

തിരുവനന്തപുരം: തലസ്ഥാനത്തെ നടുക്കിയ നന്തന്‍കോട് കൂട്ടക്കൊലപാതകക്കേസിലെ പ്രതി കേഡല്‍ ജിന്‍സണ്‍ രാജയ്ക്ക് ജീവപര്യന്തം തടവുശിക്ഷ. 15 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ വിഷ്ണുവാണ് ശിക്ഷ വിധിച്ചത്. പിഴത്തുക അമ്മാവന്‍ ജോസ് സുന്ദരത്തിന് നല്‍കണമെന്ന് കോടതി വിധിച്ചിട്ടുണ്ട്. നാലു വകുപ്പുകളിലായി പ്രതി ആകെ 26 വർഷം തടവുശിക്ഷ അനുഭവിക്കണമെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
പ്രതിക്ക് മാനസിക വൈകല്യമുണ്ടെന്നും, പ്രായം പരിഗണിക്കണമെന്നും ശിക്ഷയിന്മേലുള്ള വാദത്തിനിടെ പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മാനസിക രോഗമുള്ള ഒരാള്‍ എങ്ങനെ മൂന്ന് പേരെ കത്തിച്ചു കൊല്ലുമെന്ന് പ്രോസിക്യൂഷന്‍ ചോദിച്ചു. ജന്മം നല്‍കിയ അമ്മയെയും കാഴ്ച ഇല്ലാത്ത വൃദ്ധയെയും എങ്ങനെ കൊല്ലാന്‍ സാധിച്ചു. പ്രതിക്ക് ഒരു മാനസാന്തരവുമില്ല. പ്രതി വീണ്ടും പുറത്തിറങ്ങിയാല്‍ വീണ്ടും ഇത്തരം പ്രവൃത്തി ചെയ്യില്ലെന്ന് എന്താണ് ഉറപ്പെന്നും പ്രോസിക്യൂഷന്‍ ചോദിച്ചു.
മാതാപിതാക്കളും സഹോദരിയും അടക്കം നാലുപേരെ ക്രൂരമായി കൊലപ്പെടുത്തിയ കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. പ്രതിക്ക് വധശിക്ഷ തന്നെ നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. ആസ്ട്രല്‍ പ്രൊജക്ഷന്‍, സാത്താന്‍ ആരാധന തുടങ്ങിയവയെല്ലാം കെട്ടിച്ചമച്ച കഥയാണെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. കുറ്റകൃത്യത്തിന്റെ സ്വഭാവം മനോരോഗമാണെന്ന് പറയാനാവില്ലെന്ന് കേഡലിനെ പരിശോധിച്ച മനോരോഗ വിദഗ്ധന്‍ ഡോ. മോഹന്‍ റോയിയും വെളിപ്പെടുത്തിയിരുന്നു.
2017 ഏപ്രില്‍ 9ന് പുലര്‍ച്ചെയാണ് ക്ലിഫ് ഹൗസിനു സമീപം ബെയ്ന്‍സ് കോംപൗണ്ടിലെ 117-ാം നമ്പര്‍ വീട്ടില്‍ പ്രഫ. രാജ തങ്കം, ഭാര്യ ഡോ. ജീന്‍ പത്മ, മകള്‍ കരോലിന്‍, ബന്ധു ലളിത എന്നിവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. അച്ഛന്‍, അമ്മ, സഹോദരി എന്നിവരുടെ മൃതദേഹങ്ങള്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലും ബന്ധുവിന്റെ ശരീരം വെട്ടിനുറുക്കി പുഴുവരിച്ച നിലയിലുമായിരുന്നു. കൊലപാതകം നടത്തിയ ശേഷം ഒളിവില്‍ പോയ കേഡല്‍ ജിന്‍സണ്‍ രാജയെ ദിവസങ്ങള്‍ക്കകം പൊലീസ് പിടികൂടുകയായിരുന്നു.
തന്നെ നിരന്തരം അവഗണിച്ച പിതാവിനെ കൊലപ്പെടുത്താനാണ് ആദ്യം പദ്ധതിയിട്ടതെന്നും പിന്നീടു മറ്റുള്ളവരെയും കൊലപ്പെടുത്തിയെന്നുമാണ് പൊലീസ് കണ്ടെത്തല്‍. 2024 നവംബർ 13നാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. 65 ദിവസത്തെ വിചാരണയ്ക്കിടെ 42 സാക്ഷികളെ വിസ്തരിച്ചു. ശാസ്ത്രീയ തെളിവ് ഉൾപ്പെടെ 120 രേഖയും 90 തൊണ്ടിമുതലും ഹാജരാക്കിയിരുന്നു. ആളുകളെ വെട്ടിക്കൊല്ലുന്നത് യൂട്യൂബിൽ കണ്ടതും മഴു ഓൺലൈനിൽ വാങ്ങിയതും പ്രധാന തെളിവായിരുന്നു. കൊലപാതകം, തെളിവ് നശിപ്പിക്കൽ, മാരകായുധം ഉപയോഗിച്ചു പരുക്കേൽപ്പിക്കുക, വീട് നശിപ്പിക്കൽ എന്നിവയ്‌ക്കെതിരായ വകുപ്പുകളാണ് കേഡലിനെതിരെ ചുമത്തിയിരുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates