

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ജീവിതം ആസ്പദമാക്കി ഡോക്യുമെന്ററി ഒരുങ്ങുന്നു. വ്യക്തി ആരാധനയ്ക്ക് സിപിഎം എതിരെന്ന് ആവര്‍ത്തിക്കുന്നതിനിടെയാണ് ഡോക്യുമെന്ററി സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവരുന്നത്. 15 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന പിണറായി ദ ലെജന്‍ഡ് എന്ന ഡോക്യുമെന്ററി സെക്രട്ടേറിയേറ്റിലെ സിപിഎം അനുകൂല സംഘടനയായ സെക്രട്ടറിയേറ്റ് എംപ്‌ളോയീസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് ഒരുങ്ങുന്നത്.
പിണറായി വിജയന്റെ ജീവചരിത്രവും ഭരണ നേട്ടങ്ങളും നേതൃപാടവവുമാണ് ഡോക്യുമെന്ററിയുടെ ഉള്ളടക്കം. നേമം സ്വദേശി അല്‍ത്താഫ് ആണ് ഡോക്യുമെന്ററി സംവിധാനം ചെയ്യുന്നത്. രണ്ടാം പിണറായി സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും. മുഖ്യമന്ത്രിയെക്കുറിച്ച് ജനങ്ങളെ കൂടുതല്‍ അറിയിക്കുന്നതിനാണ് ഈ ശ്രമമെന്നാണ് ഡോക്യുമെന്ററി നിര്‍മാണത്തെ കുറിച്ച് അസോസിയേഷന്റെ നിലപാട്. സ്വിച്ച് ഓണ്‍ കര്‍മം മുഖ്യമന്ത്രി തന്നെ നിര്‍വഹിക്കുമെന്നും സംഘടനാ ഭാരവാഹികള്‍ പറയുന്നു. നേരത്തെ ചെമ്പടയുടെ കാവലാള്‍ എന്ന പേരില്‍ മുഖ്യമന്ത്രിക്കായി വാഴ്ത്തുപാട്ട് ഒരുക്കിയതും സെക്രട്ടേറിയറ്റിലെ കേരള സെക്രട്ടറിയറ്റ് എംപ്ലോയീസ് അസോസിയേഷനായിരുന്നു. ശനിയാഴ്ച ചേര്‍ന്ന അസോസിയേഷന്റെ കൗണ്‍സില്‍ യോഗത്തില്‍ ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ പാസാക്കി.
അതേസമയം, ഇന്ന് ചേര്‍ന്ന സംഘടനാ കൗണ്‍സില്‍ യോഗത്തില്‍ നിന്ന് ഒരു വിഭാഗം ഇറങ്ങിപ്പോയി. ജനറല്‍ സെക്രട്ടറി അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള വിഭാഗമാണ് ഇറങ്ങിപ്പോയത്. അശോക് കുമാറിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിവാക്കുന്നതില്‍ പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോക്ക്. സംഘടനയുടെ പ്രസിഡന്റ് പി. ഹണി ഏകാധിപത്യ പരമായി പെരുമാറുന്നു എന്നാണ് വിമര്‍ശനം. സംഘടനയുമായി സഹകരിക്കാത്തത് കൊണ്ടാണ് അശോക് കുമാറിനെ പുറത്താക്കിയതെന്ന് പി ഹണി പറഞ്ഞിരുന്നു.
ചെമ്പടയുടെ കവലാള്‍, ക്യാപ്റ്റന്‍ വിശേഷണം, മെഗാ തിരുവാതിര എന്നീ സംഭവങ്ങള്‍ക്ക് പിന്നാലെയാണ് പിണറായി, ദി ലെജന്‍ഡ് ഒരുങ്ങുന്നത്. വലിയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ഈ സംഭവങ്ങളോട് മുഖ്യമന്ത്രി നടത്തിയ പ്രതികരണങ്ങളും ശ്രദ്ധേയമായിരുന്നു. സ്ഥിരമായി കുറ്റപ്പെടുത്തുമ്പോള്‍ ചില പുകഴ്ത്തലുകള്‍ പ്രശ്‌നമാക്കേണ്ടതില്ലെന്നായിരുന്നു ഇത്തരം വിഷയങ്ങളില്‍ മുഖ്യമന്ത്രി ഏറ്റവും ഒടുവില്‍ സ്വീകരിച്ച നിലപാട്. എന്നാല്‍ വ്യക്തിത്വ ആരാധനകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കെതിരെ പലപ്പോഴും എതിര്‍ സ്വരം ഉയര്‍ത്തിയിട്ടുള്ള വ്യക്തി കൂടിയാണ് പിണറായി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates