thrissur pooram
കൊച്ചിരാജാവായിരുന്ന ശക്തൻ തമ്പുരാൻ ആണ് തൃശൂർ പൂരത്തിന് തുടക്കം കുറിച്ചത്ഫയൽ/ എക്സ്പ്രസ്

തൃശൂര്‍ പൂരം എങ്ങനെ കാണണം?, ചടങ്ങുകള്‍ എന്തൊക്കെ?; അറിയാം വിശേഷങ്ങള്‍

കേരളത്തിനകത്തും പുറത്തും ഏറ്റവും ജനശ്രദ്ധയാകര്‍ഷിച്ച ഉത്സവങ്ങളില്‍ ഒന്നാണ് തൃശ്ശൂര്‍ പൂരം
Published on

കേരളത്തിനകത്തും പുറത്തും ഏറ്റവും ജനശ്രദ്ധയാകര്‍ഷിച്ച ഉത്സവങ്ങളില്‍ ഒന്നാണ് തൃശ്ശൂര്‍ പൂരം . കൊച്ചിരാജാവായിരുന്ന ശക്തന്‍ തമ്പുരാന്‍ തുടക്കം കുറിച്ച തൃശൂര്‍ പൂരത്തിന് എകദേശം 200 വര്‍ഷത്തെ പാരമ്പര്യമാണ് കണക്കാക്കുന്നത്. പൂരം കാണുവാനായി വിദേശ സഞ്ചാരികളടക്കം ധാരാളം ആളുകള്‍ വര്‍ഷം തോറും തൃശ്ശൂരില്‍ എത്താറുണ്ട്. മേടമാസത്തിലെ പൂരം നക്ഷത്രത്തിലാണ് തൃശൂര്‍പൂരം ആഘോഷിക്കുന്നത്.

പൂരത്തിന്റെ മുഖ്യ പങ്കാളിത്തം തിരുവമ്പാടി- പാറമേക്കാവ് ക്ഷേത്രങ്ങള്‍ക്കാണ്. തിരുവമ്പാടി- പാറമേക്കാവ് ക്ഷേത്രങ്ങളിലെ ഭഗവതിമാരാണ് തൃശ്ശൂര്‍ പൂരത്തില്‍ പങ്കെടുക്കുന്നതായി സങ്കല്‍പ്പിക്കപ്പെടുന്നത്. തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠകളില്‍ ഒന്നായ ബാലികാഭാവത്തിലുള്ള ബാലഭദ്രകാളിയാണ് പൂരത്തിന് പങ്കെടുക്കുന്ന ഒരു ഭഗവതി. എട്ട് ചെറുപൂരങ്ങള്‍ കൂടി അടങ്ങുന്നതാണ് തൃശൂര്‍ പൂരമെങ്കിലും മുഖ്യ പങ്കാളികളായ തിരുവമ്പാടി - പാറമേക്കാവ് ദേവസ്വങ്ങള്‍ക്ക് മാത്രമായി ചില അവകാശങ്ങള്‍ ഉണ്ട്. വടക്കുന്നാഥക്ഷേത്രത്തിന്റെ ചുറ്റുമുള്ള വഴിയില്‍ ഇവര്‍ക്കേ അവകാശമുള്ളൂ. പൂരത്തോടനുബന്ധിച്ചുള്ള വെടിക്കെട്ടും കുടമാറ്റവും ഈ രണ്ടു കൂട്ടരുടെയും മാത്രം അവകാശങ്ങളാണ്.

പൂരത്തിലെ പ്രധാന ചടങ്ങുകളായ ഇലഞ്ഞിത്തറമേളം, തെക്കോട്ടിറക്കം, കുടമാറ്റം തുടങ്ങിയവയൊക്കെ വടക്കുംനാഥന്റെ ക്ഷേത്രപരിസരത്തു തന്നെയാണ് അരങ്ങേറുന്നത്. സമയക്രമമനുസരിച്ച് മുഖ്യവിഭാഗങ്ങള്‍ക്കും വളരെ മുമ്പേതന്നെ നടക്കുന്ന ചെറുപൂരങ്ങളുടെ എഴുന്നള്ളിപ്പോടെയാണ് പ്രധാനദിവസത്തെ പൂരാഘോഷങ്ങള്‍ക്ക് അരങ്ങൊരുങ്ങുന്നത്. രാവിലെ ആറരയോടെ വടക്കുംനാഥന്റെ മുന്നിലെത്തി വണങ്ങുന്ന കണിമംഗലം ശാസ്താവ് ആണ് പൂരത്തില്‍ പങ്കെടുക്കാന്‍ ആദ്യം എത്തുന്നത്.

പിന്നെ ഒന്നൊന്നായി മറ്റു ചെറുപൂരങ്ങള്‍ എത്തിത്തുടങ്ങും. കാരമുക്ക് ഭഗവതി, ചൂരക്കോട്ടുകാവ് ഭഗവതി, നെയ്തലക്കാവ് ഭഗവതി, ലാലൂര്‍ ഭഗവതി, പനമുക്കുംപിള്ളി ശാസ്താവ്, അയ്യന്തോള്‍ കാര്‍ത്ത്യായനി ഭഗവതി, ചെമ്പൂക്കാവ് ഭഗവതി എന്നീ എട്ട് ക്ഷേത്രങ്ങളിലെ ദേവിദേവന്മാരാണ് ചെറു പൂരം അവതരിപ്പിക്കുന്നത്. തലേന്ന് നെയ്തലക്കാവിലമ്മ തെക്കേ ഗോപുരം തുറക്കുന്നതോടെയാണ് പൂര വിളംബരമാകുന്നത്.

thrissur pooram

തിരുവമ്പാടി ക്ഷേത്രത്തിലെ പൂരാഘോഷത്തിന്റെ ചടങ്ങുകള്‍:

രാവിലെ ഏഴുമണിയോടെ നടപ്പാണ്ടിയുടേയും നാദസ്വരത്തിന്റേയും അകമ്പടിയോടെ 3 ആനപ്പുറത്ത് ഷൊര്‍ണ്ണൂര്‍ റോഡ് വഴി നായ്ക്കനാലില്‍ എത്തുന്നു. സ്വരാജ് റൗണ്ടിലൂടെ പടിഞ്ഞാറെ പ്രദക്ഷിണവഴി നടുവിലാലില്‍ എത്തി പഴയനടക്കാവ് വഴി നടുവില്‍ മഠത്തിലേക്ക്്, അവിടെ ഇറക്കി എഴുന്നള്ളിക്കുന്നു. 11.30ന് ബ്രഹ്മസ്വം മഠത്തില്‍ നിന്ന് മൂന്ന് ആനകളോടെ മഠത്തില്‍വരവ് പഞ്ചവാദ്യം ( ഏകദേശം ഒന്നരമണിക്കൂര്‍) തുടര്‍ന്ന് പഴയനടക്കാവ് വഴി സ്വരാജ് റൗണ്ടിലേക്ക്. ഏഴ് ആന, നടുവിലാല്‍ വഴി നായ്ക്കനാലില്‍ എത്തി പഞ്ചവാദ്യം സമാപിക്കുന്നു ( മൂന്ന് മണി), 15 ആനകളുടെ അകമ്പടിയോടെ പാണ്ടിമേളം ആരംഭിക്കുന്നു. ശ്രീമൂലസ്ഥാനത്ത് മേള സമാപിക്കുന്നു (5 മണി), പടിഞ്ഞാറെ ഗോപുരം വഴി മതിലക്കകത്ത് കടന്ന് പ്രദക്ഷിണം വെച്ച് തെക്കേ ഗോപുരം വഴി 5.30നോടുകൂടി പുറത്തേക്കിറങ്ങുന്നു. തുടര്‍ന്ന് തെക്കോട്ടിറക്കം. തിരുവമ്പാടി- പാറമേക്കാവ് ഭഗവതിമാരുടെ കൂടിക്കാഴ്ച. കുടമാറ്റത്തിന് ശേഷം ഏഴാനകളുടെ അകമ്പടിയോടെ മുന്‍സിപ്പല്‍ റോഡില്‍ പ്രവേശിച്ച് പറകള്‍ സ്വീകരിച്ച് കൊമ്പ് പറ്റ് കുഴല്‍പ്പറ്റ് എന്നിവ പൂര്‍ത്തീകരിച്ച് തിരിച്ചെഴുന്നള്ളി വീണ്ടും സ്വരാജ് റൗണ്ടില്‍ പ്രവേശിച്ച് മേളം അവസാനിച്ച് വടക്കുനാഥ ക്ഷേത്ര മൈതാനി വഴി പടയനടക്കാവിലേക്കിറങ്ങി ആ പ്രദേശത്തെ ബ്രാഹ്മണരുടെ കാണിപൂജയും കാണിപ്പണവും സ്വീകരിച്ച് ബ്രഹ്മസ്വം മഠത്തില്‍ ഇറക്കി എഴുന്നള്ളിക്കുന്നു.

രാത്രി വീണ്ടും 12 മണിയോടെ പകലിലെ മഠത്തില്‍വരവ് ആവര്‍ത്തിച്ച് രാത്രി രണ്ടുമണിയോടെ പഞ്ചവാദ്യം അവസാനിച്ച് നായ്ക്കനാല്‍ പന്തലില്‍ ഭഗവതിയെ എഴുന്നള്ളിച്ച് നിര്‍ത്തുന്നു. തുടര്‍ന്ന് വെടിക്കെട്ടിന് ശേഷം പിറ്റേദിവസം രാവിലെ എട്ടുമണിയോടെ 15 ആനകളുടെ അകമ്പടിയോടെ ചെമ്പടമേളത്തിന് ശേഷം പാണ്ടിമേളത്തിന്റെ അകമ്പടിയോടെ ശ്രീമൂല സ്ഥാനത്ത് എഴുന്നള്ളുന്നു. 12 മണിക്ക് മേളം അവസാനിച്ച് 12.30ന് പാറമേക്കാവ് ഭഗവതിയുമായി ഉപചാരം ചൊല്ലി പിരിഞ്ഞ് തിരുവമ്പാടി ക്ഷേത്രത്തിലേക്ക് മടങ്ങുന്നു. തുടര്‍ന്ന് വെടിക്കെട്ട്. വൈകുന്നേരം നടുവില്‍ മഠത്തില്‍ ഭഗവതിമാരുടെ കൂടിയാറാട്ടിന് ശേഷം രാത്രി ഉത്രം വിളക്കോടെ പൂരം ചടങ്ങുകള്‍ സമാപിക്കുന്നു.

പാറമേക്കാവ് ഭഗവതി ക്ഷേത്രത്തിലെ ചടങ്ങുകള്‍:

പൂരം കൊടിയേറ്റത്തിന് ശേഷം ഭഗവതി നേരിട്ട് എല്ലാ ദേശങ്ങളിലും എഴുന്നള്ളി ദോഷങ്ങളെയും ദുരിതങ്ങളെയും അകറ്റി ഭക്തജനങ്ങള്‍ക്ക് അനുഗ്രഹം നല്‍കുന്നു എന്നാണ് സങ്കല്‍പ്പം. കൊടിയേറ്റം മുതല്‍ കൊടിയിറങ്ങുന്നതുവരെ എല്ലാ ദിവസവും ക്ഷേത്രത്തിലെ കൊടിമരച്ചുവട്ടില്‍ ഭഗവതിക്ക് പറ സമര്‍പ്പിക്കാന്‍ പ്രത്യേക സൗകര്യം ഉണ്ടായിരിക്കും.ഭഗവതിയെ പുറത്തേയ്ക്ക് എഴുന്നള്ളിച്ച ശേഷം കവുങ്ങിന്‍ കൊടിമരം ദേശക്കാര്‍ ഉയര്‍ത്തുന്നതോടെ പൂരത്തിന് തുടക്കമായി. ക്ഷേത്രത്തിലെ പാലമരത്തിലും മണികണ്ഠനാല്‍ തറയിലെ അരയാലിന്റെ മുകളിലും സിംഹചിഹ്നമുള്ള മഞ്ഞക്കൊടികളാണ് ഉയര്‍ത്തുന്നത്.

കൊടിയേറ്റത്തിന് മുന്നോടിയായി തലേന്ന് ക്ഷേത്രം തന്ത്രിയുടെയും മേല്‍ശാന്തിയുടെയും കാര്‍മികത്വത്തില്‍ ശുദ്ധിക്രിയകളും പ്രത്യേക ഹോമങ്ങളും നടത്തുന്നുണ്ട്. ദിവസവും നടക്കുന്ന ആറാട്ടുചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രിമാര്‍ കാര്‍മികത്വം വഹിക്കുന്നു. ആറാട്ടുകടവില്‍ തന്ത്രിപൂജ, മഞ്ഞള്‍പ്പൊടി കൊണ്ട് അഭിഷേകം, മലര്‍ നിവേദ്യം, പൂജ എന്നിവ പ്രത്യേകമായി നടക്കും.

thrissur pooram

ഏകദേശം പന്ത്രണ്ടുമണിയോടെയാണ് പാറമേക്കാവിന്റെ പൂരം തുടങ്ങുന്നത്. പൂരത്തില്‍ പങ്കുചേരുവാനായി പതിനഞ്ച് ആനകളുടെയും ചെമ്പട മേളത്തിന്റെയും അകമ്പടിയോടെ സര്‍വ്വാലങ്കാര വിഭൂഷിതയായി പാറമേക്കാവ് ഭഗവതി എഴുന്നള്ളുന്നു. തുടര്‍ന്ന് ചെമ്പടമേളം അവസാനിച്ച് പാണ്ടിമേളം തുടങ്ങി വടക്കുന്നാഥ ക്ഷേത്രത്തിന്റെ കിഴക്കേഗോപുരം വഴി അകത്ത് കടന്ന് വടക്കുന്നാഥന്റെ പടിഞ്ഞാറെ നടയില്‍ ഇലഞ്ഞിത്തറ മേളം. നാലു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന പാണ്ടി മേളത്തില്‍ വാദ്യകലാരംഗത്തെ കുലപതികളാണ് പങ്കെടുക്കാറ്. കൂത്തമ്പലത്തിനു മുന്നിലെ ഇലഞ്ഞിത്തറയില്‍ അരങ്ങേറുന്നതുകൊണ്ടാണ് ഈ മേളച്ചാര്‍ത്തിന് ഇലഞ്ഞിത്തറമേളം എന്ന പേരുവന്നത്.

അഞ്ചുമണിയോടുകൂടി മേളം അവസാനിച്ച് തെക്കോട്ടിറക്കം. തുടര്‍ന്ന് സ്വരാജ് റൗണ്ടില്‍ പ്രവേശിച്ച് ഏഴു ആനകളുടെ അകമ്പടിയില്‍ മുന്‍സിപ്പല്‍ റോഡില്‍ കടന്ന് രാജാവിന്റെ പ്രതിമ വരെ പോയി തിരിച്ച് വന്ന് സ്വരാജ് റൗണ്ടില്‍ പ്രവേശിച്ചാല്‍ ഭഗവതിമാരുടെ കൂടിക്കാഴ്ച, കുടമാറ്റം എന്നിവയ്ക്ക് ശേഷം സ്വരാജ് റൗണ്ട് വഴി ക്ഷേത്രത്തില്‍ എത്തി ഇറക്കി എഴുന്നള്ളിക്കുന്നു. രാത്രി 10.30ന് പഞ്ചവാദ്യത്തിന്റേയും ഏഴു ആനകളുടെയും അകമ്പടി പുറത്തേയ്ക്ക് എഴുന്നള്ളി സ്വരാജ് റൗണ്ട് വഴി മണികണ്ഠനാലില്‍ എത്തി പഞ്ചവാദ്യം അവസാനിച്ച് എഴുന്നള്ളി നില്‍ക്കുന്നു. തുടര്‍ന്നാണ് വെടിക്കെട്ട്. രാവിലെ 7.30ന് 15 ആനകളുടെ അകമ്പടിയോടെ എഴുന്നള്ളി ചെമ്പട, പാണ്ടിമേളങ്ങള്‍ക്ക് ശേഷം 12.30ന് തിരുവമ്പാടി ഭഗവതിയുമായി ഉപചാരം ചൊല്ലി പിരിയുന്നു. വൈകുന്നേരം നടുവില്‍ മഠത്തില്‍ ഭഗവതിമാരുടെ കൂടിയാറാട്ടിനു ശേഷം രാത്രി ക്ഷേത്രത്തില്‍ എത്തി ഉത്രം വിളക്കോടെ പൂരം ചടങ്ങുകള്‍ അവസാനിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com