ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്ഥാനും വെടിനിര്‍ത്തല്‍ ധാരണയിലെത്തിയ സാഹചര്യത്തെ 1971 ലെ ഇന്ദിരാ ഗാന്ധിയുടെ കാലഘട്ടവുമായി താരതമ്യം ചെയ്യേണ്ടതില്ലെന്ന് കോണ്‍ഗ്രസ് എം പി ശശി തരൂര്‍. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണ് ഇരുരാജ്യങ്ങളും വെടിനിര്‍ത്തല്‍ ധാരണയിലെത്തി എന്ന വിവരം ആദ്യമായി പുറത്ത് വിട്ടത്. ഇതോടെ അമേരിക്ക ഇന്ത്യന്‍ ഭരണകൂടത്തിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന തരത്തില്‍ ചര്‍ച്ചകള്‍ ഉയര്‍ന്നു.
ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ വെടിനിര്‍ത്തല്‍ കൊണ്ടുവരാന്‍ അമേരിക്ക ഇടപെട്ടത് കോണ്‍ഗ്രസ് ഒരു വിഷയമായി ഉന്നയിച്ചിരുന്നു. 1971 ല്‍ സമാന സാഹചര്യം ഉണ്ടായെന്നും അന്ന് ഇന്ദിര ഗാന്ധി അമേരിക്കയ്ക്ക് മുന്നില്‍ വഴങ്ങിയില്ലെന്നുമുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസ് സജീവമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് തരൂരിന്റെ പ്രതികരണം.
'ഇന്ത്യയിലെ ജനങ്ങള്‍ സമാധാനം അര്‍ഹിക്കുന്നു. നമ്മള്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്, പൂഞ്ചിലെ ജനങ്ങളോട് ചോദിക്കൂ, എത്ര പേര്‍ മരിച്ചുവെന്ന്. യുദ്ധങ്ങള്‍ നിര്‍ത്തണമെന്ന് ഞാന്‍ പറയുന്നില്ല. അവ തുടരാന്‍ കാരണങ്ങളുണ്ടെങ്കില്‍, നമ്മള്‍ തുടരണം. എന്നാല്‍ ഇത് നമ്മള്‍ തുടരാന്‍ ഉദ്ദേശിച്ച യുദ്ധമായിരുന്നില്ല. തീവ്രവാദികളെ ഒരു പാഠം പഠിപ്പിക്കുക എന്നത് മാത്രമാണ് നമ്മള്‍ ആഗ്രഹിച്ചത്. ആ പാഠം പഠിപ്പിച്ചു,' തരൂര്‍ പറഞ്ഞു.
26 നിരപരാധികളുടെ ജീവന്‍ അപഹരിച്ച പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ട തീവ്രവാദികളെ കണ്ടെത്താനുള്ള ശ്രമം സര്‍ക്കാര്‍ തുടരുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'അത് അനിവാര്യമാണ്. അത് ഒറ്റരാത്രികൊണ്ട് സംഭവിക്കണമെന്നില്ല, മാസങ്ങളും വര്‍ഷങ്ങളും എടുത്തേക്കാം, പക്ഷേ നമ്മള്‍ അത് ചെയ്യേണ്ടിവരും. നിരപരാധികളായ ഇന്ത്യക്കാരെ കൊന്നൊടുക്കിയ ആരെയും രക്ഷപ്പെടാന്‍ അനുവദിക്കരുത്. എന്നാല്‍ അതിനര്‍ത്ഥം ഒരു നീണ്ട യുദ്ധത്തില്‍ മുഴുവന്‍ രാജ്യത്തെയും അപകടത്തിലാക്കണമെന്ന് അര്‍ത്ഥമാക്കുന്നില്ല,' അദ്ദേഹം പറഞ്ഞു.
'പാകിസ്ഥാനുമായുള്ള ഈ പ്രത്യേക സംഘര്‍ഷത്തെ സംബന്ധിച്ചിടത്തോളം, ഇന്ത്യന്‍ ജനതയുടെ സമൃദ്ധിയിലും ക്ഷേമത്തിലും, വളര്‍ച്ച, വികസനം, പുരോഗതി എന്നിവയില്‍ നാം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ഈ ഘട്ടത്തില്‍ സമാധാനമാണ് ശരിയായ മാര്‍ഗം എന്ന് ഞാന്‍ കരുതുന്നു,' തരൂര്‍ പറഞ്ഞു.
1971 ലെ ഇന്ദിരാ ഗാന്ധിയുടെ നടപടിയില്‍ ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ താന്‍ ഒരുപാട് അഭിമാനിക്കുന്നു. നിലവിലെ സാഹചര്യം 1971 ല്‍ നിന്ന് വ്യത്യസ്തമാണ്. ഇന്നത്തെ പാകിസ്ഥാന്‍ വ്യത്യസ്തമായ ഒരു സാഹചര്യമാണ്. അവരുടെ സൈനിക ഉപകരണങ്ങള്‍, അവര്‍ക്ക് ചെയ്യാന്‍ കഴിയുന്ന നാശനഷ്ടങ്ങള്‍, എല്ലാം വ്യത്യസ്തമാണ്,' അദ്ദേഹം പറഞ്ഞു. അന്ന് സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ബംഗ്ലാദേശിന്റെ ധാര്‍മികമായ ഒരു പോരാട്ടമാണ് നടന്നത്. ബംഗ്ലാദേശിനെ മോചിപ്പിക്കുക എന്നത് ഇന്ത്യയുടെ വ്യക്തമായ ഒരു ലക്ഷ്യമായിരുന്നു. ഇന്ത്യയിലേക്ക് തീവ്രവാദികളെ അയച്ചവരെ പാഠം പഠിപ്പിക്കുക എന്നതാണ് ഇന്നത്തെ പോരാട്ടത്തിന്റെ ലക്ഷ്യം. അതിനുള്ള വില അവര്‍ നല്‍കിയേ മതിയാകൂ. ആ പാഠം അവരെ പഠിപ്പിച്ചു കഴിഞ്ഞു. അല്ലാതെ ഇത് തുടര്‍ന്ന് കൊണ്ടുപോകാന്‍ ഉദ്ദേശിക്കുന്ന ഒരു യുദ്ധമല്ല, തരൂര്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates