുകളാണ്. കാരണം, കേരളത്തിലെ പൊതുജലാശയങ്ങളിലെയും വീട്ടുകിണറുകളിലെയും കോളിഫോം ബാക്ടീരിയയുടെ അളവ് വളരെ ഉയർന്നതാണ് എന്ന് ശാസ്ത്രീയ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയിൽ സ്ഥിതി കൂടുതൽ ഗൗരവമുള്ളതാണ്. അതുകൊണ്ട് യഥാർത്ഥത്തിൽ ഇത്തരം പ്ലാന്റുകൾക്ക് എതിരെയല്ല സമരം ചെയ്യേണ്ടത്, ഇത്തരം പ്ലാന്റുകൾ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് സമരങ്ങൾ ഉണ്ടാക്കേണ്ടത്. പക്ഷേ നിർഭാഗ്യകരമെന്ന് പറയട്ടെ, അന്ധവിശ്വാസം പോലൊരു എതിർപ്പാണ് മാലിന്യ സംസ്കരണ പ്ലാന്റുകൾക്കെതിരെ പൊതുവിൽ, ശുചിമുറി മാലിന്യ പ്ലാന്റുകൾക്കെതിരെ പ്രത്യേകിച്ചും ഉയർന്നുവരുന്നത്'- മന്ത്രി എം ബി രാജേഷ് പറയുന്നു.

എന്തായാലും പ്രതിഷേധം കുറെയൊക്കെ മാറി. ഫെബ്രുവരി ആദ്യവാരം പ്ലാൻ്റ് നിർമ്മാണം ആരംഭിച്ചു. രണ്ട് വർഷത്തിന് ശേഷം ഇപ്പോൾ അതു പൂർത്തിയായി.

മുനിസിപ്പൽ സെക്രട്ടറി ടി കെ സുജിത് എഴുതുന്നു:

'ആലപ്പുഴ ജില്ലയിൽ പ്രതിദിനം ഉത്പാദിപ്പിക്കപ്പെടുന്ന ശുചിമുറി മാലിന്യം 553225 ലിറ്ററാണ് (260 x 2,127,789) അതായത് 553 KLD.

ചേർത്തല പ്ലാൻ്റിൻ്റെ ശേഷി പ്രതിദിനം 250 KLD ആണ്. (2,50,000 ലിറ്റർ). അതായത്, ഹൌസ് ബോട്ടുകളിൽ നിന്നുമടക്കമുള്ള ജില്ലയിലെ പകുതിയോളം മാലിന്യം സംസ്കരിക്കുന്നതിന് ഇവിടെ കഴിയും.'

'4000 - 6000 ലിറ്റർ ശേഷിയുള്ള ടാങ്കറുകളാണ് ഇപ്പോൾ നാട്ടിലുള്ളത്. അങ്ങനെ വരുമ്പോൾ പ്രതിദിനം 50 - 60 ടാങ്കറുകൾ ലഭ്യമാക്കുന്ന ശുചിമുറി മാലിന്യം ഇവിടെ സംസ്കരിക്കാൻ കഴിയും‌.'

'കക്കൂസ് മാലിന്യ സംസ്കരണത്തിന് മാത്രമായി കേരളത്തിൽ നിലവിലുള്ള പദ്ധതിയുമാണിത്. പൂർണ്ണമായും ജിപിഎസ് സംവിധാനം, ഓൺലൈൻ മോണിറ്ററിംഗ് എന്നിവയോടുകൂടിയ മൊബൈൽ ആപ്ലിക്കേഷൻ അധിഷ്ഠിതമായാണ് ഈ എഫ്.എസ്.ടി.പി സംവിധാനം പ്രവർത്തിക്കുന്നത്.'

'ആലപ്പുഴയിലെ വടക്കൻ മേഖലയിലെ കക്കൂസ് മാലിന്യ പ്രശ്നത്തിന് ഇതോടെ ശാശ്വത പരിഹാരം നേടാൻ കഴിയുമെന്ന് കരുതുന്നു. വേമ്പനാട് കായൽ മലിനീകരണവും കാര്യമായി കുറയ്കാൻ ഇതുവഴി കഴിയും'- സുജിത് വ്യക്തമാക്കി.

വൃത്തി 2025 എന്ന പേരിൽ തിരുവനന്തപുരത്ത് മാലിന്യ നിർമാർജനത്തിന് ഒരു കോൺക്ലേവ് സംഘടിപ്പിക്കുന്നുണ്ട്. അതിന് മുന്നോടിയായി ഇപ്പോൾ നിലനിൽക്കുന്ന പ്രശ്നങ്ങൾ, പരിഹാര സാദ്ധ്യതകൾ എന്നിവ പരിശോധിക്കുന്നത് നന്നായിരിക്കും. എന്തായാലും ചേർത്തല ഈ രംഗത്ത് നല്ലൊരു മാതൃകയാണ് എന്ന് തീർച്ച.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com